ട്രാൻസ്ഫർ റൗണ്ടപ്പ്: ഡിബാലക്ക് ഓഫർ നൽകി ഇറ്റാലിയൻ ക്ലബ്, ആഴ്സണൽ കരാർ പുതുക്കി എൻകെറ്റിയാ


1. ഡിബാലക്ക് ഓഫർ നൽകി റോമ
ഫ്രീ ഏജന്റായി യുവന്റസ് വിടാനൊരുങ്ങുന്ന പൗളോ ഡിബാലക്ക് മൂന്നു വർഷത്തെ കരാർ റോമ വാഗ്ദാനം ചെയ്തുവെന്ന് സെസാർ ലൂയിസ് മെർലോ റിപ്പോർട്ടു ചെയ്തു. അതേസമയം അർജന്റീനിയൻ താരം ഇന്ററിന്റെ ഓഫർ വന്നതിനു ശേഷമാകും ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുക.
2. എൻകെറ്റിയാ അഞ്ചു വർഷത്തേക്ക് ആഴ്സണൽ കരാർ പുതുക്കും
എഡ്ഡീ എൻകെറ്റിയ അഞ്ചു വർഷത്തേക്ക് ആഴ്സണൽ കരാർ പുതുക്കും. ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം എന്നിവർക്കു പുറമെ രണ്ടു ജർമൻ ക്ലബുകളും താരത്തിനായി ശ്രമം നടത്തിയെങ്കിലും ആഴ്സണലിൽ തന്നെ തുടരാനാണ് എൻകെറ്റിയയുടെ തീരുമാനമെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.
3. ഇന്റർ പ്രതിരോധതാരത്തെ ടോട്ടനത്തിനു വേണം
ഇന്റർ മിലാൻ പ്രതിരോധതാരമായ അലസാൻഡ്രോ ബസ്റ്റോണിയെ സ്വന്തമാക്കാൻ ടോട്ടനം ശ്രമം നടത്തുന്നുവെന്ന് ടുട്ടോമെർകാടോവെബ് റിപ്പോർട്ടു ചെയ്തു. 22 വയസുള്ള താരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും താൽപര്യമുണ്ട്,
4. ഡി മരിയ യുവന്റസുമായി ചർച്ചകൾ നടത്തുന്നു
അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയ യുവന്റസിലേക്ക് ചേക്കേറാനുള്ള ചർച്ചകൾ നടത്തുന്നതായി കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്തു. താരത്തിന് ഒരു വർഷത്തെ കരാറാണ് യുവന്റസ് നിലവിൽ ഓഫർ ചെയ്യുന്നത് എങ്കിലും അതൊരു വർഷത്തേക്കു കൂടി പുതുക്കാൻ കഴിയും.
5. ഇവാൻ പെരിസിച്ച് ടോട്ടനത്തിലേക്ക്
ക്രൊയേഷ്യൻ വിങ്ങറായ ഇവാൻ പെരിസിച്ചിനെ സമ്മറിൽ ടോട്ടനം സ്വന്തമാക്കുമെന്ന് ഗോൾ റിപ്പോർട്ടു ചെയ്തു. ഇന്ററുമായി കരാർ പുതുക്കാൻ പെരിസിച്ച് നടത്തിയ ചർച്ചകൾ വിജയം കാണാത്തതു മുതലെടുത്താണ് അന്റോണിയോ കോണ്ടെ പെരിസിച്ചിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
6. മെർട്ടൻസിനായി ലാസിയോ ശ്രമം നടത്തുന്നു
നാപ്പോളിയുടെ ബെൽജിയൻ മുന്നേറ്റനിര താരമായ ഡ്രൈസ് മേർട്ടൻസിനെ സ്വന്തമാക്കാൻ ലാസിയോ ശ്രമം നടത്തുന്നതായി കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്തു. നാപ്പോളി താരത്തിന് പുതിയ കരാർ നൽകാൻ ഒരുക്കമാണെങ്കിലും പ്രതിഫലം കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
7. നെവസിനു വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം റൂബൻ നെവസിനു വേണ്ടിയുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമാക്കി. താരത്തിനായി കൂടുതൽ തുക ഓഫർ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുക്കമാണെങ്കിലും അമ്പതു മില്യൺ പൗണ്ട് വേണമെന്നാണ് വോൾവ്സ് ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.