ട്രാൻസ്ഫർ റൗണ്ടപ്പ്: പോഗ്ബ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നു, കുട്ടീന്യോയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബിന് ഓഫർ


1. അടുത്ത സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ പോഗ്ബ ലക്ഷ്യമിടുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബ അടുത്ത സമ്മറിൽ റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ ലക്ഷ്യമിടുന്നുവെന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും പോഗ്ബ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നാല് അസിസ്റ്റുകൾ ഫ്രഞ്ച് താരം സ്വന്തമാക്കിയിരുന്നു.
2. കുട്ടീന്യോയെ ലാസിയോക്ക് ഓഫർ ചെയ്ത് ഏജന്റ്
ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ഫിലിപ്പെ കുട്ടീന്യോയെ താരത്തിന്റെ ഏജന്റായ കിയാ ജൂർബിച്ചിയാൻ ഇറ്റാലിയൻ ക്ലബായ ലാസിയോക്ക് ഓഫർ ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആൻഡ്രിയാസ് പെരേരയുടെ ലോൺ കരാറിനൊപ്പമാണ്
ജൂർബിച്ചിയാൻ ഓഫർ നൽകിയത്. സമ്മറിൽ ബാഴ്സലോണ ഒഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് കുട്ടീന്യോ.
3. ബ്രസീലിയൻ സ്ട്രൈക്കറെ ലക്ഷ്യമിട്ട് അത്ലറ്റികോ മാഡ്രിഡ്
ഹെർത്ത ബെർലിന്റെ ബ്രസീലിയൻ സ്ട്രൈക്കറായ മത്തേവൂസ് കുന്യയെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡിന് താൽപര്യമുണ്ടെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തി. വ്ലാഹോവിച്ചിനെ ഫിയോറെന്റീന വിട്ടു കൊടുക്കാൻ തയ്യാറാവാത്തതും റാഫ മിറിന്റെ ട്രാൻസ്ഫറിൽ പുരോഗമനം ഇല്ലാത്തതുമാണ് പുതിയ സ്ട്രൈക്കറെ ലക്ഷ്യമിടാൻ അത്ലറ്റികോയെ പ്രേരിപ്പിക്കുന്നത്.
4. ടാമി അബ്രഹാം റോമ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ഒരുങ്ങുന്നു
ചെൽസി സ്ട്രൈക്കറായ ടാമി അബ്രഹാം ഇറ്റാലിയൻ ക്ലബായ റോമയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നു. ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം നാൽപതു മില്യൺ യൂറോയാണ് ഇംഗ്ലീഷ് സ്ട്രൈക്കർക്കു വേണ്ടി റോമ ചിലവഴിക്കുക. ലുക്കാക്കു എത്തിയതോടെ ചെൽസിയിൽ അവസരങ്ങൾ ഇല്ലാതാകുമെന്ന് ഉറപ്പായതാണ് അബ്രഹാം ക്ലബ് വിടാൻ കാരണമായത്.
5. അർജന്റീന താരം ബെനെഡിറ്റോ റയൽ ബെറ്റിസിലേക്ക്
മാഴ്സയുടെ അർജന്റീന സ്ട്രൈക്കറായ ഡാരിയോ ബെനെഡിറ്റോ ലാ ലിഗ ക്ലബായ റയൽ ബെറ്റിസിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. ലെ 10 സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോണിലാണ് ബെനെഡിറ്റോ റയൽ ബെറ്റിസിലെത്തുന്നത്. മിലിക്ക് ടീമിലെത്തിയതോടെ ബാക്കപ്പ് സ്ട്രൈക്കർ ആകേണ്ടി വന്നതാണ് മുപ്പത്തിയൊന്നുകാരൻ ഫ്രാൻസ് വിടാൻ കാരണമായത്.
6. ഡീഗോ കോസ്റ്റ ഇനി മുതൽ അത്ലറ്റികോ മിനേറൊ താരം
മുൻ അത്ലറ്റികോ മാഡ്രിഡ്, ചെൽസി താരമായ ഡീഗോ കോസ്റ്റ ഇനി മുതൽ ബ്രസീലിയൻ ക്ലബായ അത്ലറ്റിക് മിനെറോയിൽ കളിക്കും. കഴിഞ്ഞ സീസണിൽ അത്ലറ്റികോയുമായുള്ള കരാർ അവസാനിച്ച താരം ഒരു വർഷത്തെ കരാറിലാണ് ക്ലബിലെത്തിയത്. താരത്തിന്റെ സൈനിങ് പൂർത്തിയായെന്ന് ബ്രസീലിയൻ ക്ലബ് പ്രഖ്യാപിച്ചിട്ടുണ്ട്.
7. ഒഡേഗാർഡ് ആഴ്സണലിലേക്ക് തിരിച്ചെത്താൻ സാധ്യത
റയൽ മാഡ്രിഡ് താരമായ മാർട്ടിൻ ഒഡേഗാർഡ് ആഴ്സണലിലേക്ക് തിരിച്ചെത്താൻ സാധ്യത. കഴിഞ്ഞ സീസണിലേതു പോലെ ലോണിലാണ് താരം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുകയെന്നു സൺഡേ മിറർ പറയുന്നു. റയലിൽ താരത്തിന് അവസരങ്ങൾ കുറയുമെന്ന് പരിശീലകൻ ആൻസലോട്ടി സൂചനകൾ നൽകിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.