ട്രാൻസ്ഫർ റൗണ്ടപ്പ്: റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്ത് മെൻഡസ്, ടാമി അബ്രഹാം ചെൽസി വിട്ടു


1. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്ത് ജോർജ് മെൻഡസ്
യുവന്റസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് മാഞ്ചസ്റ്റർ സിറ്റിക്ക് ഓഫർ ചെയ്തുവെന്ന് ഇറ്റാലിയൻ മാധ്യമം കൊറേറോ ഡെല്ലോ സ്പോർട് റിപ്പോർട്ടു ചെയ്തു. യുവന്റസിൽ തുടരാൻ താൽപര്യമില്ലാത്തതിനെ തുടർന്നാണ് താരം മറ്റൊരു ക്ലബ് തേടുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റൊണാൾഡോ നഗര വൈരികളുടെ തട്ടകത്തിലേക്ക് ചേക്കേറുമോയെന്നാണ് ആരാധകർ സംശയിക്കുന്നത്.
2. ടാമി അബ്രഹാം ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് ചേക്കേറി
ചെൽസി സ്ട്രൈക്കറായ ടാമി അബ്രഹാം ഇറ്റാലിയൻ ക്ലബായ റോമയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി. തോമസ് ടുഷെൽ പരിശീലകനായി എത്തിയതോടെ അവസരങ്ങൾ കുറഞ്ഞതാണ് ഇംഗ്ലീഷ് സ്ട്രൈക്കറെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ഇരു ക്ലബുകളും അബ്രഹാമിന്റെ ട്രാൻസ്ഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 40 മില്യൺ യൂറോ ട്രാൻസ്ഫറിൽ അഞ്ചു വർഷത്തെ കരാറിലാണ് താരം റോമയിലെത്തിയത്.
3. ട്രിപ്പിയറെ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടി വരും
ഇംഗ്ലണ്ട് ഫുൾബാക്കായ കീറോൺ ട്രിപ്പിയറെ സ്വന്തമാക്കാൻ താൽപര്യമുള്ള ക്ലബുകൾ വലിയ തുക മുടക്കേണ്ടി വരും. സ്പാനിഷ് മാധ്യമം എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം അറുപതു മില്യൺ യൂറോയാണ് താരത്തിനു വേണ്ടി അത്ലറ്റികോ മാഡ്രിഡ് ആവശ്യപ്പെടുന്നത്. ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾക്കാണ് താരത്തെ സ്വന്തമാക്കാൻ താത്പര്യം.
4. അഞ്ചു താരങ്ങൾക്ക് പുതിയ കരാർ നൽകാൻ ആവശ്യപ്പെട്ട് സോൾഷെയർ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അഞ്ചു താരങ്ങൾക്ക് പുതിയ കരാർ പരിശീലകനായ സോൾഷെയർ ആവശ്യപ്പെട്ടു. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫോഡ്, ലൂക്ക് ഷാ, ഹാരി മാഗ്വയർ, പോൾ പോഗ്ബ എന്നിവരുടെ കരാറുകൾ വേഗം പുതുക്കാനാണ് സോൾഷെയർ ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
5. ചെൽസി താരം എമേഴ്സണെ ലിയോൺ ലക്ഷ്യമിടുന്നു
ചെൽസി ലെഫ്റ്റ് ബാക്കായ എമേഴ്സണെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോൺ രംഗത്ത്. ആദ്യം ലോണിൽ താരത്തെ ടീമിലെത്തിച്ച് പിന്നീട് സ്ഥിരം കരാറിൽ സ്വന്തമാക്കാനാണ് ലിയോൺ ഒരുങ്ങുന്നതെന്ന് എൽ'എക്വിപ്പെ റിപ്പോർട്ടു ചെയ്തു. കുർസാവ, പീറ്റർ ബോസ് എന്നിവരും ലിയോണിന്റെ പട്ടികയിലുണ്ട്.
6. ടോട്ടനം ഹോട്സ്പറിന്റെ ബാംഫോർഡ് മോഹം നടക്കില്ല
ലീഡ്സ് യുണൈറ്റഡ് സ്ട്രൈക്കറായ പാട്രിക്ക് ബാംഫോർഡിനെ സ്വന്തമാക്കാമെന്ന ടോട്ടനത്തിന്റെ മോഹം നടന്നേക്കില്ല. സ്പർസിന്റെ ഓഫർ തഴഞ്ഞ് ലീഡ്സുമായി ദീർഘകാല കരാർ ഒപ്പിടാൻ താരം ഒരുങ്ങുകയാണെന്ന് മിറർ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ സീസണിൽ 17 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്.
7. വ്ലാഹോവിച്ച് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാൻ ധാരണയായെന്നു റിപ്പോർട്ടുകൾ
ഫിയോറെന്റീന സ്ട്രൈക്കറായ ദുസൻ വ്ലാഹോവിച്ചിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ധാരണയിൽ എത്തിയെന്നു ഇറ്റാലിയൻ മാധ്യമമായ കൊറേറോ ഡെല്ലോ സ്പോർട് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ 21 സീരി എ ഗോളുകൾ നേടിയ സെർബിയൻ താരത്തിനു വേണ്ടി 70 മില്യൺ അത്ലറ്റികോ മുടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
8. ഉംറ്റിറ്റിയുടെ കോൺട്രാക്ട് ബാഴ്സലോണ ടെർമിനേറ്റ് ചെയ്തേക്കും
ഉംറ്റിറ്റിയുടെ മനോഭാവം ബാഴ്സലോണക്ക് മടുപ്പുളവാക്കിയിട്ടുണ്ടെന്നും, മറ്റുള്ള ക്ലബുകളിൽ നിന്ന് ലഭിച്ചിട്ടുള്ള ഓഫറുകൾ സ്വീകരിക്കാൻ താരത്തിന് ഒരു ആഴ്ചത്തെ സമയം കാറ്റലൻ ക്ലബ് നൽകിയിട്ടുണ്ടെന്നും സ്പോർട് റിപ്പോർട്ട് ചെയ്തു. ഈ സമയത്തിനുള്ളിൽ തനിക്ക് മുന്നിലുള്ള ഓഫറുകളിൽ ഒന്ന് സ്വീകരിച്ച് ബാഴ്സ വിടാൻ ഉംറ്റിറ്റി തയ്യാറായില്ലെങ്കിൽ, താരത്തിന്റെ കോൺട്രാക്ട് ബാഴ്സ ടെർമിനേറ്റ് ചെയ്തേക്കുമെന്ന് സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.