ട്രാൻസ്ഫർ റൗണ്ടപ്പ്: ഹാലൻഡിന്റെ പകരക്കാരനെ കണ്ടെത്തി ഡോർട്മുണ്ട്, എറിക്സനു വേണ്ടി വെസ്റ്റ്ഹാമും രംഗത്ത്


1. സെബാസ്റ്റ്യൻ ഹാളർ ബൊറൂസിയ ഡോർട്മുണ്ടിലേക്ക്
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ എർലിങ് ഹാലൻഡിനു പകരക്കാരനായി അയാക്സ് സ്ട്രൈക്കറായ സെബാസ്റ്റ്യൻ ഹാളറെ ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. മുപ്പത്തിയാറു മില്യൺ യൂറോയാണ് ഐവറി കോസ്റ്റ് താരത്തിനായി ജർമൻ ക്ലബ് വാഗ്ദാനം ചെയ്യുന്നതെന്ന് ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകൾ ഹാളർ നേടിയിരുന്നു.
2. ക്രിസ്റ്റ്യൻ എറിക്സനെ വെസ്റ്റ് ഹാമിനു വേണം
ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണു വേണ്ടി വെസ്റ്റ് ഹാം രംഗത്തുണ്ടെന്നു വെസ്റ്റ്ഹാം സോൺ റിപ്പോർട്ടു ചെയ്യുന്നു. ജനുവരി മുതൽ ബ്രെന്റഫോഡിൽ കളിച്ച താരം നിലവിൽ ഫ്രീ ഏജന്റാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ, ലൈസ്റ്റർ സിറ്റി, അയാക്സ് എന്നീ ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്.
3. ആക്സൽ വിറ്റ്സൽ അത്ലറ്റികോ മാഡ്രിഡിലേക്ക്
ബെൽജിയൻ മധ്യനിര താരമായ ആക്സൽ വിറ്റ്സൽ അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു. ഒളിമ്പിക് മാഴ്സയും താരത്തിനായി ശ്രമം നടത്തിയെങ്കിലും അത്ലറ്റികോ മാഡ്രിഡിലേക്ക് ഒരു വർഷത്തെ കരാറിൽ ചേക്കേറാനാണ് താരം താൽപര്യപ്പെടുന്നത്.
4. പൗ ടോറസിനായി മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും ശ്രമം തുടരുന്നു
ഗിവ്മിസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം വിയ്യാറയൽ പ്രതിരോധതാരമായ പൗ ടോറസിനായി മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോസ്പറും രംഗത്ത്. സ്പെയിൻ ടീമിലെ പ്രധാന പ്രതിരോധതാരമായ ടോറസ് ഈ സമ്മറിൽ ക്ലബ് വിടാൻ തന്നെയാണ് സാധ്യത കൂടുതൽ.
5. അർജന്റീന ഗോൾകീപ്പർ പിഎസ്വിയിലെത്തി
അർജന്റീന ഗോൾകീപ്പറായ വാൾട്ടർ ബെനിറ്റസ് ഡച്ച് ക്ലബായ പിഎസ്വിയിലേക്ക് ചേക്കേറി. ഫ്രഞ്ച് ക്ലബായ നീസിന്റെ താരമായിരുന്ന ബെനിറ്റസ് പിഎസ്വിയിലെത്തിയത് മാനേജർ റൂഡ് വാൻ നിസ്റ്റൽറൂയിയാണ് സ്ഥിരീകരിച്ചത്. ഫ്രീ ട്രാൻസ്ഫറിലാണ് ബെനിറ്റസിനെ പിഎസ്വി സ്വന്തമാക്കിയത്.
6. മിലിറ്റാവോയെ ചെൽസിക്ക് വേണം
റയൽ മാഡ്രിഡ് പ്രതിരോധതാരമായ എഡർ മിലിറ്റാവോ ചെൽസിയുടെ റഡാറിൽ. സെവിയ്യ താരമായ ജൂൾസ് കൂണ്ടെയാണ് ചെൽസിയുടെ പ്രധാന ലക്ഷ്യമെങ്കിലും അതിൽ പരാജയപ്പെട്ടാൽ ബ്രസീലിയൻ താരത്തിനായി നീക്കങ്ങൾ ആരംഭിക്കുമെന്ന് ഫിഷാജെസ് വെളിപ്പെടുത്തി.
7. തോർഗൻ ഹസാർഡിനായി ന്യൂകാസിൽ രംഗത്ത്
ബൊറൂസിയ ഡോർട്മുണ്ട് താരമായ തോർഗൻ ഹസാർഡിനെ പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ ലക്ഷ്യമിടുന്നു. ജർമൻ മാധ്യമമായ ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം പതിമൂന്നു മില്യൺ പൗണ്ട് ലഭിച്ചാൽ താരത്തെ വിട്ടുകൊടുക്കാൻ ബൊറൂസിയ ഡോർട്മുണ്ട് തയ്യാറാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.