ട്രാൻസ്‌ഫർ റൗണ്ടപ്പ്: എമിലിയാനോ മാർട്ടിനസിന് പുതിയ കരാർ, അഡമ ട്രയോറക്ക് വിലയിട്ട് വോൾവ്സ്
By Sreejith N

1. എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ലയുമായി കരാർ പുതുക്കി
അർജന്റീനിയൻ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുമായി കരാർ പുതുക്കി. 2024ൽ അവസാനിക്കാനിരുന്ന കരാർ 2027 വരെയാണ് ഇരുപത്തിയൊൻപതു വയസുള്ള താരം പുതുക്കിയത്. 2020ൽ ആഴ്‌സനലിൽ നിന്നും എത്തിയതിനു ശേഷം ടീമിന്റെ പ്രധാന ഗോൾകീപ്പറായ എമിലിയാനോ ഒരു സീസണിൽ പതിനഞ്ചു ക്ലീൻ ഷീറ്റെന്ന ക്ലബ് റെക്കോർഡിന് ഉടമയാണ്.
2. അഡമ ട്രയോറയെ വേണമെങ്കിൽ ടോട്ടനം 25 മില്യൺ നൽകണം
സ്‌പാനിഷ് വിങ്ങറായ അഡമ ട്രയോറയെ സ്വന്തമാക്കാൻ ടോട്ടനം ഹോസ്‌പർ ഇരുപത്തിയഞ്ചു മില്യൺ പൗണ്ട് നൽകണമെന്ന് വോൾവ്‌സ് അറിയിച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്‌തു. നേരത്തെ പതിനഞ്ചു മില്യൺ യൂറോ ടോട്ടനം താരത്തിനായി വാഗ്‌ദാനം ചെയ്‌തെങ്കിലും വോൾവ്‌സ് അതു തള്ളിക്കളഞ്ഞിരുന്നു.
3. ലിംഗാർഡിനായി രണ്ടാമതും ഓഫർ നൽകി ന്യൂകാസിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെസ്സെ ലിംഗാർഡിനായി രണ്ടാമതും ബിഡ് സമർപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ്. ഈ സീസൺ അവസാനിക്കുന്നതു വരെ ലോണിൽ താരത്തെ സ്വന്തമാക്കാനുള്ള ബിഡാണ് ന്യൂകാസിൽ നൽകിയതെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്‌തു. വെസ്റ്റ് ഹാമും ലിംഗാർഡിനായി രംഗത്തുണ്ടെങ്കിലും ടോപ് ഫോർ പോരാട്ടത്തിലുള്ള അവർക്ക് താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കില്ല.
4. ഹ്യൂഗോ ലോറിസ് ടോട്ടനം കരാർ പുതുക്കി
ഫ്രഞ്ച് ഗോൾകീപ്പറായ ഹ്യൂഗോ ലോറിസ് ടോട്ടനവുമായി കരാർ പുതുക്കി. 2012 മുതൽ ഫ്രഞ്ച് ടീമിനൊപ്പമുള്ള മുപ്പത്തിയഞ്ചു വയസുള്ള താരം 2024 വരെയാണ് കരാർ പുതുക്കിയത്. ഈ സീസണു ശേഷം ഫ്രീ ഏജന്റാവാനിരിക്കെയാണ് ഹ്യൂഗോ ലോറിസ് രണ്ടു സീസൺ കൂടി ക്ലബിൽ തുടരാൻ കരാർ ഒപ്പിട്ടത്.
5. മാഞ്ചസ്റ്റർ സിറ്റി താരം സിൻചെങ്കോക്കായി റയൽ ബെറ്റിസ്
മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്കായ ഒലേക്സാണ്ടർ സിൻചെങ്കോയെ ലാ ലിഗ ക്ലബായ റയൽ ബെറ്റിസ് ലക്ഷ്യമിടുന്നതായി ദി സൺ റിപ്പോർട്ടു ചെയ്‌തു. മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞ ഇരുപത്തിയഞ്ചു വയസുള്ള താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ ബെറ്റിസിന് ഉണ്ടെങ്കിലും എത്തിഹാദിൽ തന്നെ തുടരാനാണ് താരത്തിന് താൽപര്യമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
6. എൻഡോംബലെയെ റോമക്കും വേണം
ടോട്ടനം ഹോസ്പറിന്റെ മധ്യനിര താരമായ ടാങ്കുയ് എൻഡോംബലെയെ സ്വന്തമാക്കാൻ സീരി എ ക്ലബായ റോമയും ശ്രമം നടത്തുന്നുണ്ടെന്ന് ജിയാൻലൂക്ക ഡി മാർസിയ റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഇരുപത്തിയഞ്ചു വയസുള്ള താരത്തെ ടീമിലെത്തിക്കാൻ പിഎസ്‌ജിയുടെ വെല്ലുവിളിയെ റോമ മറികടക്കേണ്ടി വരും.
7. ആരോൺ റാംസിയെ ലക്ഷ്യമിട്ട് ക്രിസ്റ്റൽ പാലസ്
യുവന്റസ്‌മധ്യനിര താരമായ ആരോൺ റാംസിയെ പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ് സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. യുവന്റസിൽ അവസരങ്ങൾ ഇല്ലാത്ത താരം നിലവിൽ ന്യൂകാസിൽ, ബേൺലി എന്നിവരുടെ ഓഫറുകൾ തള്ളിക്കളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.