ട്രാൻസ്ഫർ റൗണ്ടപ്പ്: എറിക്സൺ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തും, അലോൺസോയെ ലക്ഷ്യമിട്ട് അത്ലറ്റികോ മാഡ്രിഡ്


1. ക്രിസ്റ്റ്യൻ എറിക്സൺ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു
മുൻ ടോട്ടനം ഹോസ്പർ താരമായ ക്രിസ്റ്റ്യൻ എറിക്സൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം ബ്രെന്റഫോഡ് ഡാനിഷ് താരത്തിന്റെ ട്രാൻസ്ഫർ അടുത്തു തന്നെ പൂർത്തിയാക്കും. ഇന്റർ മിലാൻ വിട്ട എറിക്സൺ നിലവിൽ ഫ്രീ ഏജന്റാണ്.
2. മാർകോസ് അലോൻസോയെ ലക്ഷ്യമിട്ട് അത്ലറ്റികോ മാഡ്രിഡ്
ചെൽസി ലെഫ്റ്റ് ബാക്കായ മാർക്കോസ് അലോൻസോയെ സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡ്. സീസണിൽ മോശം ഫോമിലുള്ള അത്ലറ്റികോ മാഡ്രിഡ് അതിനെ മറികടക്കാനാണ് സ്പാനിഷ് താരത്തെ ലക്ഷ്യമിടുന്നത്. എന്നാൽ ബെൻ ചിൽവെൽ പരിക്കു പറ്റി പുറത്തു പോയതിനാൽ ചെൽസി താരത്തെ വിൽക്കാൻ സാധ്യതയില്ലെന്ന് മാർക്ക വെളിപ്പെടുത്തി.
3. ആസ്റ്റൺ വില്ല യുവന്റസ് താരത്തിനായി രംഗത്ത്
യുവന്റസ് താരമായ റോഡ്രിഗോ ബെന്റാങ്കുറിനെ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ല സ്വന്തമാക്കാൻ ശ്രമിക്കുന്നതായി ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇരുപത്തിനാലു വയസുള്ള യുറുഗ്വായ് താരം ജനുവരിയിൽ തന്നെ പ്രീമിയർ ലീഗിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
4. ട്രയോറക്കായുള്ള ശ്രമങ്ങൾ വെസ്റ്റ് ഹാം ഉപേക്ഷിച്ചു
ടോട്ടനം ഹോസ്പർ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന വോൾവ്സ് വിങ്ങറായ അഡമ ട്രയോറക്കായി വെസ്റ്റ് ഹാം യുണൈറ്റഡ് നടത്തിയിരുന്ന ശ്രമങ്ങൾ അവസാനിപ്പിച്ചു. ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് താരം ടോട്ടനവുമായി ധാരണയിലെത്തിയതിനെ തുടർന്നാണ് വെസ്റ്റ് ഹാം പിൻവാങ്ങിയത്.
5. ഫ്രീ ഏജന്റാവുകയെന്ന ലക്ഷ്യവുമായി ലിംഗാർഡ്
അടുത്ത സമ്മറിൽ ഫ്രീ ഏജന്റാവുകയെന്ന ലക്ഷ്യമാണ് ജെസ്സെ ലിംഗാർഡിനുള്ളതെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് വ്യക്തമാക്കി. ജനുവരിയിൽ ലോൺ കരാർ മാത്രമേ താരം സ്വീകരിക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ഹാം, ന്യൂകാസിൽ എന്നിവർ ലോണിൽ താരത്തെ സ്വന്തമാക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്.
6. ബ്രയാൻ ഗില്ലിനായി വലൻസിയ രംഗത്ത്
ടോട്ടനം ഹോസ്പർ താരമായ ബ്രയാൻ ഗില്ലിനായി സ്പാനിഷ് ക്ലബായ വലൻസിയ രംഗത്ത്. കൊണ്ടെക്കു കീഴിൽ അവസരങ്ങൾ കുറഞ്ഞ താരത്തെ ലോണിൽ സ്വന്തമാക്കാനാണ് വലൻസിയ നോക്കുന്നത്. എന്നാൽ ഗില്ലിനെ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ടോട്ടനം തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു.
7. വ്ലാഹോവിച്ചിനായി ആഴ്സണൽ ഓഫർ നൽകിയിട്ടില്ലെന്ന് ഫിയോറെന്റീന
സെർബിയൻ സ്ട്രൈക്കറായ ദൂസാൻ വ്ലാഹോവിച്ചിനായി ആഴ്സണൽ ഓഫറുകളൊന്നും നൽകിയിട്ടില്ലെന്ന് ഫിയോറെന്റീന. സ്കൈ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ജനുവരിയിൽ താരം ആഴ്സണലിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.