ട്രാൻസ്ഫർ റൗണ്ടപ്പ്: വമ്പൻ തുകയുടെ ട്രാൻസ്ഫർ പൂർത്തിയാക്കി ലിവർപൂൾ, വാൻ ഡി ബീക്ക് എവർട്ടണിലേക്ക്


1. ലൂയിസ് ഡയസിനെ സ്വന്തമാക്കിയതു പ്രഖ്യാപിച്ച് ലിവർപൂൾ,
പോർട്ടോ വിങ്ങറായ ലൂയിസ് ഡയസിനെ സ്വന്തമാക്കിയത് ലിവർപൂൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇപ്പോഴത്തെ ട്രാൻസ്ഫർ തുകയും ആഡ് ഓണുകളുമടക്കം അൻപതു മില്യണിന്റെ കരാറിലാണ് കഴിഞ്ഞ കോപ്പ അമേരിക്കയിൽ ടോപ് സ്കോററായിരുന്ന താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്. ടോട്ടനത്തെ മറികടന്നാണ് ഡയസ് ലിവർപൂളിലെത്തിയത്.
2. വാൻ ഡി ബീക്ക് എവർട്ടണിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ ഡോണി വാൻ ഡി ബീക്ക് എവർട്ടണിലേക്ക് ചേക്കേറാനുള്ള ധാരണയായെന്ന് ദി ഗാർഡിയൻ വ്യക്തമാക്കി. ഈ സീസൺ കഴിയുന്നതു വരെയുള്ള ലോൺ കരാറിൽ താരത്തിന്റെ മുഴുവൻ ശമ്പളവും എവർട്ടൺ നൽകും. ലംപാർഡിനെ പരിശീലകനായും പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് എവർട്ടൺ.
3. ബെന്റാങ്കർ ടോട്ടനം ഹോസ്പറിലേക്ക്
യുവന്റസ് മധ്യനിര താരമായ റോഡ്രിഗോ ബെന്റാങ്കർ ടോട്ടനം ഹോസ്പറിലേക്ക് ചേക്കേറാനൊരുങ്ങുന്നു. പതിനാറു മില്യൺ യൂറോയും ആഡ് ഓണുകളുമുള്ള കരാറിലാണ് യുറുഗ്വായ് താരം പ്രീമിയർ ലീഗിലേക്കെത്തുന്നതെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു. യുവന്റസിൽ നിന്നും കുലുസേവ്സ്കിയെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഈ ട്രാൻസ്ഫർ.
4. ഡീൻ ഹെൻഡേഴ്സൺ ന്യൂകാസിലിൽ എത്തിയേക്കും
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങളില്ലാത്ത ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ ന്യൂകാസിലിലേക്ക് ചേക്കേറാൻ സാധ്യത. ടോക്ക്സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒരു ഷോട്ട് സ്റ്റോപ്പറെ തേടുന്ന ന്യൂകാസിൽ ഹെൻഡേഴ്സണെ ലോൺ കരാറിൽ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആഴ്സണൽ താരം ലെനോയിലും അവർക്ക് താൽപര്യമുണ്ട്.
5. എഡിസൺ കവാനിയെ ലക്ഷ്യമിട്ട് ബൊക്ക ജൂനിയേഴ്സ്
ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ എഡിസൺ കവാനിയിൽ കണ്ണും നട്ട് ബൊക്ക ജൂനിയേഴ്സ്. മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം അൽവാരസ് പോയതോടെ കവാനിയുടെ വേതന ഡിമാന്റുകൾ അംഗീകരിക്കാൻ ബൊക്ക ജൂനിയേഴ്സിനു കഴിയും. ഈ സീസണു ശേഷമാണ് താരത്തെ ബൊക്ക നോട്ടമിടുന്നത്.
6. കാൾവർട്ട് ലെവിനു വേണ്ടിയുള്ള ആഴ്സനലിന്റെ നീക്കം തടഞ്ഞ് ലംപാർഡ്
എവർട്ടൺ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ധാരണയായതിനു ശേഷം ലംപാർഡ് ആദ്യം ചെയ്തത് സ്ട്രൈക്കറായ കാൾവർട്ട് ലെവിനു വേണ്ടിയുള്ള ആഴ്സണലിന്റെ നീക്കം തടയുകയായിരുന്നുവെന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ടു ചെയ്തു. ഇതോടെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു സ്ട്രൈക്കറെ സ്വന്തമാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ആഴ്സണൽ.
7. പിഎസ്ജി സ്വന്തമാക്കിയില്ലെങ്കിൽ എൻഡോംബലെ ലിയോണിലെത്തും
പിഎസ്ജിക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ടോട്ടനം താരം എൻഡോംബലെ തന്റെ മുൻ ക്ലബായ ലിയോണിലേക്ക് ചേക്കേറുമെന്ന് ആർഎംസി സ്പോർട് വ്യക്തമാക്കി. പിഎസ്ജിക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെങ്കിലും സ്ക്വാഡിലെ താരങ്ങളെയൊന്നും ജനുവരിയിൽ വിൽക്കാൻ കഴിയാത്തതിനാലാണ് താരത്തെ കൈവിടേണ്ടി വരുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.