ട്രാൻസ്ഫർ റൗണ്ടപ്പ്: ബെല്ലെറിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ്, സിമിയോണിക്കായി രണ്ടു സ്പാനിഷ് ക്ലബുകൾ രംഗത്ത്


1. ഹെക്ടർ ബെല്ലെറിനെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ്
ഹെക്ടർ ബെല്ലെറിനെ സ്വന്തമാക്കാൻ ആഴ്സണലുമായി അത്ലറ്റികോ മാഡ്രിഡ് ചർച്ചകൾ നടത്തുന്നതായി എൽഡെസ്മാർക്വ വെളിപ്പെടുത്തുന്നു. കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിനായി ലോണിൽ കളിക്കുമ്പോൾ മികച്ച പ്രകടനം നടത്തിയ താരത്തെ സ്ഥിരം കരാറിൽ ടീമിന്റെ ഭാഗമാക്കാനാണ് അത്ലറ്റികോ ഒരുങ്ങുന്നത്.
2. ജിയോവാനി സിമിയോണിക്കായി സെവിയ്യയും വിയ്യാറയലും രംഗത്ത്
കഴിഞ്ഞ സീസണിൽ ഹെല്ലാസ് വെറോണക്കു വേണ്ടി പതിനേഴു സീരി എ ഗോളുകൾ നേടിയ അർജന്റീന താരം ജിയോവാനി സിമിയോണിയെ ടീമിലെത്തിക്കാൻ സ്പാനിഷ് ക്ളബുകളായ സെവിയ്യയും വിയ്യാറയലും ശ്രമം നടത്തുന്നതായി ഗോൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ സമ്മറിൽ സ്വന്തമാക്കിയ താരത്തെ ഇരുപതു മില്യൺ യൂറോക്ക് വിട്ടുകൊടുക്കാൻ ഇറ്റാലിയൻ ക്ലബ് ഒരുക്കമാണ്.
3. റിച്ചാർലിസണിനെ സ്വന്തമാക്കാൻ ടോട്ടനം
എവർട്ടണിന്റെ ബ്രസീലിയൻ സ്ട്രൈക്കർ റിച്ചാർലിസൺ ടോട്ടനം ഹോസ്പറിലേക്ക് ചേക്കേറാനുള്ള ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. ഹാരി വിങ്ക്സിനെ ട്രാൻസ്ഫർ ഡീലിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
4. ലിസാൻഡ്രോ മാർട്ടിനസിനായി നാൽപതു മില്യൺ ഓഫർ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്
അയാക്സിന്റെ അർജന്റീനിയൻ പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ നാൽപതു മില്യൺ യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ ചെയ്തതായി ടോക്സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. ഇരുപത്തിനാലു വയസുള്ള താരത്തിനായി ആഴ്സണലും രംഗത്തുള്ളത് കൊണ്ടാണ് ഓഫർ തുക മാഞ്ചസ്റ്റർ യുണൈറ്റഡ് വർധിപ്പിച്ചത്.
5. ലൂക്ക ജോവിച്ച് ഫിയോറെന്റീനയിലേക്ക്
റയൽ മാഡ്രിഡ് സ്ട്രൈക്കറായ ലൂക്ക ജോവിച്ച് ഇറ്റാലിയൻ ക്ലബ് ഫിയോറെന്റീനയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നതായി സ്കൈ ഇറ്റാലിയ വെളിപ്പെടുത്തുന്നു. ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ടിൽ നിന്നും റയൽ മാഡ്രിഡിലെത്തിയ താരം 51 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ മാത്രമാണ് നേടിയിരിക്കുന്നത്. ലോൺ കരാറിലാണ് ജോവിച്ച് ഫിയോറെന്റീനയിലേക്ക് ചേക്കേറുന്നത്.
6. സീക്കോയെ ഇന്റർ മിലാൻ ഒഴിവാക്കും
കാൽസിയോമെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ബോസ്നിയൻ സ്ട്രൈക്കറായ എഡിൻ സീക്കോയെ ഇന്റർ മിലാൻ ഒഴിവാക്കാൻ തയ്യാറെടുക്കുന്നു. ഗട്ടൂസോ മാനേജരായ സ്പാനിഷ് ക്ലബായ വലൻസിയക്ക് താരത്തിൽ താൽപര്യമുണ്ടെങ്കിലും വേതനവ്യവസ്ഥകൾ താങ്ങാൻ അവർക്ക് കഴിയില്ല.
7. ബോട്ട്മാൻ ന്യൂകാസിൽ യുണൈറ്റഡ് ട്രാൻസ്ഫർ പൂർത്തിയാക്കി
ലില്ലെ താരമായ സ്വെൻ ബോട്ട്മാനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കി. അലക്സ് മർഫി, നിക്ക് പോപ്പെ, മാറ്റ് ടാർഗറ്റ് എന്നിവർക്ക് ശേഷം ന്യൂകാസിൽ യുണൈറ്റഡ് ഈ സമ്മറിൽ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ഡച്ച് പ്രതിരോധതാരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.