ട്രാൻസ്‌ഫർ റൗണ്ടപ്പ്: അർജന്റീന താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്, ടിയർനിയെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി
By Sreejith N

1. ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നു
അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നതായി ദി മിറർ റിപ്പോർട്ടു ചെയ്‌തു. എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായതോടെയാണ് ലിസാൻഡ്രോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യം വർധിച്ചത്. ആഴ്‌സണലും താരത്തിനു വേണ്ടി രംഗത്തുണ്ട്.
2. ടിയർനിയെ മാഞ്ചസ്റ്റർ സിറ്റിക്കു വേണം
ആഴ്‌സണൽ ലെഫ്റ്റ്ബാക്കായ കീറൻ ടിയർനിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ രംഗത്തുണ്ടെന്ന് സ്‌കോട്ട്മാൻ റിപ്പോർട്ടു ചെയ്യുന്നു. സിൻചെങ്കോ ക്ലബ് വിടാനുള്ള സാധ്യത പരിഗണിച്ച് ഒരു ലെഫ്റ്റ് ബാക്കിനായി സിറ്റി ശ്രമം തീവ്രമാക്കിയിട്ടുണ്ട്. ബ്രൈറ്റൻ താരം കുകുറയ്യയാണ് അവരുടെ ലിസ്റ്റിലെ പ്രധാന താരം.
3. ചെൽസിയിലേക്ക് ചേക്കേറാൻ സ്റ്റെർലിങ് തയ്യാർ
റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക് ചേക്കേറാൻ തയ്യാറാണെന്ന് ഇഎസ്‌പിഎൻ വെളിപ്പെടുത്തുന്നു. മാഞ്ചസ്റ്റർ സിറ്റി താരത്തിനു വേണ്ടി ചെൽസിയിപ്പോൾ സജീവമായി രംഗത്തുണ്ട്. താരത്തിന് ക്ലബ് വിടണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റി അതിനു തടസം നിൽക്കില്ല.
4. റിച്ചാർലിസണിനെ സ്വന്തമാക്കാൻ ചെൽസി മുന്നിൽ
എവർട്ടണിന്റെ ബ്രസീലിയൻ സ്‌ട്രൈക്കറായ റിച്ചാർലിസൻ ചെൽസിയിലെത്താൻ സാധ്യത കൂടുതൽ. ഇംഗ്ലീഷ് മാധ്യമം ഇന്ഡിപെന്ഡെന്റ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ചെൽസിക്കു പുറമെ ആഴ്‌സണലും താരത്തിനു വേണ്ടി രംഗത്തുണ്ട്. ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിങ് എന്നിവരിലും ചെൽസിക്ക് താൽപര്യമുണ്ട്.
5. ട്രയോറെക്കായി ലീഡ്‌സ് 18 മില്യൺ മുടക്കും
വോൾവ്‌സ് താരമായ അഡമ ട്രയോറക്കായി ലീഡ്‌സ് യുണൈറ്റഡ് 18 മില്യൺ യൂറോ മുടക്കാൻ തയ്യാറാണെന്ന് ഫുട്ബോൾ ഇൻസൈഡർ വെളിപ്പെടുത്തുന്നു. താരം ലോണിൽ കളിച്ചിരുന്ന ക്ലബായ ബാഴ്‌സലോണ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ തയ്യാറാവാതിരുന്നതോടെയാണ് ലീഡ്‌സ് രംഗത്തു വന്നത്.
6. ആന്റണിക്കായി ടോട്ടനവും രംഗത്ത്
അയാക്‌സിന്റെ ബ്രസീലിയൻ താരമായ ആന്റണിക്കായി ടോട്ടനവും രംഗത്ത്. സെർജി ബെർഗ്വിനിൽ അയാക്‌സിനുള്ള താൽപര്യം മുതലെടുത്ത് കൈമാറ്റക്കരാറിൽ താരത്തെ എത്തിക്കാനാണ് ടോട്ടനം ശ്രമം നടത്തുന്നതെന്ന് ദി സൺ വെളിപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനും ആന്റണിയെ നോട്ടമുണ്ട്.
7. മരിയോ ഗോട്സെ ജർമൻ ക്ലബ്ബിലേക്ക്
മരിയോ ഗോട്സെ ജർമൻ ക്ലബായ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ടിലേക്ക് ചേക്കേറാൻ ധാരണയിൽ എത്തിയതായി സ്പോർട്ട്1 റിപ്പോർട്ടു ചെയ്‌തു. പിഎസ്‌വിയിൽ കളിച്ചിരുന്ന താരത്തിനായി എസി മിലാനും ശ്രമം നടത്തിയിരുന്നെങ്കിലും ഈ സീസണിൽ യൂറോപ്പ ലീഗ് നേടിയ ടീമിനെയാണ് താരം പരിഗണിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.