ട്രാൻസ്‌ഫർ റൗണ്ടപ്പ്: ലിംഗാർഡിനായി വമ്പൻ ഓഫർ, മാഞ്ചസ്റ്റർ സിറ്റി അർജന്റീന താരത്തെ സ്വന്തമാക്കുന്നതിനരികെ
By Sreejith N

1. ലിംഗാർഡിനായി വമ്പൻ ഓഫറുമായി ന്യൂകാസിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെസ്സെ ലിംഗാർഡിനായി പത്തു മില്യൺ യൂറോ വാഗ്‌ദാനം ചെയ്‌ത് ന്യൂകാസിൽ യുണൈറ്റഡ്. ഈ സീസൺ അവസാനിക്കുന്നതു വരെ ലോണിൽ ക്ലബിനായി കളിക്കുന്നതിനാണ് ന്യൂകാസിൽ ഇത്രയും തുക വാഗ്‌ദാനം ചെയ്‌തത്. സീസൺ അവസാനിക്കുമ്പോൾ കരാർ തീരുന്ന ലിംഗാർഡ് ഫ്രീ ഏജന്റായി മാറാനാണ് ശ്രമിക്കുന്നത്.
2. മാഞ്ചസ്റ്റർ സിറ്റി ജൂലിയൻ അൽവാരസിനെ സ്വന്തമാക്കുന്നതിനരികെ
റിവർപ്ലേറ്റ് താരമായ ജൂലിയൻ അൽവാരസിനെ മാഞ്ചസ്റ്റർ സിറ്റി അടുത്തു തന്നെ സ്വന്തമാക്കുമെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്‌തു. 20 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കുന്ന താരത്തെ ഈ സീസൺ അവസാനിക്കുന്നതു വരെ മാഞ്ചസ്റ്റർ സിറ്റി ലോണിൽ വിടുമെന്ന് റിപ്പോട്ടുകൾ പറയുന്നു.
3. ദെലെ അലിക്കായി എവർട്ടൺ രംഗത്ത്
ടോട്ടനത്തിൽ നിന്നും ദെലെ അലിയെ ജനുവരി ജാലകത്തിൽ ലോണിൽ സ്വന്തമാക്കാൻ എവർട്ടൺ ശ്രമിക്കുന്നു. പുറത്താക്കപ്പെട്ട റാഫ ബെനിറ്റസിനു കീഴിൽ മോശം പ്രകടനം നടത്തിയിരുന്ന എവർട്ടൺ പ്രീമിയർ ലീഗിലെ തങ്ങളുടെ നില മെച്ചപ്പെടുത്തുകയെന്ന ലക്‌ഷ്യം വെച്ചാണ് ഇംഗ്ലീഷ് താരത്തെ നോട്ടമിടുന്നതെന്ന് ദി ടെലിഗ്രാഫ് പറയുന്നു.
4. ജോ ഗോമസിനെ ആസ്റ്റൺ വില്ല ലക്ഷ്യമിടുന്നു
ലിവർപൂൾ പ്രതിരോധതാരമായ ജോ ഗോമസിനെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് ഫുട്ബോൾ ഇൻസൈഡർ വെളിപ്പെടുത്തി. അവസരങ്ങൾ കുറഞ്ഞ ഗോമസിനെ തന്റെ മുൻ ക്ലബിൽ നിന്നും എളുപ്പത്തിൽ ടീമിലെത്തിക്കാൻ കഴിയുമെന്നാണ് ജെറാർഡ് കരുത്തുന്നത്.
5. ഒബാമയങ്ങിനു യൂറോപ്പിൽ തന്നെ തുടരണം
യൂറോപ്പിനു പുറത്തു നിന്നുമുള്ള ക്ലബുകളിൽ നിന്നുള്ള വമ്പൻ ഓഫറുകൾ വേണ്ടെന്നു വെച്ച് പിയറി എമറിക്ക് ഒബാമയാങ്. ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം ആഴ്‌സണൽ വിടേണ്ടി വന്നാലും യൂറോപ്പിൽ തന്നെ തുടരാനാണ് ഒബാമയാങ്ങിന്റെ തീരുമാനം. രണ്ടു സൗദി ക്ലബുകളാണ് താരത്തിനായി അന്വേഷണം നടത്തിയത്.
6. ബോർഡോ പരിശീലകനാവാനില്ലെന്ന് തിയറി ഹെൻറി
ഫ്രഞ്ച് ലീഗ് ക്ലബായ ബോർഡോയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. ഞാൻ ഉട്ടോപ്യയിലെ ജീവിക്കുന്ന ആളല്ലെന്നും യാതൊന്നും ഇതേക്കുറിച്ചു പറയാനില്ലെന്നും ഹെൻറി വ്യക്തമാക്കി.
7. പോർട്ടോ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നു
പോർട്ടോ മുന്നേറ്റനിര താരമായ ലൂയിസ് ഡയസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നു. കഴിഞ്ഞ കോപ്പ അമേരിക്കയിലെ ടോപ് സ്കോറർമാരിൽ ഒരാളായ താരത്തിന്റെ കഴിഞ്ഞ മത്സരം കാണാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിനിധികൾ ഉണ്ടായിരുന്നുവെന്ന് ഓ ലോഗോ റിപ്പോർട്ടു ചെയ്‌തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.