ട്രാൻസ്ഫർ റൗണ്ടപ്പ്: എറിക്സണ് കരാർ വാഗ്ദാനവുമായി ബ്രെന്റ്ഫോഡ്, കെയ്ലർ നവാസിനെ ലക്ഷ്യമിട്ട് ന്യൂകാസിൽ

1. എറിക്സണ് കരാർ വാഗ്ദാനവുമായി ബ്രെന്റ്ഫോഡ്
ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സണ് ഹ്രസ്വകാല കരാർ പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോഡ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപോർട്ടുകൾ. ദി അത്ലറ്റിക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറ് മാസത്തെ കരാറാണ് ബ്രെന്റ്ഫോഡ് മുൻ ഇന്റർ മിലാൻ താരത്തിന് ഓഫർ ചെയ്തതെന്നും, ഇത് പിന്നീട് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും കരാർ വാഗ്ദാനത്തിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2. കെയ്ലർ നവാസിനെ ലക്ഷ്യമിട്ട് ന്യൂകാസിൽ യുണൈറ്റഡ്
ഗോൾകീപ്പർ കെയ്ലർ നവാസിനെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി പി.എസ്.ജിയെ ന്യൂകാസിൽ യുണൈറ്റഡ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്യുന്നു. പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തൽ ഒഴിവാക്കാൻ ലക്ഷ്യമിടുന്ന ന്യൂകാസിൽ, ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ സ്വന്തമാക്കി ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലാണ്. അതിന്റെ ഭാഗമായാണ് നവാസിലുള്ള ക്ലബിന്റെ താല്പര്യം. എന്നാൽ, നവാസിനെ ടീമിൽ നിലനിറുത്താൻ ആഗ്രഹിക്കുന്ന പിഎസ്ജി, താരത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കില്ല എന്ന നിലപാടിലാണ്.
3. ഡെംബലയുടെ പകരക്കാരനായി ട്രവോറയെ ടീമിലെത്തിക്കുന്നത് പരിഗണിച്ച് ബാഴ്സലോണ
ഒസ്മാനെ ഡെംബല ബാഴ്സലോണ വിടുകയാണെങ്കിൽ, താരത്തിന്റെ പകരക്കാരനായി വോൾവ്സ് വിങ്ങർ അഡമ ട്രവോറയെ ടീമിലെത്തിക്കുന്ന കാര്യം കാറ്റലൻ ക്ലബ് പരിഗണിക്കുന്നുണ്ടെന്ന് സ്പോർട് റിപ്പോർട്ട് ചെയ്യുന്നു.
ബാഴ്സലോണയുമായുള്ള കരാർ ജൂൺ അവസാനത്തോടെ കഴിയുന്ന ഡെംബല, കരാർ പുതുക്കാൻ ഇത് വരെ തയ്യാറായിട്ടില്ല. അതിനാൽ തന്നെ, താരം ബാഴ്സ വിടാനുള്ള സാധ്യതകൾ ഏറി വരുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ്, താരത്തിന്റെ പകരക്കാരനായി ട്രവോറയെ ബാഴ്സ ലക്ഷ്യമിടുന്നത്.
4. പൗളോ ഡിബാല ക്ലബ് വിടുകയാണെങ്കിൽ, താരത്തിന്റെ പകരക്കാരനെ കണ്ടെത്തി യുവന്റസ്
വരുന്ന സമ്മറിൽ പൗളോ ഡിബാല ക്ലബ് വിടുകയാണെങ്കിൽ, താരത്തിന്റെ പകരക്കാരനായി റോമ താരം നിക്കോളോ സാനിയോളയെ ടീമിലെത്തിക്കുന്ന കാര്യം യുവന്റസ് പരിഗണിക്കുന്നുണ്ടെന്ന് ടുട്ടോമെർകാറ്റോവെബ്. യുവന്റസുമായുള്ള കരാർ ഈ സീസണോട് കൂടെ അവസാനിക്കുന്ന ഡിബാല, കരാർ പുതുക്കില്ലെന്നും, ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുമെന്നുമുള്ള റിപ്പോർട്ടുകൾ ശക്തമാണ്. ഡിബാല ക്ലബ് വിടുകയാണെങ്കിൽ, താരത്തിന്റെ പകരക്കാരൻ ആകാൻ പറ്റിയ ഓപ്ഷനായി സാനിയോളയെ യുവന്റസ് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
5. ഡെംബലയെ മാഞ്ചസ്റ്റർ യുണൈറ്റഡിനും ന്യൂകാസിലിനും വാഗ്ദാനം ചെയ്ത് ബാഴ്സ
ക്ലബുമായുള്ള കരാർ പുതുക്കാൻ ഇത് വരെ തയ്യാറാവാത്ത ഒസ്മാനെ ഡെംബലയെ 20 മില്യൺ യൂറോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനും ന്യൂകാസിൽ യുണൈറ്റഡിനും ബാഴ്സലോണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സ്പോർട്. ഫ്രീ ഏജന്റ് ആയി താരം ക്ലബ് വിടുന്നതിന് മുൻപ്, താരത്തെ വിൽക്കുക എന്നതാണ് ബാഴ്സയുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.