ട്രാൻസ്‌ഫർ റൗണ്ടപ്പ്: പിഎസ്‌ജി പ്രൊജക്റ്റിൽ സിദാൻ തൃപ്‌തനല്ല, ലൊ സെൽസോക്കു വിലയിട്ട് ടോട്ടനം
By Sreejith N

1. പിഎസ്‌ജി പ്രൊജക്റ്റിൽ സിദാനു തൃപ്‌തിയില്ല
പിഎസ്‌ജിയുടെ പ്രൊജക്റ്റിൽ തൃപ്‌തനല്ലാത്ത സിദാൻ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നുവെന്ന് ടെലിഫൂട്ട് റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സമ്മറിൽ ക്ലബ്ബിനെ നയിക്കാൻ സിദാനെ മാത്രമാണ് നിലവിൽ പിഎസ്‌ജി പരിഗണിക്കുന്നത്.
2. ലൊ സെൽസോക്കു വിലയിട്ട് ടോട്ടനം
ജിയോവാനി ലോ സെൽസോയെ സ്വന്തമാക്കാൻ 17 മില്യൺ പൗണ്ട് നൽകണമെന്ന് ടോട്ടനം ആവശ്യപ്പെട്ടതായി ദി സൺ റിപ്പോർട്ടു ചെയ്‌തു. ജനുവരി മുതൽ ലൊ സെൽസോ ലോണിൽ കളിച്ചിരുന്ന വിയ്യാറയലാണ് താരത്തിനായി രംഗത്തുള്ളത്.
3. പെരിസിച്ച് ഈയാഴ്‌ച ടോട്ടനം കരാർ ഒപ്പിടും
ഇവാൻ പെരിസിച്ച് ഈയാഴ്‌ച തന്നെ ടോട്ടനം ഹോസ്‌പർ കരാർ ഒപ്പിടുമെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നു. രണ്ടു വർഷത്തെ കരാറിലാണ് ഇന്റർ മിലൻറെ ക്രൊയേഷ്യൻ താരം പ്രീമിയർ ലീഗിലേക്കെത്തുന്നത്.
4. ലൈസ്റ്റർ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നോട്ടമിടുന്നു
ലൈസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെയിംസ് ഗാർനറെ ലക്ഷ്യമിടുന്നതായി ദി മിറർ റിപ്പോർട്ടു ചെയ്‌തു. ഈ സീസണിൽ നോട്ടിംഗ്ഹാമിൽ ലോണിൽ കളിച്ച് മികച്ച പ്രകടനം നടത്തിയ താരത്തിൽ ലീഡ്‌സ്, സൗത്താംപ്ടൺ എന്നീ ക്ളബുകൾക്കും താൽപര്യമുണ്ട്.
5. ഡാർവിൻ നുനസിനെ സ്വന്തമാക്കാൻ ആവശ്യപ്പെട്ട് ടെൻ ഹാഗ്
ബെൻഫിക്ക സ്‌ട്രൈക്കറായ ഡാർവിൻ നുനസാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ താരം പക്ഷെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ക്ളബുകളിലേക്ക് ചേക്കേറാനാണ് താൽപര്യപ്പെടുന്നത്.
6. ടോറിനോ താരത്തിനായി ഇന്റർ ശ്രമം നടത്തുന്നു
ടോറിനോയുടെ ഗ്ലെയസൻ ബ്രെമർക്കായി ഇന്റർ മിലാൻ ശ്രമം നടത്തുന്നതായി കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഇരുപത്തിയഞ്ചു വയസുള്ള താരത്തിനായി 30 മില്യൺ യൂറോ നൽകാൻ ഇന്റർ മിലാൻ തയ്യാറാണ്.
7. ക്രിസ്റ്റന്റെ റോമ കരാർ പുതുക്കുന്നു
ബ്രയാൻ ക്രിസ്റ്റന്റെ റോമയുമായി കരാർ പുതുക്കുന്നു. ഇരുപത്തിയേഴു വയസുള്ള താരത്തിനു രണ്ടു വർഷം കൂടി കരാർ നൽകാനാണ് റോമ ഒരുങ്ങുന്നത്. എന്നാൽ മിലാനും യുവന്റസും താരത്തിനായി രംഗത്തുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.