ട്രാൻസ്ഫർ റൗണ്ടപ്പ്: മാഞ്ചസ്റ്റർ സിറ്റി താരത്തിനായി ന്യൂകാസിലും എവർട്ടണും, പെരിസിച്ചിനെ ടോട്ടനം സ്വന്തമാക്കി


1. സിൻചെങ്കോയെ സ്വന്തമാക്കാൻ ന്യൂകാസിലും എവർട്ടണും
മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്കായ ഒലക്സാണ്ടർ സിൻചെങ്കോയെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ്, എവർട്ടൺ എന്നീ ക്ലബുകൾ ശ്രമം നടത്തുന്നതായി ദി അത്ലറ്റിക് റിപ്പോർട്ടു ചെയ്തു. സീസണിൽ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും എത്തിഹാദിൽ താരത്തിന്റെ ഭാവി തീരുമാനമായിട്ടില്ല.
2. പെരിസിച്ച് ടോട്ടനത്തിലെത്തി
ഇന്റർ മിലാൻ താരമായിരുന്ന ഇവാൻ പെരിസിച്ചിനെ ടോട്ടനം ഹോസ്പർ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയെന്ന് സ്ഥിരീകരിച്ചു. മുപ്പത്തിമൂന്നു വയസുള്ള താരം രണ്ടു വർഷത്തെ കരാറാണ് ടോട്ടനവുമായി ഒപ്പു വെച്ചിരിക്കുന്നത്.
3. മൈറ്റ്ലാൻഡ് നൈൽസ് റോമ വിടുന്നു
ആഴ്സണൽ താരമായ മൈറ്റ്ലാൻഡ് നൈൽസ് അടുത്ത സീസണിൽ റോമയിലെ ലോൺ കരാർ അവസാനിച്ചതോടെ ക്ലബ് വിട്ടു. മൗറീന്യോയുടെ കീഴിൽ ടീമിൽ അവസരങ്ങൾ കുറവായിരുന്ന താരം 12 മത്സരങ്ങളിൽ മാത്രമാണ് കളിച്ചതെങ്കിലും കോൺഫറൻസ് ലീഗ് കിരീടനേട്ടത്തിൽ പങ്കാളിയായി.
4. ആരോൺ വാൻ ബിസാക്കയെ റോമ നോട്ടമിടുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾ ബാക്കായ ആരോൺ വാൻ ബിസാക്കയെ റോമ ലക്ഷ്യമിടുന്നതായി ഇക്രം കോനൂർ വെളിപ്പെടുത്തി. എറിക് ടെൻ ഹാഗിന് ബിസാക്കയിൽ താൽപര്യമില്ലാത്തതിനാൽ താരത്തെ വിൽക്കാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
5. എസ്പാന്യോളിൽ പുതിയ പരിശീലകനെത്തി
ലാ ലിഗ ക്ലബായ എസ്പാന്യോളിനു പുതിയ പരിശീലകനെത്തി. ഒരു വര്ഷം മുൻപ് ഗ്രനാഡ വിട്ട ഡീഗോ മാർട്ടിനസിനെ സ്വന്തമാക്കിയെന്ന് എസ്പാന്യോൾ സ്ഥിരീകരിച്ചു. രണ്ടു വർഷത്തെ കരാറിലാണ് ഡീഗോ മാർട്ടിനസ് സ്പാനിഷ് ക്ലബിൽ എത്തിയത്.
6. നുനോ മെൻഡസിനെ പിഎസ്ജി സ്ഥിരം കരാറിൽ സ്വന്തമാക്കി
പോർച്ചുഗീസ് ഫുൾ ബാക്കായ നുനോ മെൻഡസിനെ പിഎസ്ജി സ്ഥിരം കരാറിൽ സ്വന്തമാക്കി. സ്പോർട്ടിങ്ങിൽ നിന്നും ലോണിൽ ക്ളബിലെത്തിയ താരം നടത്തിയ മികച്ച പ്രകടനം മൂലമാണ് നാൽപതു മില്യൺ യൂറോയുടെ ക്ലോസ് പിഎസ്ജി ഉപയോഗപ്പെടുത്തിയത്. 2026 വരെയാണ് താരത്തിന്റെ കരാർ.
7. ബ്രൈത്ത്വൈറ്റിനെ ലോണിൽ വിടാനൊരുങ്ങി ബാഴ്സ
മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം മാർട്ടിൻ ബ്രൈത്ത്വൈറ്റിനെ ലോൺ കരാറിൽ വിടാൻ ബാഴ്സലോണ ഒരുങ്ങുന്നു. ഈ സീസണിൽ നാല് ലീഗ് മത്സരങ്ങളിൽ മാത്രമേ കളിച്ചുള്ളൂവെങ്കിലും ബാഴ്സ വിടാൻ താൽപര്യമില്ലാത്ത താരത്തിനായി വലൻസിയ, സെൽറ്റ, ബ്രൈറ്റൻ എന്നീ ക്ലബുകൾ രംഗത്തുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.