ട്രാൻസ്ഫർ റൗണ്ടപ്പ്: ലെഫ്റ്റ്-ബാക്കിലേക്ക് പുതിയ താരത്തെ തേടി ബാഴ്സ, മക്ഗിന്നിനെ വിൽക്കാൻ വില്ലക്ക് പദ്ധതികളില്ല

1. ജോൺ മക്ഗിന്നിനെ വിൽക്കാൻ ആസ്റ്റൺ വില്ലക്ക് പദ്ധതികളില്ല
മാഞ്ചസ്റ്റർ യുണൈറ്റഡ് താത്പര്യമുണ്ടെന്ന ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്ത മധ്യനിര താരം ജോൺ മക്ഗിന്നിനെ വിൽക്കാൻ ആസ്റ്റൺ വില്ലക്ക് പദ്ധതികളില്ലെന്ന് 90min മനസിലാക്കുന്നു. വില്ല നിരയിലെ സുപ്രധാന താരമായ മക്ഗിന്നിനെ ടീമിൽ നിലനിറുത്താൻ ഉദ്ദേശിക്കുന്ന ക്ലബ്, അടുത്ത 12 മാസങ്ങൾക്കുള്ളിൽ താരവുമായുള്ള കരാർ പുതുക്കൽ ചർച്ചകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. നിലവിൽ 2025 വരെയാണ് മക്ഗിന്നിന് വില്ലയുമായുള്ള കരാർ
2. ഹാളണ്ടിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാഴ്സ ലക്ഷ്യമിടുക വ്ളാഹോവിച്ചിനെയോ ഇസാക്കിനെയോ ടീമിലെത്തിക്കാൻ
ബൊറൂസിയ ഡോർട്മുണ്ട് താരം എർലിങ് ഹാളണ്ടിനെ ടീമിലെത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, ബാഴ്സലോണ നോർവീജിയൻ താരത്തിന് പകരക്കാരനായി ഫിയൊറെന്റീനയുടെ 21കാരൻ സെർബിയൻ താരം ഡുസാൻ വ്ളാഹോവിച്ചിനെയോ, റയൽ സോസിഡാഡിന്റെ സ്വീഡിഷ് താരം അലക്സാണ്ടർ ഇസാക്കിനെയോ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് സ്പോർട് റിപ്പോർട്ട് ചെയ്യുന്നു.
3. ആർതർ മെലോയുടെ പകരക്കാരനായി ഡെനിസ് സക്കറിയയെ ലക്ഷ്യമിട്ട് യുവന്റസ്
സ്വിസ് മധ്യനിര താരം ഡെനിസ് സക്കറിയയെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് താരത്തിന്റെ ക്ലബായ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിനെ യുവന്റസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജിയാൻലൂക്ക ഡി മാർസിയോ റിപ്പോർട്ട് ചെയ്തു. ആഴ്സണലിന് താല്പര്യമുള്ള ആർതർ മെലോയുടെ പകരക്കാരനായി താരത്തെ ടീമിലെത്തിക്കാനാണ് യുവന്റസ് ലക്ഷ്യമിടുന്നത്.
4. ലെഫ്റ്റ് ബാക്ക് സ്ഥാനത്തേക്ക് പുതിയ താരത്തെ തേടി ബാഴ്സലോണ
ലെഫ്റ്റ്-ബാക്ക് സ്ഥാനത്തേക്ക് ഒരു ബാക്ക്അപ്പ് ഓപ്ഷൻ തേടി ബാഴ്സലോണ. നിലവിൽ ജോർഡി ആൽബയാണ് ടീമിലെ ഫസ്റ്റ് ചോയ്സ് ലെഫ്റ്റ്-ബാക്ക്. താരത്തിന് ഒരു ബാക്കപ്പ് ഓപ്ഷന് ലക്ഷ്യമിടുന്ന ബാഴ്സ, അതിനായി അഞ്ച് താരങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്സ് ടെല്ലസ്, യുവന്റസിന്റെ അലക്സ് സാൻഡ്രോ, ബൊറൂസിയ ഡോർട്മുണ്ടിന്റെ റാഫേൽ ഗുറെയ്റോ, അയാക്സിന്റെ നിക്കോളസ് ടഗ്ലിയാഫിക്കോ, വിയ്യാറയലിന്റെ അൽഫോൻസോ പെദ്രാസ എന്നിവരാണ് ബാഴ്സയുടെ ചുരുക്കപ്പട്ടികയിൽ ഉള്ളത്. സ്പാനിഷ് ജേർണലിസ്റ്റായ ജെറാർഡ് റൊമേറോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
5. ക്രിസ്ത്യൻ എറിക്സണെ സ്വന്തമാക്കാൻ പിഎസ്വി
ഡെൻമാർക്ക് താരം ക്രിസ്ത്യൻ എറിക്സണെ സ്വന്തമാക്കാൻ ഡച്ച് വമ്പന്മാരായ പിഎസ്വി ഐൻദോവന് താത്പര്യമുണ്ടെന്ന് വോട്ട്ബാൾ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർ മിലാനുമായുള്ള കരാർ പരസ്പരധാരണയോടെ റദ്ദാക്കിയതിന് ശേഷം ഫ്രീ ഏജന്റ് ആണ് എറിക്സൺ. മുൻ ടോട്ടൻഹാം താരം കൂടിയായ എറിക്സണിൽ ചില പ്രീമിയർ ലീഗ് ക്ലബുകൾക്ക് താത്പര്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.