ട്രാൻസ്ഫർ റൗണ്ടപ്പ്: ലുക്കാക്കു ലോണിൽ ചെൽസി വിട്ടേക്കും, അസെൻസിയോക്കു വിലയിട്ട് റയൽ മാഡ്രിഡ്


1. റൊമേലു ലുക്കാക്കു ലോൺ കരാറിൽ ചെൽസി വിട്ടേക്കും
റൊമേലു ലുക്കാക്കു ലോൺ കരാറിൽ ചെൽസി വിടാൻ സാധ്യത. ഡി മർസിയോയുടെ റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ യൂറോയാണ് ബെൽജിയൻ താരത്തിനായി ചെൽസി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പത്തു മില്യൺ യൂറോക്ക് ഡീൽ ഉറപ്പിക്കാൻ കഴിയുമെന്നാണ് താരത്തിനായി രംഗത്തുള്ള ഇന്റർ കരുതുന്നത്.
2. അസെന്സിയോക്കു വിലയിട്ട് റയൽ മാഡ്രിഡ്
മാർകോ അസെൻസിയോക്ക് വിലയിട്ട് റയൽ മാഡ്രിഡ്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം നാൽപതു മില്യൺ യൂറോയാണ് താരത്തിനായി റയൽ ആവശ്യപ്പെടുന്നത്. പ്രീമിയർ ലീഗ് ക്ലബ് ആഴ്സണൽ, ഇറ്റാലിയൻ ക്ലബ് എസി മിലാൻ എന്നിവർ താരത്തിനായി രംഗത്തുണ്ട്.
3. ഗാവി ബാഴ്സ കരാർ പുതുക്കുന്നതിനരികെ
മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഗാവി ബാഴ്സലോണയുമായി കരാർ പുതുക്കാൻ ഒരുങ്ങുന്നു. അമ്പത് മില്യൺ യൂറോ റിലീസിംഗ് ക്ലോസ് മാത്രമുണ്ടായിരുന്ന താരം പുതിയ കരാർ ഒപ്പുവെക്കുന്നതോടെ സ്പാനിഷ് താരത്തെ സ്വന്തമാക്കാമെന്ന ലിവർപൂളിന്റെ പ്രതീക്ഷകളാണ് ഇല്ലാതാവുന്നത്.
4. കുകുറയ്യക്കായി മാഞ്ചസ്റ്റർ സിറ്റി ഓഫർ നൽകാനൊരുങ്ങുന്നു
ബ്രൈറ്റൻ താരമായ മാർക്ക് കുകുറയ്യക്കായി ഓഫർ നൽകാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു. സിൻചെങ്കോ ക്ലബ് വിടാനുള്ള സാധ്യത പരിഗണിച്ചാണ് മുൻ ബാഴ്സ താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തു വിട്ടത്.
5. ആഴ്സണൽ കരാർ നിരസിച്ച് അൽവാരോ മൊറാട്ട
ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം അൽവാരോ മൊറാട്ട ആഴ്സണൽ മുന്നോട്ടു വെച്ച നിരസിച്ചു. യുവന്റസിൽ തന്നെ തുടരാനാണ് താരത്തിന് താൽപര്യം. അടുത്ത സീസണിലേക്കായി ഒരു സ്ട്രൈക്കറെ ലക്ഷ്യമിടുന്ന ആഴ്സണലിന് ജീസസിലും താൽപര്യമുണ്ട്.
6. ക്രിസ്റ്റ്യൻ എറിക്സനു പ്രീമിയർ ലീഗിൽ തുടരണം
ഡാനിഷ് താരമായ ക്രിസ്റ്റ്യൻ എറിക്സനു പ്രീമിയർ ലീഗിൽ തന്നെ തുടരണമെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്തു. ജനുവരി മുതൽ ബ്രെന്റഫോഡിൽ കളിച്ചിരുന്ന താരം നിലവിൽ ഫ്രീ ഏജന്റാണ്. ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്.
7. ഡി ലൈറ്റിനായി ചെൽസി രംഗത്ത്
യുവന്റസ് പ്രതിരോധതാരമായ മാത്തിയാസ് ഡി ലൈറ്റിനായി ചെൽസി രംഗത്തുണ്ടെന്ന് കൊറേറോ ഡെല്ലോ സ്പോർട്ട് റിപ്പോർട്ടു ചെയ്തു. ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്കും നെതർലാൻഡ്സ് താരത്തിൽ താൽപര്യമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.