ട്രാൻസ്‌ഫർ റൗണ്ടപ്പ്: ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് വീണ്ടും തിരുത്താൻ മാഞ്ചസ്റ്റർ സിറ്റി, ഒബാമയാങ് പുറത്തേക്ക്
By Sreejith N

1. ഹാരി കെയ്‌നിനു വേണ്ടി ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് വീണ്ടും തിരുത്താൻ മാഞ്ചസ്റ്റർ സിറ്റി
ടോട്ടനം ഹോട്സ്‌പർ താരമായ ഹാരി കെയ്‌നിനു വേണ്ടി ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തിരുത്താൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറെടുക്കുന്നു. നേരത്തെ 100 മില്യൺ പൗണ്ടിന്റെ റെക്കോർഡ് ട്രാൻസ്ഫറിൽ ജാക്ക് ഗ്രീലീഷിനെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി കേനിനു വേണ്ടി 127 മില്യൺ പൗണ്ട് മുടക്കാൻ തയ്യാറാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്‌തു. അതേസമയം 150 മില്യനാണ് ടോട്ടനം പ്രതീക്ഷിക്കുന്നത്.
2. ഒബാമയാങ്ങിനെ ഒഴിവാക്കാൻ ആഴ്‌സണൽ ഒരുങ്ങുന്നു
ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ടീമിന്റെ നായകനായ പിയറി എമറിക്ക് ഒബാമയാങ്ങിനെ വിൽക്കുന്ന കാര്യം ആഴ്‌സണൽ പരിഗണിക്കുന്നു. ആഴ്‌സണലിനും താരത്തിനും അനുയോജ്യമായി തോന്നുന്ന ഒരു ഓഫർ ലഭിച്ചാൽ ഗാബോൺ താരത്തെ ഒഴിവാക്കാനാണ് അർടെട്ട ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയ പ്രകടനമാണ് ഒബാമയാങ് ആഴ്‌സണലിനു വേണ്ടി പുറത്തെടുത്തത്.
3. ലെവൻഡോസ്‌കിയെ സ്വന്തമാക്കാനുള്ള അവസരം ചെൽസി വേണ്ടെന്നു വെച്ചു
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്‌കിയെ സ്വന്തമാക്കാൻ ലഭിച്ച അവസരം ചെൽസി വേണ്ടെന്നു വെച്ചുവെന്ന് ജർമൻ മാധ്യമം ദി ബിൽഡ് റിപ്പോർട്ടു ചെയ്‌തു. ഏജന്റായ പിനി സഹാവി ലെവൻഡോസ്‌കിയെ ഓഫർ ചെയ്തുവെങ്കിലും മുപ്പത്തിരണ്ട് വയസായ താരത്തിന് എൺപതു മില്യൺ ബയേൺ ആവശ്യപ്പെട്ടതു കൊണ്ടാണ് ചെൽസി യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറുടെ ട്രാൻസ്‌ഫർ പരിഗണിക്കാതിരുന്നത്.
4. വാൻ ഡൈക്കും ലിവർപൂളുമായി ദീർഘകാലത്തേക്ക് കരാർ പുതുക്കി
പ്രതിരോധ താരമായ വിർജിൽ വാൻ ഡൈക്കും ലിവർപൂളുമായി ദീർഘകാലത്തേക്ക് കരാർ പുതുക്കി. പരിക്കിൽ നിന്നും മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചു വന്ന താരം 2025 വരെയാണ് പുതിയ കരാർ ഒപ്പിട്ടിരിക്കുന്നത്. ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്, ഫാബിന്യോ, അലിസൺ എന്നിവർക്കു പിന്നാലെയാണ് വാൻ ഡൈക്കും കരാർ പുതുക്കിയത്.
5. ബെൻഫിക്കയിൽ നിന്നുള്ള ഓഫർ വേണ്ടെന്നു വെച്ച് ഉംറ്റിറ്റി
ബെൻഫിക്കയുടെ ട്രാൻസ്‌ഫർ ഓഫർ തുടക്കത്തിലേ തഴഞ്ഞ് ബാഴ്‌സലോണ പ്രതിരോധ താരം സാമുവൽ ഉംറ്റിറ്റി. മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയേഴു വയസുള്ള താരത്തിനു വേണ്ടി പത്ത് മില്യൺ യൂറോ പോർച്ചുഗീസ് ക്ലബ് ഓഫർ ചെയ്‌തെങ്കിലും ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് ഉംറ്റിറ്റിക്ക് താൽപര്യം.
6. അർജന്റീന താരത്തെ നൽകി പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ അത്ലറ്റികോ മാഡ്രിഡ്
അർജന്റീന താരമായ നെഹ്‌വെൻ പെരസിനെ നൽകി ഫിയോറെന്റീന സ്‌ട്രൈക്കർ ദുസൻ വ്ലാഹോവിച്ചിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നതായി ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയ താരമാണ് വ്ലാഹോവിച്ച്.
7. ലകസറ്റയും റോമയുടെ റഡാറിൽ
ആഴ്‌സണൽ സ്‌ട്രൈക്കറായ അലക്‌സാൻഡ്രെ ലകസറ്റയെ റോമ ടീമിലെത്തിക്കാൻ പരിഗണിക്കുന്നതായി ആൽഫ്രഡോ പെഡുല്ല റിപ്പോർട്ടു ചെയ്യുന്നു. ചെൽസി സ്‌ട്രൈക്കറായ ടാമി എബ്രഹാം ആണ് റോമയുടെ പട്ടികയിൽ മുന്നിലുള്ളതെങ്കിലും താരത്തെ ലഭിച്ചില്ലെങ്കിൽ ഫ്രഞ്ച് സ്‌ട്രൈക്കറെ റോമ സ്വന്തമാക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.