ട്രാൻസ്ഫർ റൗണ്ടപ്പ്: ലെങ്ലറ്റിനെ ലക്ഷ്യമിട്ട് ടോട്ടനം, പെപെ ആഴ്സണൽ വിടാനൊരുങ്ങുന്നു


1. ക്ലെമന്റ് ലെങ്ലറ്റിനെ ലക്ഷ്യമിട്ട് ടോട്ടനം
ബാഴ്സലോണയുടെ ഫ്രഞ്ച് പ്രതിരോധതാരമായ ക്ലെമന്റ് ലെങ്ലറ്റിനെ പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ലക്ഷ്യമിടുന്നു. ബാഴ്സലോണയിൽ അവസരങ്ങൾ കുറഞ്ഞ താരത്തെ ലോൺ കരാറിൽ സ്വന്തമാക്കാനാണ് ടോട്ടനം ലക്ഷ്യമിടുന്നതെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. അതേസമയം താരത്തെ സ്ഥിരം കരാറിൽ വിൽക്കാനാണ് ബാഴ്സ ലക്ഷ്യമിടുന്നത്.
2. നിക്കോളാസ് പെപ്പെക്ക് ആഴ്സണൽ വിടണം
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിക്കോളാസ് പെപ്പെ ആഴ്സണൽ വിടുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് ഫുട്ബോൾ ലണ്ടൻ റിപ്പോർട്ടു ചെയ്യുന്നു. 72 മില്യൺ യൂറോക്ക് 2019ൽ ആഴ്സണൽ സ്വന്തമാക്കിയ താരത്തിനു ഇതുവരെയും തന്റെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ടീമിൽ അവസരങ്ങളും കുറവാണ്.
3. എസി മിലാൻ നായകനെ സ്വന്തമാക്കാൻ ചെൽസി
എസി മിലാൻ നായകനായ അലിസിയോ റൊമാനൊഗ്ലിയെ സ്വന്തമാക്കാൻ ചെൽസിക്കു താൽപര്യമുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമം മെട്രോ വെളിപ്പെടുത്തി. ഇരുപത്തിയേഴുകാരനായ താരത്തിനു കീഴിൽ ഈ സീസണിൽ മിലാൻ സീരി എ നേടാൻ ഒരുങ്ങിയിരിക്കയാണ്. റുഡിഗറും ക്രിസ്റ്റൻസെനും ക്ലബ് വിടുന്നതിനാൽ അടുത്ത സീസണിലേക്കായി സെന്റർ ബാക്കുകളെ തേടുകയാണ് ചെൽസി.
4. ആന്റണിയെ ലിവർപൂൾ നോട്ടമിടുന്നു
ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം അയാക്സിന്റെ ബ്രസീലിയൻ താരമായ ആന്റണിയെ സ്വന്തമാക്കാൻ ലിവർപൂൾ താൽപര്യപ്പെടുന്നു. സലാ, മാനെ തുടങ്ങിയവർ ക്ലബ് വിടാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ലിവർപൂൾ പുതിയ വിങ്ങർക്കായി ശ്രമം തുടങ്ങിയതെന്നു വേണം അനുമാനിക്കാൻ.
5. മെംഫിസ് ഡീപേയെ വിൽക്കാൻ ബാഴ്സ തയ്യാർ
ന്യായമായ ഓഫർ ലഭിച്ചാൽ നെതർലാൻഡ്സ് താരമായ മെംഫിസ് ഡീപേയെ വിൽക്കാൻ ബാഴ്സ തയ്യാറാണെന്ന് മുണ്ടോ ഡിപോർറ്റീവോ വെളിപ്പെടുത്തി. ഇരുപത്തിയെട്ടുകാരനായ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ സംതൃപ്തരാണെങ്കിലും ഒരു വർഷം കൂടി മാത്രമേ കരാറുള്ളൂവെന്ന് പരിഗണിച്ചാണ് വിൽക്കാനുള്ള നീക്കങ്ങൾ ബാഴ്സ നടത്തുന്നത്.
6. ഉംറ്റിറ്റിയെ ആഴ്സണലിന് വാഗ്ദാനം ചെയ്തു
ഫ്രഞ്ച് മുന്നേറ്റനിരതാരമായ സാമുവൽ ഉംറ്റിറ്റി ആഴ്സണലിന് വാഗ്ദാനം ചെയ്യപ്പെട്ടതായി ഡെയിലി സ്റ്റാർ റിപ്പോർട്ട്. താരത്തിൽ ഗണ്ണേഴ്സിന് നേരത്തെ താൽപര്യമുണ്ടായിരുന്നു. ബാഴ്സലോണ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കാൻ തയ്യാറെടുക്കുന്ന പ്രധാന താരമാണ് ഉംറ്റിറ്റി.
7. ഗബ്രിയേലിനെ വിൽക്കുന്ന കാര്യം ആഴ്സണൽ പരിഗണിക്കുന്നു
പ്രതിരോധതാരമായ ഗബ്രിയേലിനെ വിൽക്കുന്ന കാര്യം ആഴ്സണൽ പരിഗണിക്കുന്നുണ്ടെന്ന് ദി മിറർ റിപ്പോർട്ടു ചെയ്തു. താരം മികച്ച പ്രകടനം ആഴ്സണൽ ജേഴ്സിയിൽ നടത്തുന്നുണ്ടെങ്കിലും ടീമിനെ ശക്തിപ്പെടുത്താനുള്ള തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് ബ്രസീലിയൻ താരത്തെ ആഴ്സണൽ വിൽക്കാനൊരുങ്ങുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.