ട്രാൻസ്‌ഫർ റൗണ്ടപ്പ്: ആസ്റ്റൺ വില്ലയിൽ ഇനിയും താരങ്ങളെത്തുമെന്ന സൂചനയുമായി ജെറാർഡ്, ലീഡ്‌സ് താരത്തിനായി ലിവർപൂൾ
By Sreejith N

1. ആസ്റ്റൺ വില്ലയിൽ ഇനിയും താരങ്ങളെത്തുമെന്ന സൂചന നൽകി ജെറാർഡ്
ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ആസ്റ്റൺ വില്ല ഇനിയും താരങ്ങളെ സ്വന്തമാക്കുമെന്ന സൂചനകൾ നൽകി പരിശീലകൻ ജെറാർഡ്. ബർമിംഗ്ഹാം ലൈവിന്റെ റിപ്പോർട്ടുകൾ പ്രകാരം നിലവിലുള്ള താരങ്ങൾ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ മതിയാവില്ലെന്ന സൂചനകൾ നൽകിയ ജെറാർഡ് ഒരു പ്രതിരോധതാരത്തെ വേണമെന്നും വ്യക്തമാക്കി.
2. ലീഡ്‌സ് താരം ഫിലിപ്‌സിനെ ലിവർപൂൾ ലക്ഷ്യമിടുന്നു
ലീഡ്‌സ് യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരമായ കാൽവിൻ ഫിലിപ്‌സിനെ ലിവർപൂൾ നോട്ടമിടുന്നു. എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫിലിപ്‌സിൽ ലിവർപൂൾ പരിശീലകനായ യർഗൻ ക്ളോപ്പിനു വളരെയധികം താൽപര്യമുണ്ട്. 40 മില്യൺ യൂറോ താരത്തിനായി ലിവർപൂൾ നൽകാൻ ഒരുക്കമാണെങ്കിലും മറ്റു ലീഗുകളിലേക്ക് ചേക്കേറാനാണ് ഫിലിപ്‌സ് താൽപര്യപ്പെടുന്നത്.
3. റോബിൻ ഗോസെൻസ് ന്യൂകാസിലിൽ എത്താൻ സാധ്യത
കഴിഞ്ഞ യൂറോ കപ്പിൽ ജർമനിക്കായി തിളങ്ങി ശ്രദ്ധ പിടിച്ചു പറ്റിയ ടുള്ള ബാക്കായ റോബിൻ ഗോസെൻസിനെ ന്യൂകാസിൽ സ്വന്തമാക്കാൻ സാധ്യത. സ്കൈ ഇറ്റാലിയയുടെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് നിലവിൽ ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിരട്ടി നൽകി മൂന്നര വർഷത്തെ കരാർ നൽകാനാണ് ന്യൂകാസിൽ ഒരുങ്ങുന്നത്.
4. ഷെവ്ചെങ്കോയെ ജെനോവ പുറത്താക്കി
പരിശീലകനായ ആന്ദ്രേ ഷെവ്ചെങ്കോയെ ഇറ്റാലിയൻ ക്ലബായ ജെനോവ പുറത്താക്കി. സ്ഥാനമേറ്റെടുത്ത് രണ്ടു മാസം മാത്രം കഴിഞ്ഞപ്പോഴാണ് മുൻ യുക്രൈൻ പരിശീലകനെ ജെനോവ പുറത്താക്കിയത്. എസി മിലാനെതിരായ കോപ്പ ഇറ്റാലിയ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ലീഗിൽ തരം താഴ്ത്തൽ മേഖലയിൽ കിടക്കുന്ന ജെനോവ മുൻ എസി മിലാൻ താരത്തെ പുറത്താക്കിയത്.
5. ഡീൻ ഹെൻഡേഴ്‌സണു വേണ്ടി അന്വേഷണം നടത്തി സൗത്താംപ്ടൺ
ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്‌സണു വേണ്ടി സൗത്താംപ്ടൺ ശ്രമം നടത്തുന്നു. അവസരങ്ങൾ കുറഞ്ഞ ഡീൻ ഹെൻഡേഴ്‌സൺ ക്ലബ് വിടാൻ താൽപര്യം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറല്ല.
6. ഡീഗോ കാർലോസിന് മൂന്നിരട്ടി പ്രതിഫലം വാഗ്‌ദാനം ചെയ്‌ത് ന്യൂകാസിൽ
സെവിയ്യയുടെ ബ്രസീലിയൻ പ്രതിരോധതാരമായ ഡീഗോ കാർലോസിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് രണ്ടും കൽപിച്ചു തന്നെ. ലഭ്യമായ വിവരങ്ങൾ പ്രകാരം കാർലോസ് നിലവിൽ വാങ്ങുന്ന പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണ് തരം താഴ്ത്തൽ മേഖലയിൽ കിടക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
7. മാറ്റിയാസ് വെസിനോയെ വിൽക്കാൻ ഇന്റർ ഒരുങ്ങുന്നു
മധ്യനിരതാരമായ മാറ്റിയസ് വെസിനോയെ വിൽക്കാൻ ഇന്റർ മിലാൻ ഒരുങ്ങുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ മൂന്നു മില്യൺ യൂറോക്ക് ലാസിയോക്ക് വിൽക്കാനാണ് ഇന്റർ മിലാൻ ഒരുങ്ങുന്നതെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്‌തു. എന്നാൽ ലാസിയോയുടെ സാമ്പത്തിക പ്രതിസന്ധി ട്രാൻസ്‌ഫർ ദുഷ്‌കരമാക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.