ട്രാൻസ്‌ഫർ റൗണ്ടപ്പ്: റഫിന്യക്കായി അറുപതു മില്യണിന്റെ ഓഫറുമായി ലിവർപൂൾ, വിനീഷ്യസിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ്
By Sreejith N

1. റാഫിന്യയെ സ്വന്തമാക്കാൻ വമ്പൻ ഓഫറുമായി ലിവർപൂൾ
ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ വിങ്ങറായ റഫിന്യയെ സ്വന്തമാക്കാൻ ലിവർപൂൾ തയ്യാറെടുക്കുന്നു. ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം അറുപതു മില്യൺ പൗണ്ടിന്റെ ഓഫറാണ് റഫിന്യക്കായി ലിവർപൂൾ നൽകിയത്. ബാഴ്‌സലോണയും താരത്തിനായി രംഗത്തുണ്ട്.
2. വിനീഷ്യസിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ്
വിനീഷ്യസ് ജൂനിയറിനു പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നതായി മാർക്ക റിപ്പോർട്ടു ചെയ്യുന്നു. 2028 വരെ ബ്രസീലിയൻ താരത്തിന്റെ കരാർ പുതുക്കാൻ റയൽ മാഡ്രിഡിന് താൽപര്യമുണ്ടെങ്കിലും 2026 അല്ലെങ്കിൽ 2027 വരെ മാത്രമേ പുതുക്കാൻ സാധ്യതയുള്ളൂ. ഒരു ബില്യൺ യൂറോ ആയിരിക്കും റിലീസിംഗ് ക്ലോസ്.
3. പാബ്ലോ ടോറെയെ ബാഴ്‌സലോണ സ്വന്തമാക്കി
റേസിംഗ് സാന്റഡാർ താരമായിരുന്ന പാബ്ലോ ടോറെയെ സ്വന്തമാക്കിയ വിവരം ബാഴ്‌സലോണ സ്ഥിരീകരിച്ചു. 19 വയസുള്ള താരം നാല് വർഷത്തെ കരാറാണ് ബാഴ്‌സയുമായി ഒപ്പു വെച്ചിരിക്കുന്നത്. അഞ്ചു മില്യൺ യൂറോയാണ് ബാഴ്‌സ ടോറെക്കായി ഇപ്പോൾ നൽകിയിരിക്കുന്നതെങ്കിലും അത് ഇരുപതു മില്യൺ യൂറോ വരെയായി വർധിച്ചേക്കാം.
4. ജോർജിന്യോയെ നൽകി ഡെമിറലിനെ സ്വന്തമാക്കാൻ ചെൽസി
കാൽസിയോമെർകാടോവെബിന്റെ റിപ്പോർട്ടുകൾ പ്രകാരം ജോർജിന്യോയെ യുവന്റസിനു നൽകി മെറിഹ് ഡെമിറലിനെ സ്വന്തമാക്കാൻ ചെൽസി തയ്യാറെടുക്കുന്നു. അല്ലെഗ്രിയുടെ പദ്ധതികളിൽ ഇടമില്ലാത്ത ഡെമിറൽ കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച ക്ലബായ അറ്റലാന്റയും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.
5. ക്രിസ്റ്റൻ എറിക്‌സനെ സ്വന്തമാക്കാൻ ടോട്ടനവും രംഗത്ത്
ഡാനിഷ് താരമായ ക്രിസ്റ്റൻ എറിക്‌സനെ സ്വന്തമാക്കാൻ ടോട്ടനം ഹോസ്‌പർ ശ്രമം നടത്തുന്നുണ്ടെന്ന് എക്‌സ്പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. യൂറോ കപ്പിൽ ഹൃദയാഘാതം വന്നതിനു ശേഷമുള്ള ചികിത്സ കഴിഞ്ഞ് ജനുവരി ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റഫോഡിലെത്തിയ താരം നിലവിൽ ഫ്രീ ഏജന്റാണ്.
6. നെമാന്യ മാറ്റിച്ച് റോമയിലെത്തി
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട നെമാന്യ മാറ്റിച്ച് ഇറ്റാലിയൻ ക്ലബായ റോമയിലെത്തി. ഒരു വർഷത്തെ കരാറാണ് മാറ്റിച്ച് മൗറീന്യോ പരിശീലകനായ ക്ലബുമായി ഒപ്പു വെച്ചിരിക്കുന്നത്. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളിൽ മൗറീന്യോക്കു കീഴിൽ മാറ്റിച്ച് കളിച്ചിട്ടുണ്ട്.
7. ട്രിൻകാവോക്ക് ബാഴ്‌സലോണ വിടണം
പോർചുഗീസ് താരമായ ഫ്രാൻസിസ്‌കോ ട്രിൻകാവോ ബാഴ്‌സലോണ വിടാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിൽ ലോണിൽ കളിച്ച താരം പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങിലേക്കാണ് ചേക്കേറാനൊരുങ്ങുന്നതെന്ന് സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.