ട്രാൻസ്‌ഫർ റൗണ്ടപ്പ്: ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു തന്നെ, ഡാനി ആൽവസിന്റെ ഭാവി അനിശ്ചിതത്വത്തിൽ
By Sreejith N

1. ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു തന്നെ ചേക്കേറും
അയാക്‌സിന്റെ ബ്രസീലിയൻ താരമായ ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ ചേക്കേറുമെന്ന് ഗോൾ സ്ഥിരീകരിക്കുന്നു. താരത്തിനെ സ്വന്തമാക്കാൻ അനൗദ്യോഗിക ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെയും ഓഫറൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയിട്ടില്ല. എറിക് ടെൻ ഹാഗിന് കീഴിൽ കളിക്കാൻ തന്നെയാണ് ആന്റണിക്ക് താൽപര്യം.
2. ഡാനി ആൽവസിന്റെ ഭാവി സങ്കീർണമാകുന്നു
ബാഴ്‌സലോണ വിട്ട ഡാനി ആൽവസിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതായി സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടണമെങ്കിൽ ഒരു ക്ലബിലെത്തി മികച്ച പ്രകടനം നടത്താൻ 38 വയസുള്ള താരത്തിന് കഴിയണം. നിലവിൽ റയൽ വയ്യഡോളിഡ്, മയോർക്ക എന്നീ ക്ലബുകൾ മാത്രമാണ് താരത്തിനായി രംഗത്തുള്ളത്.
3. ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാതെ സ്റ്റെർലിങ്
മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരുമോ, അതോ ക്ലബ് വിടുമോയെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം എടുക്കാതെ റഹീം സ്റ്റെർലിങ്. ഗ്വാർഡിയോളയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിക്കാനാണ് താരം ട്രാൻസ്‌ഫർ പരിഗണിക്കുന്നത്. ചെൽസിയാണ് താരത്തെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബിബിസി പറയുന്നു.
4. മാർഷ്യലിനു വിലയിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇരുപതു മില്യൺ പൗണ്ടിൽ കുറയാത്ത ഏതൊരു ഓഫർ വന്നാൽ മാർഷ്യലിനെ വിൽക്കുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുമെന്ന് ദി സൺ വെളിപ്പെടുത്തുന്നു. ഇരുപത്തിയാറു വയസുള്ള താരത്തിന് ഇനിയും രണ്ടു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബാക്കിയുണ്ട്.
5. ലെങ്ലെറ്റിനായി രണ്ടു ക്ലബുകൾ
ടോഡോഫിഷാജെസിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സ താരം ക്ലെമന്റ് ലെങ്ലെറ്റിനെ സ്വന്തമാക്കാൻ രംഗത്തുള്ളത് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനവും ഫ്രഞ്ച് ക്ലബായ മാഴ്‌സയും. ഇതിൽ മാഴ്‌സയിലേക്ക് ഫ്രഞ്ച് താരം എത്താനാണ് കൂടുതൽ സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
6. മിനാമിനോ മൊണോക്കോയിലെത്തിയത് വോൾവ്‌സിനെ തഴഞ്ഞ്
ലിവർപൂൾ മുന്നേറ്റനിര താരമായ ടാകുമി മിനാമിനോ ഫ്രഞ്ച് ക്ലബായ മൊണാക്കോയിലെത്തിയത് വോൾവ്‌സിന്റെ ഓഫർ വേണ്ടെന്നു വെച്ചിട്ടാണെന്ന് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. ജാപ്പനീസ് താരത്തെ കൈമാറാൻ 18 മില്യൺ യൂറോയുടെ ഓഫർ ലിവർപൂൾ സ്വീകരിച്ചിട്ടുണ്ട്.
7. കാൽവിൻ ഫിലിപ്പ്‌സിനായുള്ള ആഴ്‌സനലിന്റെ ഓഫർ തഴഞ്ഞ് ലീഡ്‌സ്
കാൽവിൻ ഫിലിപ്പ്സിനു വേണ്ടി ആഴ്‌സണൽ നൽകിയ ആദ്യത്തെ ഓഫർ ലീഡ്‌സ് തഴഞ്ഞുവെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു. ബാഴ്‌സലോണ, ലിവർപൂൾ ക്ലബുകൾക്ക് താൽപര്യമുള്ള താരത്തെ കുറഞ്ഞ തുകക്ക് നൽകാൻ ലീഡ്‌സ് തയ്യാറല്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.