ട്രാൻസ്‌ഫർ റൗണ്ടപ്പ്: ട്രയോറയെ ബാഴ്‌സലോണ സ്വന്തമാക്കില്ല, ബൊറൂസിയ ഡോർട്മുണ്ടിന് പുതിയ പരിശീലകനെത്തി
By Sreejith N

1. അഡമ ട്രയോറയെ ബാഴ്‌സലോണ സ്ഥിരം കരാറിൽ സ്വന്തമാക്കില്ല
ലോണിൽ കളിക്കുന്ന അഡമ ട്രയോറയെ ബാഴ്‌സലോണ സ്ഥിരം കരാറിൽ സ്വന്തമാക്കില്ലെന്ന് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തി. ജനുവരിയിൽ ടീമിലെത്തിയ സ്‌പാനിഷ് വിങ്ങറെ സ്വന്തമാക്കാൻ മുപ്പതു മില്യൺ യൂറോയാണ് ബാഴ്‌സ നൽകേണ്ടത്. 2023ൽ വോൾവ്‌സുമായുള്ള ട്രയോറയുടെ കരാർ അവസാനിക്കുകയാണ്.
2. എഡിൻ ടെർസിച്ച് ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ
മാർകോ റോസിനെ പുറത്താക്കിയ ഒഴിവിലേക്ക് എഡിൻ ടെർസിച്ചിനെ പരിശീലകനായി നിയമിച്ച് ബൊറൂസിയ ഡോർട്മുണ്ട്. 2025 വരെയാണ് ടെർസിച്ചിനെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നേരത്തെ ബൊറൂസിയ ഡോർട്മുണ്ട് സഹപരിശീലകനായും താൽക്കാലിക പരിശീലകനായും ചുമതലയേറ്റിട്ടുള്ള അദ്ദേഹം ക്ലബിനൊപ്പം ജർമൻ കപ്പ് വിജയിച്ചിട്ടുണ്ട്.
3. ഡെക്ലൻ റൈസ് വെസ്റ്റ് ഹാമിൽ തന്നെ തുടർന്നേക്കും
ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡെക്ലൻ റൈസ് അടുത്ത സീസണിലും വെസ്റ്റ് ഹാമിൽ തന്നെ തുടരാൻ സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി രംഗത്തുണ്ടെങ്കിലും ഓഫർ താരം തഴയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
4. ന്യൂയർ ബയേണുമായി കരാർ പുതുക്കി
ജർമൻ ഗോൾകീപ്പറായ മാന്വൽ ന്യൂയർ ബയേൺ മ്യൂണിക്ക് കരാർ പുതുക്കി. 2024 വരെയാണ് താരം ബയേണിൽ തുടരുക. 2017 മുതൽ ബയേണിന്റെ നായകനാണ് മുപ്പത്തിയാറു വയസുള്ള ന്യൂയർ.
5. കൂളിബാളിക്കായി യുവന്റസ്
നാപ്പോളി പ്രതിരോധതാരമായ കൂളിബാളിയെ യുവന്റസ് സ്വന്തമാക്കാൻ ശ്രമിക്കുന്നു. കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് മുപ്പതുകാരനായ താരത്തിനെ യുവന്റസ് സ്വന്തം തട്ടകത്തിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് ടുട്ടോസ്പോർട്ട് റിപ്പോർട്ടു ചെയ്‌തു.
6. ഗബ്രിയേൽ ജീസസിനായി ടോട്ടനവും രംഗത്ത്
മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരമായ ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കാൻ ടോട്ടനവും രംഗത്തുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കുന്ന താരത്തിനായി ആഴ്‌സണലും രംഗത്തുണ്ട്.
7. വോൾവ്‌സ് വിടുമെന്ന സൂചനകൾ നൽകി റൂബൻ നെവസ്
അടുത്ത സീസണിൽ വോൾവ്‌സിൽ ഉണ്ടാകില്ലെന്ന സൂചന നൽകി പോർച്ചുഗീസ് താരം റൂബൻ നെവസ്. അവസാന പ്രീമിയർ ലീഗ് മത്സരം കഴിഞ്ഞതിനു ശേഷം മികച്ച അവസരങ്ങൾ വന്നാൽ തിരഞ്ഞെടുത്തേക്കുമെന്നാണ് താരം പ്രതികരിച്ചത്. ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും നെവസിനായി രംഗത്തുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.