ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡി മരിയ ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് പിഎസ്‌ജി, ഒറിഗി ലിവർപൂൾ വിടുന്നു
By Sreejith N

1. ഗുൻഡോഗൻ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരണമെന്ന് ഗ്വാർഡിയോള
ജർമൻ മധ്യനിര താരം ഇൽകേ ഗുൻഡോഗൻ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തന്നെ വേണമെന്ന് പെപ് ഗ്വാർഡിയോള. താരവുമായി ബന്ധപ്പെട്ട് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉയരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സീസണിൽ ഇരുപത്തിയാറു മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്.
2. ഒറിഗി ലിവർപൂൾ വിടുന്നു
ലിവർപൂൾ മുന്നേറ്റനിര താരമായ ദിവോക്ക് ഒറിഗി ഈ സീസണു ശേഷം ക്ലബ് വിടുമെന്നുറപ്പായി. അവസരങ്ങൾ കുറഞ്ഞ താരം ലിവർപൂളുമായി കരാർ പുതുക്കുന്നില്ല. ലിവർപൂളിന്റെ ഇതിഹാസമാണ് താരമെന്ന് കഴിഞ്ഞ ദിവസം ക്ലോപ്പ് അഭിപ്രായപ്പെട്ടിരുന്നു. എസി മിലാനിലേക്കാണ് ബെൽജിയൻ താരം ചേക്കേറുകയെന്നാണ് സൂചനകൾ.
3. ചെൽസി താരത്തിനായി നാല് ക്ലബുകൾ രംഗത്ത്
സൗത്താംപ്ടണിൽ ലോണിൽ കളിക്കുന്ന ചെൽസി താരമായ അർമാൻഡോ ബ്രോജയെ സ്വന്തമാക്കാൻ എസി മിലാൻ, ഇന്റർ മിലാൻ, ന്യൂകാസിൽ, വെസ്റ്റ് ഹാം തുടങ്ങിയ ക്ലബുകൾ രംഗത്തുണ്ടെന്ന് ഗോൾ റിപ്പോർട്ടു ചെയ്‌തു. ഇരുപതുകാരനായ താരം ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു.
4. അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ ധാരണയുണ്ടെന്ന് എറിക്‌സൺ
അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന കാര്യത്തിൽ ഏകദേശധാരണയുണ്ടെന്ന് ക്രിസ്റ്റൻ എറിക്‌സൺ. ഇന്റർ മിലാൻ ജനുവരിയിൽ റിലീസ് ചെയ്‌തതിനു ശേഷം ബ്രെന്റഫോഡിൽ കളിച്ചു കൊണ്ടിരിക്കുന്ന എറിക്‌സന്റെ കരാർ ഈ സീസണിൽ പൂർത്തിയാകുമെന്നിരിക്കെ താരം പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്.
5. ഇസ്‌കോ റയൽ മാഡ്രിഡ് വിടുമെന്ന് സ്ഥിരീകരിച്ചു
മധ്യനിര താരം ഇസ്‌കോ ഈ സീസൺ പൂർത്തിയാകുന്നതോടെ ക്ലബ് വിടുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ റയൽ മാഡ്രിഡ് നടത്തിയ കുതിപ്പിലെ സാന്നിധ്യമായിരുന്ന താരം കരാർ അവസാനിച്ചതോടെയാണ് ക്ലബ് വിടുന്നത്.
6. ഡി മരിയ ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് പിഎസ്‌ജി
ഏഞ്ചൽ ഡി മരിയ ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് പിഎസ്‌ജി സ്ഥിരീകരിച്ചു. താരവുമായി ഒരു വർഷം കരാർ പുതുക്കാൻ കഴിയുമെങ്കിലും അതുപയോഗിക്കേണ്ടെന്ന് പിഎസ്‌ജി തീരുമാനിക്കുകയായിരുന്നു. അർജന്റീനിയൻ താരത്തിനായി യുവന്റസ് രംഗത്തുണ്ട്.
7. ഡെസ്റ്റിനു വിലയിട്ട് ബാഴ്‌സലോണ
അമേരിക്കൻ ഫുൾ ബാക്കായ സെർജിനോ ഡെസ്റ്റിനു വിലയിട്ട് ബാഴ്‌സലോണ. മുപ്പതു മില്യൺ യൂറോയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ആവശ്യപ്പെടുന്നതെന്ന് എക്രം കോനൂർ റിപ്പോർട്ട് ചെയ്‌തു. പുതിയ താരങ്ങളെ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയാണ് ബാഴ്‌സലോണ ഡെസ്റ്റിനെ വിൽക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.