ട്രാൻസ്‌ഫർ റൗണ്ടപ്പ്: ആഴ്‌സണൽ പ്രതിരോധതാരത്തെ യുവന്റസിനു വേണം, സ്‌ക്രിനിയറെ ലക്ഷ്യമിട്ട് ചെൽസിയും സ്‌പർസും
By Sreejith N

1. ഗബ്രിയേലിനെ യുവന്റസ് നോട്ടമിടുന്നു
ആഴ്‌സണൽ പ്രതിരോധതാരമായ ഗബ്രിയേലിനെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ടെന്ന് ടുട്ടോസ്പോർട്ട് റിപ്പോർട്ട് ചെയ്‌തു. കില്ലിനി ടീം വിട്ടതിനു പകരക്കാരനായാണ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ യുവന്റസ് ശ്രമിക്കുന്നത്. ഫണ്ട് സ്വരൂപിക്കാൻ ആഴ്‌സണൽ താരത്തെ വിൽക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകളുണ്ട്.
2. സ്‌ക്രിനിയറെ സ്വന്തമാക്കാൻ ചെൽസി-സ്‌പർസ് പോരാട്ടം
ഇന്റർ മിലാൻ പ്രതിരോധതാരമായ മിലൻ സ്‌ക്രിനിയറെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകളായ ചെൽസിയും സ്‌പർസും രംഗത്ത്. ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർടാണ് ഇക്കാര്യം പുറത്തു വിട്ടത്. ചെൽസിയിൽ നിന്നും ഈ സീസൺ തീരുന്നതോടെ രണ്ടു പ്രധാന പ്രതിരോധ താരങ്ങളാണ് പുറത്തു പോകുന്നത്.
3. എഡ്ഡീ ഹോവേ ന്യൂകാസിൽ യുണൈറ്റഡ് കരാർ പുതുക്കിയേക്കും
ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനായ എഡ്ഡീ ഹോവേ നിലവിലുള്ള കരാർ പുതുക്കിയേക്കുമെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. നിലവിലെ കരാർ രണ്ടു വർഷത്തേക്കു കൂടി ബാക്കിയുണ്ടെങ്കിലും ക്ലബ് നടത്തുന്ന മികച്ച പ്രകടനമാണ് കരാർ പുതുക്കി നൽകാൻ കാരണം. ക്ലബിന്റെ നേതൃത്വവും പരിശീലകനും തമ്മിൽ മികച്ച ബന്ധവുമുണ്ട്.
4. മൊറാട്ടയെ യുവന്റസ് സ്വന്തമാക്കില്ല
അൽവാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള 35 മില്യൺ യൂറോയുടെ ഉടമ്പടി യുവന്റസ് ഉപയോഗിക്കില്ലെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. ഇതോടെ നിലവിൽ ലോണിൽ കളിക്കുന്ന താരം അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു പോകും. എന്നാൽ ട്രാൻസ്‌ഫർ ഫീസ് കുറച്ചാൽ യുവന്റസ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ട്.
5. ഡീഗോ ദാലോട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും
ആരോൺ വാൻ ബിസാക്കയിൽ പുതിയ പരിശീലകനായ എറിക് ടെൻ ഹാഗിനു താൽപര്യമില്ലെന്ന റിപ്പോർട്ടുകൾക്കൊപ്പം ഡീഗോ ദാലട്ടിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമാണെന്നും പുറത്തു വരുന്നു. മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് പുറത്തു വിട്ടതു പ്രകാരം അടുത്ത സീസണിൽ പോർച്ചുഗീസ് താരത്തെ നിലനിർത്താനാണ് ടെൻ ഹാഗ് ഒരുങ്ങുന്നത്.
6. ഇസാക്കിനായി ടോട്ടനവും രംഗത്ത്
റയൽ സോസിഡാഡ് സ്‌ട്രൈക്കറായ അലക്‌സാണ്ടർ ഇസക്കിൽ ടോട്ടനത്തിനും താൽപര്യം. ഫുട്ബോൾ ലണ്ടന്റെ റിപ്പോർട്ട് പ്രകാരം താരത്തിനായി ആഴ്‌സനലിനെ വെല്ലുവിളിക്കാനാണ് സ്‌പർസിന്റെ നീക്കം. ചാമ്പ്യൻസ് ലീഗ് യോഗ്യത ആരു നേടുമെന്നത് ഇതിൽ നിർണായകമാകും.
7. മോയ്‌സ് കീനിനെ ലക്ഷ്യമിട്ട് വെസ്റ്റ് ഹാം
യുവന്റസ് താരമായ മോയ്‌സ് കീനിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം രംഗത്തുണ്ടെന്ന് ടുട്ടോസ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു. ഇരുപത്തിരണ്ടുകാരനായ എവർട്ടൺ താരം നിലവിൽ യുവന്റസിൽ ലോൺ കരാറിൽ കളിക്കുകയാണെങ്കിലും ഈ സമ്മറിൽ സ്ഥിരം കരാറിൽ ക്ലബ് വിടാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.