ട്രാൻസ്‌ഫർ റൗണ്ടപ്പ്: ന്യൂകാസിലിന്റെ ഓഫർ തഴഞ്ഞ് ബയേൺ താരം, ഒബാമയാങ്ങിനായി യുവന്റസ് രംഗത്ത്
By Sreejith N

1. ന്യൂകാസിലിന്റെ ഓഫർ വേണ്ടെന്നു വെച്ച് നിക്കോളാസ് സുളെ
ബയേൺ മ്യൂണിക്ക് പ്രതിരോധതാരമായ നിക്കോളാസ് സുളെ പ്രീമിയർ ലീഗിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡിന്റെ ഓഫർ വേണ്ടെന്നു വെച്ചുവെന്ന് സ്‌പോർട്1 റിപ്പോർട്ടു ചെയ്‌തു. ഇരുപത്തിയാറുകാരനായ താരം ഈ സീസണു ശേഷം ഫ്രീ ഏജന്റാവുമെന്നിരിക്കെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ബയെണുമായി പുതിയ കരാർ ഒപ്പിടാനാണ് സാധ്യത.
2. ഒബാമയാങ്ങിനെ യുവന്റസ് ലക്ഷ്യമിടുന്നു
ആഴ്‌സണൽ മുന്നേറ്റനിര താരമായ ഒബാമയാങ്ങിൽ യുവന്റസിനു താൽപര്യം. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം കിയേസ പരിക്കു പറ്റി ദീർഘകാലം പുറത്തായതിനാൽ മുന്നേറ്റനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആഴ്‌സണലിൽ നിന്നും തഴയപ്പെടുന്ന ഒബാമയാങ്ങിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
3. ലോഫ്റ്റസ് ചീക്ക് യുവന്റസിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തള്ളാതെ ടുഷെൽ
റൂബൻ ലോഫ്റ്റസ് ചീക്ക് യുവന്റസിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ തള്ളാതെ ചെൽസി പരിശീലകൻ തോമസ് ടുഷെൽ. ചെൽസിയിൽ ഇംഗ്ലണ്ട് താരത്തിന് അവസരങ്ങൾ കുറവാണെന്നു പറഞ്ഞ ജർമൻ പരിശീലകൻ ട്രാൻസ്ഫർ നടന്നാൽ മാധ്യമങ്ങളെ അറിയിക്കുമെന്നു വ്യക്തമാക്കി.
4. ട്രയോറക്കായി നാലു താരങ്ങളെ വാഗ്‌ദാനം ചെയ്‌ത് ടോട്ടനം
വോൾവ്‌സ് താരമായ അഡമ ട്രയോറയെ സ്വന്തമാക്കാൻ നാലു താരങ്ങളെ വാഗ്‌ദാനം ചെയ്‌ത് ടോട്ടനം ഹോസ്‌പർ. ടീംടോക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ജോയെ റോഡോൺ, ജാക്ക് ക്ലാർക്ക്, റയാൻ സെസ്സെഗ്നൻ, ജാഫെറ്റ് തങ്ങാംഗ എന്നീ താരങ്ങളെ ഉപയോഗിച്ച് സ്‌പാനിഷ് വിങ്ങറെ സ്വന്തമാക്കാനാണ് ടോട്ടനം ഒരുങ്ങുന്നത്.
5. നിക്കോള മിലിങ്കോവിച്ചിനെ സ്വന്തമാക്കാൻ ന്യൂകാസിൽ 37.5 മില്യൺ നൽകണം
ഫിയോറെന്റീന താരമായ നിക്കോളോ മിലിങ്കോവിച്ചിനെ സ്വന്തമാക്കണമെങ്കിൽ ന്യൂകാസിൽ യുണൈറ്റഡ് 37.5 മില്യൺ നൽകേണ്ടി വരും. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ നേടാൻ അത്രയും തുക നൽകണമെന്ന് ഇറ്റാലിയൻ ക്ലബ് ന്യൂകാസിലിന്റെ ഓഫറിനോട് പ്രതികരിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ടു ചെയ്‌തു.
6. നാനി സീരി എ ക്ലബായ വെനെസിയയിലേക്ക്
പോർച്ചുഗീസ് മുന്നേറ്റനിര താരമായ നാനി സീരി എ ക്ലബായ വെനെസിയയിലേക്ക് ചേക്കേറാൻ മെഡിക്കൽ പൂർത്തിയാക്കാൻ ഒരുങ്ങുന്നതായി സ്കൈ സ്പോർട്സ് ഇറ്റാലിയ വെളിപ്പെടുത്തി. ഒർലാൻഡോ സിറ്റി വിട്ടതിനു ശേഷം ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കി തരം താഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയൻ ക്ലബ്.
7. ഡീഗോ ദാലോട്ടിനെ ലക്ഷ്യമിട്ട് അത്ലറ്റികോ മാഡ്രിഡ്
പോർച്ചുഗീസ് റൈറ്റ് ബാക്കായ ഡീഗോ ദാലോട്ടിനെ അത്ലറ്റികോ മാഡ്രിഡ് ലക്ഷ്യമിടുന്നതായി സ്‌പാനിഷ് മാധ്യമം എഎസ് വെളിപ്പെടുത്തി. ട്രിപ്പിയർ ന്യൂകാസിലിലേക്ക് ചേക്കേറിയതിനു പകരക്കാരനായാണ് പോർച്ചുഗീസ് താരത്തെ സ്വന്തമാക്കാൻ അത്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.