Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: റുഡിഗറെ നോട്ടമിട്ട് റയൽ മാഡ്രിഡ്, ഇൻസിനയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ

Sreejith N
Antonio Rudiger
Antonio Rudiger / Chloe Knott - Danehouse/Getty Images
facebooktwitterreddit

1. അന്റോണിയോ റുഡിഗറെ നോട്ടമിട്ട് റയൽ മാഡ്രിഡ്

സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവർ ക്ലബ് വിട്ടതോടെ പ്രതിരോധത്തിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന റയൽ മാഡ്രിഡ് ചെൽസി താരം അന്റോണിയോ റുഡിഗറിനെ നോട്ടമിടുന്നുണ്ടെന്ന് സ്കൈ സ്‌പോർട്സ് റിപ്പോർട്ടു ചെയ്‌തു. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന താരത്തെ ചെറിയ തുകക്ക് സ്വന്തമാക്കാൻ കഴിയുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. ഇതുവരെയും ചെൽസി കരാർ പുതുക്കുന്നതിനോട് റുഡിഗർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

2. നാപ്പോളി താരം ഇൻസിനയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ

ഇറ്റലിക്ക് യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുന്നേറ്റനിര താരം ലോറെൻസോ ഇൻസിനെയെ സ്വന്തമാക്കാൻ ഇന്റർ മിലാനു താത്പര്യമുണ്ടെന്ന് ജിയാൻലൂക്ക ഡി മർസിയോ പുറത്തു വിട്ടു. മുപ്പതുകാരനായ താരത്തിന്റെ കരാർ അടുത്ത സീസണിൽ അവസാനിക്കും എന്നതിനാൽ ഈ സമ്മറിൽ തന്നെ ഇൻസിനയെ വിട്ടുകൊടുക്കാൻ നാപ്പോളി തയ്യാറായേക്കും.

3. ഡീഗോ കോസ്റ്റ ബ്രസീലിയൻ ലീഗിലേക്ക്

മുൻ അത്ലറ്റികോ മാഡ്രിഡ് താരമായ ഡീഗോ കോസ്റ്റ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. ഡിസംബറിൽ അത്ലറ്റികോ മാഡ്രിഡ് വിട്ട താരം അത്ലറ്റികോ മിനേരോയുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടുവെന്ന് ഗോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബ്രസീലിലാണ് ജനിച്ചതെങ്കിലും കോസ്റ്റ ഇതുവരെയും ബ്രസീലിയൻ ലീഗിൽ കളിച്ചിട്ടില്ല.

4. അത്ലറ്റികോ മാഡ്രിഡുമായി കരാർ പുതുക്കി സാവിച്ച്

അത്ലറ്റികോ മാഡ്രിഡ് പ്രതിരോധ താരമായ സ്റ്റെഫാൻ സാവിച്ച് ക്ലബുമായി കരാർ പുതുക്കി. ആറു വർഷമായി അത്ലറ്റികോ മാഡ്രിഡിനൊപ്പം കളിക്കുന്ന മോണ്ടിനെഗ്രോ താരമായ സാവിച്ച് 2024 വരെയാണ് ക്ലബുമായി കരാർ നീട്ടിയത്. അത്ലറ്റികോ മാഡ്രിഡിൽ കളിക്കാൻ തുടങ്ങിയതിനു ശേഷം 72 ക്ലീൻഷീറ്റുകൾ ടീമിന് നേടിക്കൊടുക്കാൻ സാവിച്ച് സഹായിച്ചിട്ടുണ്ട്.

5. ഷക്കിരി ഫ്രഞ്ച് ലീഗിലേക്ക്

ലിവർപൂൾ വിങ്ങറായ ഷകിരി ഫ്രഞ്ച് ക്ലബായ ലിയോണിലേക്ക് ചേക്കേറാൻ സാധ്യത. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം താരം ലിയോണുമായി വ്യക്തിപരമായി കരാർ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ട്രാൻസ്‌ഫർ ഫീസിന്റെ കാര്യത്തിൽ ക്ലബുകൾ തമ്മിൽ ധാരണയായിട്ടില്ല.

6. ടാമി അബ്രഹാമിനെ സ്വന്തമാക്കാൻ ചെൽസിയുമായി റോമ ധാരണയിലെത്തി

ടാമി അബ്രഹാമിന്റെ ട്രാൻസ്ഫറിൽ ചെൽസിയും ഇറ്റാലിയൻ ക്ലബായ റോമയും തമ്മിൽ ധാരണയിൽ എത്തിയതായി സ്കൈ സ്പോർട്സ് വ്യക്തമാക്കി. ഇരു ക്ലബുകളും തമ്മിൽ 34 മില്യൺ പൗണ്ട് മൂല്യമുള്ള കരാറിനാണ് ധാരണയിൽ എത്തിയതെങ്കിലും ട്രാൻസ്ഫറിന് ഇംഗ്ലണ്ട് താരം ഇതുവരെയും സമ്മതം മൂളിയിട്ടില്ല. സീക്കോക്ക് പകരക്കാരനായാണ് റോമ ചെൽസി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

7. ഡംഫ്രൈസ് ഇന്റർ മിലാനിലേക്ക്

യൂറോ കപ്പിൽ ഹോളണ്ടിനു വേണ്ടി മിന്നിത്തിളങ്ങിയ ഡെൻസെൽ ഡംഫ്രൈസിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ധാരണയിൽ എത്തിയെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ട്രാൻസ്‌ഫർ പിഎസ്‌വി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit