ട്രാൻസ്‌ഫർ റൗണ്ടപ്പ്: മാഴ്‌സലോയെ സ്വന്തമാക്കാൻ ഫെനർബാഷെ രംഗത്ത്, സുവാറസിനായി അഞ്ചു ക്ലബുകൾ രംഗത്ത്
By Sreejith N

1. മാഴ്‌സലോക്കായി ഫെനർബാഷെ രംഗത്ത്
റയൽ മാഡ്രിഡ് ഫുൾബാക്കായ മാഴ്‌സലോ വിയേരക്കു വേണ്ടി തുർക്കിഷ് ക്ലബായ ഫെനർബാഷെ രംഗത്ത്. ഗോളിന്റെ റിപ്പോർട്ടുകൾ പ്രകാരം കോച്ച് ജോർജ് ജീസസാണ് അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് നേടിയ താരത്തെ സ്വന്തമാക്കാൻ ക്ലബിനോട് ആവശ്യപ്പെട്ടത്. ഫ്രഞ്ച് ക്ലബായ മാഴ്‌സയും താരത്തിനായി ശ്രമം നടത്തുന്നുണ്ട്.
2. ലൂയിസ് സുവാരസിനായി അഞ്ചു ക്ലബുകൾ രംഗത്ത്
മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം യുറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ അയാക്‌സ്, ആസ്റ്റൺ വില്ല, ഗളത്സരെ, ഫിയോറന്റീന, അറ്റലാന്റ എന്നീ ക്ലബുകൾ രംഗത്ത്. ഇതിനു പുറമെ സൗത്ത് അമേരിക്കൻ, എംഎൽഎസ് ക്ലബുകളും താരത്തിനായി രംഗത്തുണ്ട്.
3. ഗ്രാവൻബെർഷിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്
അയാക്‌സ് മധ്യനിര താരമായ റയാൻ ഗ്രാവൻബെർഷിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. പത്തൊൻപതു മില്യൺ യൂറോയാണ് ഇരുപതുകാരനായ താരത്തിനു വേണ്ടി ബയേൺ മുടക്കിയത്. അഞ്ചു വർഷത്തെ കരാറാണ് ബയേൺ മ്യൂണിക്ക് താരത്തിനായി നൽകിയിരിക്കുന്നത്.
4. റിച്ചാർലിസണിനു വേണ്ടി രണ്ടു താരങ്ങളെ വിട്ടുകൊടുക്കാൻ ടോട്ടനം
ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം എവർട്ടൺ താരം റിച്ചാർലിസണെ സ്വന്തമാക്കാൻ ടോട്ടനം ഹോസ്‌പർ രണ്ടു താരങ്ങളെ വിട്ടുകൊടുക്കാൻ തയ്യാറാണ്. ഹാരി വിങ്ക്സ്, ലൂക്കാസ് മോറ എന്നീ താരങ്ങളെയാണ് ടോട്ടനം ബ്രസീലിയൻ താരത്തിനു വേണ്ടി നൽകാൻ തയ്യാറെടുക്കുന്നത്.
5. മാർക്വിന്യോസിനെ ആഴ്‌സണൽ സ്വന്തമാക്കി
ബ്രസീലിയൻ താരമായ മാർക്വിന്യോസിനെ സാവോ പോളോയിൽ നിന്നും ആഴ്‌സണൽ സ്വന്തമാക്കി. മൂന്നു മില്യൺ യൂറോക്ക് ആഴ്‌സണൽ സ്വന്തമാക്കിയ പത്തൊൻപതു വയസുള്ള താരം അഞ്ചു വർഷത്തോളം നീണ്ടു നിൽക്കുന്ന കരാറാണ് ലണ്ടൻ ക്ലബുമായി ഒപ്പു വെച്ചിരിക്കുന്നത്. വിങ്ങറായും സെന്റർ ഫോർവേഡായും കളിക്കാൻ മാർക്വിന്യോസിനു കഴിയും.
6. ഓഡ്രിയോസോളോയെ സ്വന്തമാക്കാൻ ഇന്റർ മിലാൻ രംഗത്ത്
റയൽ മാഡ്രിഡ് ഫുൾ ബാക്ക് അൽവാരോ ഓഡ്രിയോസോളോ ഇന്റർ മിലാനിലെത്താൻ സാധ്യത. ടുട്ടോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞ ഇരുപത്തിയാറുകാരനായ താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട്.
7. കൂണ്ടെക്കു വിലയിട്ട് സെവിയ്യ
മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് പ്രതിരോധതാരം ജൂൾസ് കൂണ്ടെക്കായി സെവിയ്യ വിലയിട്ടു. 65 മില്യൻ യൂറോയാണ് ഇരുപത്തിമൂന്നു വയസുള്ള താരത്തിനായി സെവിയ്യ ആവശ്യപ്പെടുന്നത്. ചെൽസി, ബാഴ്‌സലോണ എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.