ട്രാൻസ്ഫർ റൗണ്ടപ്പ്: ഹസാർഡ് റയൽ മാഡ്രിഡ് വിടില്ല, ചെൽസി റാബിയട്ടിനായി രംഗത്ത്


1. ഈഡൻ ഹസാർഡ് റയൽ മാഡ്രിഡ് വിടില്ല
ബെൽജിയൻ സൂപ്പർതാരമായ ഈഡൻ ഹസാർഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് വിടില്ല. ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ക്ലബിനൊപ്പം തുടർന്ന് മികവു കണ്ടെത്താൻ തന്നെയാണ് താരത്തിന്റെ ശ്രമമെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.
2. അഡ്രിയാൻ റാബിയട്ടിനെ ചെൽസി നോട്ടമിടുന്നു
യുവന്റസ് മധ്യനിര താരമായ അഡ്രിയൻ റാബിയട്ടിനെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ചെൽസി ശ്രമിക്കുന്നതായി ടുട്ടോസ്പോർട്ട റിപ്പോർട്ടു ചെയ്തു. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ വിൽക്കാൻ തന്നെയാണ് യുവന്റസിനും താൽപര്യം. ന്യൂകാസിലിനും റാബിയട്ടിൽ താത്പര്യമുണ്ട്.
3. സാലിബ ആഴ്സണലിലേക്ക് തിരിച്ചു വരണമെന്ന് അർടെട്ട
വില്യം സാലിബ ആഴ്സണലിലേക്കു തന്നെ തിരിച്ചു വരണമെന്ന് പരിശീലകൻ മൈക്കൽ അർടെട്ട അറിയിച്ചു. നിലവിൽ മാഴ്സയിൽ ലോണിൽ കളിക്കുന്ന താരം അവിടെ തന്നെ തുടരാനുള്ള താൽപര്യം പ്രകടിപ്പിച്ചെങ്കിലും അടുത്ത സീസണിൽ താരത്തെ അർടെട്ട ഉപയോഗപ്പെടുത്തിയേക്കും.
4. ഗബ്രിയേലിനായി യുവന്റസ് മുന്നോട്ട്
ആഴ്സണൽ പ്രതിരോധതാരമായ ഗബ്രിയേലിനെ സ്വന്തമാക്കാൻ യുവന്റസ് നീക്കങ്ങളാരംഭിച്ചു. ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിനാലുകാരനായ ബ്രസീൽ താരത്തിന് കില്ലിനിയുടെ പകരക്കാരനാകാൻ കഴിയുമെന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.
5. ടോമോറിയുമായി കരാർ പുതുക്കാൻ മിലാൻ
പ്രതിരോധതാരമായ ഫിക്കായോ ടോമോറിയുമായി കരാർ പുതുക്കാൻ എസി മിലാൻ ഒരുങ്ങുന്നു. ചെൽസിയിൽ നിന്നും മിലാനിലെത്തിയ താരം ഈ സീസണിൽ സീരി എ കിരീടം നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചിരുന്നു. 2027 വരെ കരാർ നൽകാനാണ് മിലാൻ ഒരുങ്ങുന്നതെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു.
6. നൂസർ മസ്രൂയ് ബയേൺ മ്യൂണിക്കിലെത്തി
മൊറോക്കൻ ഫുൾ ബാക്കായ നൂസർ മസ്രൂയിയെ സ്വന്തമാക്കിയ വിവരം ബയേൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അയാക്സിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് താരം ബയേണിൽ എത്തുന്നത്. റൈറ്റ്ബാക്കായ താരം നാല് വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.
7. റെനൻ ലോദിയെ സ്വന്തമാക്കാൻ ന്യൂകാസിൽ
അത്ലറ്റികോ മാഡ്രിഡ് പ്രതിരോധതാരം റെനൻ ലോദിയെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം നടത്തുന്നതായി ദി ക്രോണിക്കിൾ റിപ്പോർട്ടു ചെയ്തു. ഇരുപത്തിനാലു വയസുള്ള താരത്തെ ഈ സമ്മറിൽ അത്ലറ്റികോ വിൽക്കാൻ പരിഗണിക്കുന്നുണ്ട്. നേരത്തെ അത്ലറ്റികോയിൽ നിന്നും ട്രിപ്പിയറും ന്യൂകാസിലിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.