ട്രാൻസ്ഫർ റൗണ്ടപ്പ്: ഗബ്രിയേലിനു വിലയിട്ട് ആഴ്സണൽ, ടോട്ടനം മറ്റൊരു ട്രാൻസ്ഫർ കൂടി പൂർത്തിയാക്കുന്നു


1. ഗബ്രിയേലിനു വിലയിട്ട് ആഴ്സണൽ
ബ്രസീലിയൻ പ്രതിരോധതാരമായ ഗബ്രിയേൽ മഗ്ലൈസിനു വിലയിട്ട് ആഴ്സണൽ. അമ്പതു മില്യൺ യൂറോയാണ് സെന്റർ ബാക്കായ താരത്തിനു വേണ്ടി ഗണ്ണേഴ്സ് ആവശ്യപ്പെടുന്നതെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. യുവന്റസാണ് ഗബ്രിയേലിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്.
2. സ്പെൻസ് ട്രാൻസ്ഫർ പൂർത്തിയാക്കാൻ ടോട്ടനം ഒരുങ്ങുന്നു
മിഡിൽസ്ബറോ പ്രതിരോധതാരമായ ദ്വേദ് സ്പെൻസിനെ ടോട്ടനം സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ സീസണിൽ ലോണിൽ നോട്ടിംഗ്ഹാമിനു വേണ്ടി കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ടോട്ടനം ടീമിലെത്തിക്കുന്നതിന്റെ തൊട്ടരികിലാണെന്ന് സ്കൈ സ്പോർട്ട്സ് റിപ്പോർട്ടു ചെയ്തു.
3. ചുക്വേമെക്കക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും രംഗത്ത്
ടോക്ക്സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ആസ്റ്റൺ വില്ല താരമായ ചുക്വേമെക്കയുടെ വില ചോദിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും. പതിനെട്ടു വയസുള്ള താരത്തിനായി ഇരുപതു മില്യൺ യൂറോയാണ് ആസ്റ്റൺ വില്ല ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
4. ലെൻസ് പ്രതിരോധതാരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും
ഈവെനിംഗ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ലെൻസ് പ്രതിരോധതാരമായ ജോനാഥൻ ക്ളൗസിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ശ്രമം നടത്തുന്നു. ചെൽസിക്ക് കഴിഞ്ഞ സമ്മർ മുതൽ തന്നെ താരത്തിൽ താൽപര്യമുണ്ടെങ്കിലും ക്ളൗസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്താനാണ് സാധ്യതയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
5. ഹക്കിം സിയച്ചിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്
ചെൽസി വിങ്ങറായ ഹക്കിം സിയച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും താൽപര്യമുണ്ടെന്ന് ഗിവ്മിസ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. എസി മിലാനാണ് താരത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നതെങ്കിലും ഡീൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ചെൽസിക്ക് സിയച്ചിനെ വിൽക്കാനും താൽപര്യമുണ്ട്.
6. നാല് ക്ലബുകൾ നിക്കോളാസ് പെപ്പയെ ലക്ഷ്യമിടുന്നു
എഴുപത്തിരണ്ട് മില്യൺ യൂറോ നൽകി സ്വന്തമാക്കിയ നിക്കോളാസ് പെപ്പെയെ ഒഴിവാക്കാൻ ആഴ്സണൽ ഒരുങ്ങുന്നു. ഡിയാരിയോ ഡി സെവിയ്യയുടെ റിപ്പോർട്ടുകൾ പ്രകാരം സെവിയ്യ, ലീഡ്സ് യുണൈറ്റഡ്, മാഴ്സ, ലിയോൺ എന്നീ ക്ലബുകളാണ് ഐവറി കോസ്റ്റ് താരത്തിനായി രംഗത്തുള്ളത്.
7. ഫാബ്രിഗാസ് സീരി ബിയിലേക്ക്
സ്പാനിഷ് മധ്യനിരതാരമായ സെസ് ഫാബ്രിഗാസ് സീരി ബി ക്ലബായ കോമോയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നുവെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. മൊണാക്കോ വിട്ട ഫാബ്രിഗാസ് നിലവിൽ ഫ്രീ ഏജന്റാണ്. കഴിഞ്ഞ സീസണിൽ സീരി ബിയിൽ പതിമൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബാണ് കോമോ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.