ട്രാൻസ്‌ഫർ റൗണ്ടപ്പ്: സാംപോളിക്ക് രണ്ടു ബാഴ്‌സ താരങ്ങളെ വേണം, റയൽ മാഡ്രിഡ് താരത്തിനായി ഇറ്റാലിയൻ ക്ലബ്
By Sreejith N

1. ജോർജ് സാംപോളിക്ക് രണ്ടു ബാഴ്‌സലോണ താരങ്ങളെ വേണം
ഫ്രഞ്ച് ക്ലബായ മാഴ്‌സയുടെ പരിശീലകനായ ജോർജ് സാംപോളി രണ്ടു ബാഴ്‌സലോണ താരങ്ങളെ ലക്ഷ്യമിടുന്നു. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധതാരം ക്ലെമന്റ് ലെങ്ലെറ്റ്, മധ്യനിര താരം നിക്കോ എന്നിവരെയാണ് മുൻ അർജന്റീന പരിശീലകൻ കൂടിയായ സാംപോളി ലക്ഷ്യമിടുന്നത്. ലെങ്ലെറ്റിനെ വിൽക്കാൻ ബാഴ്‌സക്ക് താൽപര്യമുണ്ടെങ്കിലും താരത്തിന്റെ ഉയർന്ന പ്രതിഫലം ഒരു പ്രതിസന്ധിയാണ്.
2. ലൂക്ക ജോവിച്ചിനായി ഫിയോറെന്റീന രംഗത്ത്
റയൽ മാഡ്രിഡ് മുന്നേറ്റനിര താരമായ ലൂക്ക ജോവിച്ചിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ ഫിയോറെന്റീന ശ്രമം നടത്തുന്നു. ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ലോൺ കരാറിൽ സെർബിയൻ താരത്തെ ടീമിലെത്തിക്കാനാണ് ഫിയോറെന്റീന ഒരുങ്ങുന്നത്. റയൽ വിടാൻ ജോവിച്ചിനും താൽപര്യമുണ്ട്.
3. മെറിഹ് ഡെമിറലിനെ അറ്റലാന്റ സ്വന്തമാക്കി
തുർക്കി പ്രതിരോധനിര താരം മെറിഹ് ഡെമിറലിനെ അറ്റലാന്റ സ്വന്തമാക്കി. യുവന്റസ് താരമായിരുന്ന ഡെമിറൽ കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ ലോണിൽ കളിച്ചിരുന്നു. ഇരുപതു മില്യൺ യൂറോയാണ് താരത്തിനായി അറ്റലാന്റ മുടക്കിയത് എന്നാണു റിപ്പോർട്ടുകൾ.
4. ലുക്കാക്കുവിനെ ലോണിൽ ലഭിക്കാൻ എട്ടു മില്യൺ നൽകാമെന്ന് ഇന്റർ
ലോൺ കരാറിൽ റൊമേലു ലുക്കാക്കുവിനെ ടീമിലെത്തിക്കാൻ എട്ടു മില്യൺ യൂറോ നൽകാൻ തയ്യാറാണെന്ന് ഇന്റർ മിലാൻ ചെൽസിയെ അറിയിച്ചതായി കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. ലുക്കാക്കുവിന് ഇന്റർ മിലാനിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ടെങ്കിലും ഇന്റർ ഓഫർ ചെയ്‌തതിന്റെ ഇരട്ടി തുകയാണ് ചെൽസിക്കു വേണ്ടത്.
5. അഡ്രിയാൻ റാബിയട്ടിനെ വിൽക്കാൻ യുവന്റസ്
ഫ്രഞ്ച് മധ്യനിര താരമായ അഡ്രിയാൻ റാബിയട്ടിനെ വിൽക്കാൻ യുവന്റസ് തയ്യാറാണെന്ന് ഫാബ്രിസിയോ റൊമാനൊ പറയുന്നു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രഞ്ച് താരത്തിനു വരുന്ന ഓഫറുകൾ യുവന്റസ് പരിഗണിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെ ചില പ്രീമിയർ ലീഗ് ക്ലബുകൾക്ക് താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ട്
6. ഇന്റർ വിടാനൊരുങ്ങി സീക്കോയും സാഞ്ചസും
അലക്‌സിസ് സാഞ്ചസ് എഡിൻ സീക്കോ എന്നിവർ ഈ സമ്മർ ജാലകത്തിൽ ഇന്റർ മിലാൻ വിടുമെന്നുറപ്പായി. ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം രണ്ടു താരങ്ങളുടെയും കൂടിയ പ്രതിഫലം ഒഴിവാക്കാൻ സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന ഇന്റർ മിലാന് ആഗ്രഹമുണ്ട്.
7. എൻകെറ്റിയാ ആഴ്‌സണൽ കരാർ പുതുക്കി
യുവമുന്നേറ്റനിര താരമായ എഡ്‌വേഡ് എൻകെറ്റിയാ ആഴ്‌സണൽ കരാർ പുതുക്കി. അഞ്ചു വർഷത്തേക്കു കൂടി ആഴ്‌സണലിൽ തുടരാൻ തീരുമാനിച്ച താരത്തിന് തിയറി ഹെൻറിയണിഞ്ഞ പതിനാലാം നമ്പർ ജേഴ്‌സിയാണ് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.