ട്രാൻസ്ഫർ റൗണ്ടപ്പ്: പോർച്ചുഗീസ് താരത്തെ സ്വന്തമാക്കി ആഴ്സണൽ, ലൗടാരോയെ ടോട്ടനം ലക്ഷ്യമിടുന്നു


1. ഫാബിയോ വിയേരയെ സ്വന്തമാക്കി ആഴ്സണൽ
പോർട്ടോയുടെ അറ്റാക്കിങ് മിഡ്ഫീൽഡറായ ഫാബിയോ വിയേരയെ സ്വന്തമാക്കി ആഴ്സണൽ. നാൽപതു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ഇരുപത്തിരണ്ടുകാരനായ താരം പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറിയത് പോർട്ടോ സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ പതിനഞ്ചു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം ആറു ഗോളുകൾ നേടിയിട്ടുണ്ട്.
2. ലൗടാരോ മാർട്ടിനസിനായി ടോട്ടനം രംഗത്ത്
ഇന്റർ മിലാൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനു വേണ്ടി ടോട്ടനം ഹോസ്പർ ശ്രമം നടത്തുന്നുണ്ടെന്ന് ആൽഫ്രഡോ പെഡുല്ല റിപ്പോർട്ടു ചെയ്തു. 77 മില്യൺ പൗണ്ട് താരത്തിനായി മുടക്കാൻ സ്പർസ് ഒരുക്കമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഇന്ററിൽ തനിക്കു കീഴിൽ കളിച്ചിട്ടുള്ള താരത്തെ കേൻ, സോൺ എന്നിവർക്കൊപ്പം അണിനിരത്താനാണ് കോണ്ടെ ഒരുങ്ങുന്നത്.
3. ബെല്ലിങ്ങ്ഹാമിനു വേണ്ടി കാത്തിരിക്കാൻ ക്ളോപ്പ് തയ്യാർ
ജൂഡ് ബെല്ലിങ്ങ്ഹാമിനെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ലിവർപൂളിന് കഴിഞ്ഞില്ലെങ്കിലും താരത്തിനായി കാത്തിരിക്കാൻ ക്ലോപ്പ് തയ്യാറാണെന്ന് ദി സൺ റിപ്പോർട്ടു ചെയ്തു. ഇംഗ്ലണ്ട് താരത്തിനായി ലഭിച്ച ഓഫർ ബൊറൂസിയ ഡോർട്മുണ്ട് പരിഗണിച്ചിട്ടില്ല.
4. മിലൻ സ്ക്രിനിയറിനു വേണ്ടിയുള്ള ഓഫർ നിരസിച്ച് ഇന്റർ മിലാൻ
മിലൻ സ്ക്രിനിയറിനു വേണ്ടിയുള്ള പിഎസ്ജിയുടെ ഓഫർ ഇന്റർ മിലാൻ നിരസിച്ചുവെന്ന് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. അമ്പതു മില്യൺ യൂറോയുടെ ഓഫറാണ് പിഎസ്ജി നൽകിയത്. 80 മില്യനാണ് ഇന്റർ ആവശ്യപ്പെടുന്നത്.
5. റയൽ മാഡ്രിഡ് കരാർ അംഗീകരിച്ച് വിനീഷ്യസ്
കരാർ പുതുക്കാനുള്ള റയൽ മാഡ്രിഡിന്റെ ഓഫർ വിനീഷ്യസ് ജൂനിയർ അംഗീകരിച്ചുവെന്ന് സ്പാനിഷ് മാധ്യമം എഎസ് റിപ്പോർട്ടു ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനു വേണ്ടി വിജയഗോൾ നേടിയ താരത്തിന്റെ കരാർ എത്ര വർഷത്തേക്കാണ് പുതുക്കുന്നതെന്നു വ്യക്തമല്ല.
6. അഡ്രിയൻ റാബിയട്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്
യുവന്റസ് മധ്യനിര താരമായ അഡ്രിയൻ റാബിയട്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. കാൽസിയോ മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ സാധ്യതയുണ്ട്. ചെൽസി, ന്യൂകാസിൽ എന്നീ ക്ലബുകളും താരത്തിനായി രംഗത്തുണ്ട്.
7. ട്രയോറയെ സ്വന്തമാക്കാൻ ലീഡ്സ് രംഗത്ത്
ബാഴ്സലോണയിൽ ലോണിൽ കളിച്ചിരുന്ന വോൾവ്സ് വിങ്ങറായ അഡമ ട്രയോറയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് ശ്രമം നടത്തുന്നുണ്ടെന്ന് ദി സൺ റിപ്പോർട്ടു ചെയ്തു. ഇരുപതു മില്യൺ യൂറോയാണ് ട്രയോറക്കു വേണ്ടി ലീഡ്സ് മുടക്കാൻ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.