ട്രാൻസ്‌ഫർ റൗണ്ടപ്പ്: ആർതറിനായി ആഴ്‌സണൽ വീണ്ടും ഓഫർ നൽകുമെന്ന പ്രതീക്ഷയിൽ യുവന്റസ്, ഡീഗോ കാർലോസിനെ വിടാതെ ന്യൂകാസിൽ
By Sreejith N

1. ആർതറിനായി ആഴ്‌സണൽ വീണ്ടും ഓഫർ നൽകുമെന്ന പ്രതീക്ഷയിൽ യുവന്റസ്
ആർതർ ആഴ്‌സണലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഒന്നു തണുത്തെങ്കിലും താരത്തിനായി പ്രീമിയർ ലീഗ് ക്ളബ് വീണ്ടും ഓഫർ നൽകുമെന്ന പ്രതീക്ഷ യുവന്റസിനുണ്ടെന്ന് ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ് ഫോർ ഉറപ്പിക്കുന്നതിനു വേണ്ടി ജനുവരിയിൽ ടീമിനെ ശക്തമാക്കാൻ നിരവധി താരങ്ങളെ ആഴ്‌സണൽ ലക്ഷ്യമിടുന്നുണ്ട്.
2. ഡീഗോ കാർലോസിനായുള്ള നീക്കങ്ങൾ ഉപേക്ഷിക്കാതെ ന്യൂകാസിൽ
സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം സെവിയ്യയുടെ ബ്രസീലിയൻ താരമായ ഡീഗോ കാർലോസിനു വേണ്ടിയുള്ള നീക്കങ്ങൾ ന്യൂകാസിൽ യുണൈറ്റഡ് ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. വിന്റർ ജാലകം അവസാനിക്കുന്നതിനു മുൻപേ താരത്തിനായി ഒരു ഓഫർ കൂടി ന്യൂകാസിൽ നൽകിയേക്കും.
3. റൂബൻ നെവസിനു വിലയിട്ട് വോൾവ്‌സ്
മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും സ്വന്തമാക്കാൻ ശ്രമിക്കുന്ന പോർച്ചുഗീസ് താരമായ റൂബൻ നെവസിനായി 40 മില്യൺ പൗണ്ടിൽ കുറയാത്ത ഒരു ഓഫറും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കില്ലെന്ന് ദി സൺ റിപ്പോർട്ടു ചെയ്‌തു. താരത്തിനായി ഔദ്യോഗികമായ ബിഡുകളൊന്നും ഇതുവരെ വോൾവ്‌സിനു ലഭിച്ചിട്ടില്ല.
4. എറിക്‌സൺ ഈ വാരാന്ത്യത്തിൽ പ്രീമിയർ ലീഗ് ക്ലബുമായി കരാറൊപ്പിടും
ഈ വാരാന്ത്യത്തിൽ തന്നെ ക്രിസ്റ്റ്യൻ എറിക്‌സൺ പ്രീമിയർ ലീഗ് ക്ലബായ ബ്രെൻറ്‌ഫോഡുമായി കരാർ ഒപ്പിടുമെന്ന് ഡെയിലി മെയിൽ വ്യക്തമാക്കി. ആറു മാസത്തെ കരാറിലാണ് ഇരുപത്തിയൊൻപതുകാരനായ താരം ബ്രെന്റഫോഡിലേക്ക് ചേക്കേറുക. യൂറോ കപ്പിനിടെ ഹിർദയാഘാതം വന്നതിനു ശേഷം പിന്നീട് എറിക്‌സൺ കളിച്ചിട്ടില്ല.
5. ന്യൂകാസിലിന്റെ ഓഫർ തഴഞ്ഞ് ആഷ്‌ലി യങ്
ആസ്റ്റൺ വില്ല താരമായ ആഷ്‌ലി യങ് ന്യൂകാസിൽ യുണൈറ്റഡ് നൽകിയ ഓഫർ നിരസിച്ചു. ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം മുപ്പത്തിയാറുകാരനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് ആസ്റ്റൺ വില്ലയുമായി പുതിയ കരാറൊപ്പിട്ട് ക്ലബിനൊപ്പം തന്നെ തുടരാനാണ് താൽപര്യം.
6. മൊറീബ വലൻസിയയിലെത്തി
മുൻ ബാഴ്‌സലോണ താരമായ ഇലൈസ് മൊറീബ സ്‌പാനിഷ് ലീഗിലേക്ക് തിരിച്ചെത്തി. സീസൺ അവസാനിക്കുന്നതു വരെയുള്ള ലോൺ കരാറിൽ വലന്സിയയാണ് താരത്തെ സ്വന്തമാക്കിയത്. ജർമൻ ക്ലബായ ആർബി ലീപ്‌സിഗിനു വേണ്ടി കളിച്ചിരുന്ന താരം അവസരങ്ങൾ ലഭിക്കാനാണ് ക്ലബ് വിട്ടത്.
7. മിനാമിനോക്കുള്ള ഓഫർ നിരസിച്ച് ലിവർപൂൾ
ജാപ്പനീസ് മുന്നേറ്റനിര താരം ടാകുമി മിനാമിനോക്കുള്ള ഓഫറുകൾ നിരസിച്ച് ലിവർപൂൾ. ലീഡ്‌സ്, മൊണാക്കോ എന്നീ ക്ലബുകളിൽ നിന്നുള്ള ഓഫറുകളാണ് ലിവർപൂൾ നിരസിച്ചത്. ലൂയിസ് ഡയസിനെ ലിവർപൂൾ സ്വന്തമാക്കിയാലും മിനാമിനോയെ വിട്ടുകൊടുക്കാൻ ക്ളോപ്പിനു താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.