ട്രാൻസ്ഫർ റൗണ്ടപ്പ്: റെനാറ്റോ സാഞ്ചസ് ബാഴ്സയിലേക്ക് ചേക്കേറാൻ സമ്മതമറിയിച്ചു, റൊമേരോ ലാ ലിഗയിലേക്ക്


1. റെനാറ്റോ സാഞ്ചസ് ബാഴ്സയിലേക്ക് ചേക്കേറാൻ സമ്മതമറിയിച്ചു
പോർച്ചുഗീസ് മധ്യനിര താരമായ റെനാറ്റോ സാഞ്ചസ് ബാഴ്സയിലേക്ക് ചേക്കേറാൻ സമ്മതം അറിയിച്ചതായി ഫ്രഞ്ച് മാധ്യമമായ ലെ10 സ്പോർട് റിപ്പോർട്ടു ചെയ്തു. എന്നാൽ സാഞ്ചസിനെ സ്വന്തമാക്കാനുള്ള തുക ബാഴ്സയുടെ കയ്യിൽ ഇല്ലാത്തതിനാൽ ലില്ലെയുമായി ലോൺ കരാറിന് ധാരണയിൽ എത്താനാണ് ബാഴ്സ ശ്രമിക്കുന്നത്. അടുത്ത വർഷം താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള ഉടമ്പടി വെക്കും.
2. സെർജിയോ റൊമേരോ ലാ ലിഗയിലേക്ക്
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ സെർജിയോ റൊമേരോ സ്പാനിഷ് ക്ലബായ ഗ്രാനഡയിലേക്ക് ചേക്കേറുമെന്ന് ഐഡിയൽ റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ അവസാനിച്ച താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് ലാ ലിഗ ക്ലബ് സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്.
3. ടോറിനോയുമായി കരാർ പുതുക്കാതെ ബെലോട്ടി
ടോറിനോ നാലു വർഷത്തെ കരാർ ഓഫർ ചെയ്തെങ്കിലും അതു സ്വീകരിക്കാതെ ഇറ്റാലിയൻ സ്ട്രൈക്കർ ആന്ദ്രേ ബെലോട്ടി. ഒരു സീസണിൽ മൂന്നു മില്യണിലധികം യൂറോ പ്രതിഫലമായി നൽകാമെന്ന വാഗ്ദാനമാണ് ബെലോട്ടി നിരസിച്ചതെന്ന് സ്കൈ സ്പോർട് വ്യക്തമാക്കുന്നു. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരം ഒരുങ്ങുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
4. ലുക്കാക്കുവിനു പകരക്കാരെ കണ്ടെത്തി ഇന്റർ മിലാൻ
ചെൽസിയിലേക്ക് ചേക്കേറാൻ സാധ്യതയുള്ള ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനു പകരക്കാരെ കണ്ടെത്തി ഇന്റർ മിലാൻ. അറ്റലാന്റ സ്ട്രൈക്കർ സപ്പട്ട, റോമ മുന്നേറ്റനിര താരം സീക്കോ എന്നിവരെയാണ് ഇന്റർ നോട്ടമിടുന്നതെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു.
5. റാഫ മിർ അത്ലറ്റികോ മാഡ്രിഡിലേക്ക്
വോൾവ്സ് താരമായ റാഫ മിറിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് തയ്യാറെടുക്കുന്നുവെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. ട്രാൻസ്ഫർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് മാർക്കയെ പരാമർശിച്ചാണ് റൊമാനൊ വെളിപ്പെടുത്തിയത്. ഒളിമ്പിക്സിൽ ഐവറി കോസ്റ്റിനെതിരെ സ്പെയിന് വേണ്ടി മിർ ഹാട്രിക്ക് നേടിയിരുന്നു.
6. കുബോ മയോർക്കയിലേക്ക് ചേക്കേറും
ജാപ്പനീസ് മെസിയെന്നറിയപ്പെടുന്ന ടാകെഫുസെ കുബോ മയോർക്കയിലേക്ക് ലോണിൽ ചേക്കേറാൻ ഒരുങ്ങുന്നു. റയൽ സോസിഡാഡിന്റെ വെല്ലുവിളി അതിജീവിച്ചാണ് ഇരുപതുകാരനായ റയൽ മാഡ്രിഡ് താരത്തെ മയോർക്ക സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. മൂന്നാമത്തെ സീസണിലാണ് കുബോയെ റയൽ മാഡ്രിഡ് ലോണിൽ വിടുന്നത്.
7. ലിവർപൂൾ താരത്തിനായി നാലു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്
ലിവർപൂൾ പ്രതിരോധതാരമായ നതാനിയൽ ഫിലിപ്സിനു വേണ്ടി നാലു പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്തുണ്ടെന്ന് ദി അത്ലറ്റികിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തിനായി ന്യൂകാസിൽ, ബേൺലി, ബ്രൈറ്റൻ, സൗത്താംപ്ടൺ എന്നീ ക്ലബുകളാണ് ശ്രമം നടത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.