ട്രാൻസ്‌ഫർ റൗണ്ടപ്പ്: അർജന്റീന താരത്തെ ബാഴ്‌സക്കു വേണം, ഇസ്‌കോയെ സ്വന്തമാക്കാൻ മൂന്നു ക്ലബുകൾ രംഗത്ത്
By Sreejith N

1. ഗാരെത് ബേൽ ലോസ് ഏഞ്ചൽസ് ഫുട്ബോൾ ക്ലബുമായി കരാറിലെത്തി
റയൽ മാഡ്രിഡ് കരാർ അവസാനിച്ച ഗാരെത് ബേൽ എംഎൽഎസ് ക്ലബായ ലോസ് ഏഞ്ചൽസ് ഫുട്ബോൾ ക്ലബുമായി കരാറിലെത്തിയതായി ഡേവിഡ് ഓൺസ്റ്റീൻ വെളിപ്പെടുത്തി. ഒരു വർഷത്തെ കരാറാണ് മുപ്പത്തിരണ്ട് വയസുള്ള താരം ഇപ്പോൾ ഒപ്പിട്ടിരിക്കുന്നതെങ്കിലും അത് ഒന്നര വർഷത്തേക്കു കൂടി പുതുക്കാമെന്ന ഉടമ്പടിയുണ്ട്.
2. യുവാൻ ഫോയ്ത്തിനായി ബാഴ്‌സലോണ രംഗത്ത്
വിയ്യാറയലിന്റെ അർജന്റീനിയൻ പ്രതിരോധതാരമായ യുവാൻ ഫോയ്ത്തിനായി ബാഴ്‌സ രംഗത്തുണ്ടെന്ന് ലൂക്ക ബെൻഡോണി റിപ്പോർട്ടു ചെയ്യുന്നു. റൈറ്റ് ബാക്ക്, സെൻട്രൽ ഡിഫൻസ് എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരത്തിന്റെ ഏജന്റുമായി ബാഴ്‌സലോണ കരാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വിയ്യാറയൽ താരമാണ് യുവാൻ ഫോയ്ത്ത്.
3. ഉംറ്റിറ്റിയെ സ്വന്തമാക്കാൻ ജിറോണ രംഗത്ത്
ബാഴ്‌സലോണയുടെ ഫ്രഞ്ച് പ്രതിരോധതാരം സാമുവൽ ഉംറ്റിറ്റിയെ സ്വന്തമാക്കാൻ ലാ ലിഗയിലേക്ക് വീണ്ടുമെത്തിയ കാറ്റലൻ ക്ലബായ ജിറോണ രംഗത്തുണ്ടെന്ന് ഇക്രം കൊനുർ വെളിപ്പെടുത്തുന്നു. ബാഴ്‌സലോണ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന താരത്തിനായി സീരി എ ക്ലബുകളും ശ്രമം നടത്തുന്നുണ്ട്.
4. സ്റ്റെർലിംഗുമായി ബന്ധപ്പെട്ട് ചെൽസി
മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരമായ റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കാൻ വേണ്ടി ചെൽസി താരവുമായി ബന്ധപ്പെട്ടുവെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സീസണിൽ ടീമിനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ചെൽസി പരിശീലകൻ ടുഷെൽ നോട്ടമിടുന്നത് മാഞ്ചസ്റ്റർ സിറ്റി താരത്തെയാണ്.
5. ഇസ്‌കോയെ സ്വന്തമാക്കാൻ മൂന്നു ക്ലബുകൾ രംഗത്ത്
റയൽ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഇസ്‌കോയെ സ്വന്തമാക്കാൻ മൂന്നു ക്ലബുകൾ രംഗത്തുണ്ടെന്ന് ഇക്രം കൊനുർ റിപ്പോർട്ടു ചെയ്യുന്നു. ഇറ്റാലിയൻ ക്ലബായ റോമ, ലാ ലിഗ ക്ലബായ സെവിയ്യ, തുർക്കിഷ് ക്ലബായ ഗലത്സരെ എന്നിവരാണ് സ്‌പാനിഷ് മധ്യനിര താരത്തിനായി രംഗത്തുള്ളത്.
6. സലാക്ക് വിലയിട്ട് ലിവർപൂൾ
ഈജിപ്ഷ്യൻ സൂപ്പർതാരം മൊഹമ്മദ് സലാക്ക് വിലയിട്ട് ലിവർപൂൾ. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം അറുപതു മില്യൺ പൗണ്ടിൽ കുറയാത്ത ഓഫർ വന്നാൽ സലായെ വിൽക്കുന്നത് ലിവർപൂൾ പരിഗണിക്കും. ഒരു വർഷത്തെ കരാർ മാത്രമേ സലായും ലിവർപൂളും തമ്മിലുള്ളൂ.
7. ലെവൻഡോസ്‌കിക്ക് അറുപതു മില്യൺ ആവശ്യപ്പെട്ട് ബയേൺ
റോബർട്ട് ലെവൻഡോസ്‌കിയെ സ്വന്തമാക്കണമെങ്കിൽ അറുപതു മില്യൺ യൂറോ വേണമെന്ന് ബയേൺ മ്യൂണിക്ക് ആവശ്യപ്പെട്ടതായി സ്കൈ സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നു. ബാഴ്‌സലോണയാണ് യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ പോളണ്ട് താരത്തിനായി രംഗത്തുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.