ട്രാൻസ്ഫർ റൗണ്ടപ്പ്: അസെൻസിയോക്കായി യൂറോപ്പിൽ പോരാട്ടം മുറുകുന്നു, ഒസിംഹനു വേണ്ടിയുള്ള ആഴ്സനലിന്റെ ഓഫർ തള്ളി


1. അസെൻസിയോക്കു വേണ്ടി യൂറോപ്പിൽ പോരാട്ടം മുറുകുന്നു
റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോക്കു വേണ്ടി യൂറോപ്പിൽ പോരാട്ടം മുറുകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ എന്നീ ക്ലബുകൾ സ്വന്തമാക്കാൻ ശ്രമം നടത്തുന്ന താരത്തിനായി ഇപ്പോൾ മുന്നിലുള്ളത് എസി മിലാനാണെന്ന് കൊറേറോ ഡെല്ലോ സ്പോർട്ട് റിപ്പോർട്ടു ചെയ്തു. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയുമെന്നതിനാൽ അസെൻസിയോ മിലൻറെ ഓഫർ പരിഗണിക്കാൻ സാധ്യതയുണ്ട്.
2. ഒസിംഹനു വേണ്ടിയുള്ള ആഴ്സണലിന്റെ ഓഫർ തള്ളി
വിക്റ്റർ ഒസിംഹനു വേണ്ടി ആഴ്സണൽ മുന്നോട്ടു വെച്ച ഓഫർ നാപ്പോളി നിരസിച്ചുവെന്ന് ഇൽ മാറ്റിനോ വെളിപ്പെടുത്തി. നൈജീരിയൻ സ്ട്രൈക്കർക്കായി അൻപത്തിരണ്ടു മില്യൺ പൗണ്ടോളം ആഴ്സണൽ വാഗ്ദാനം ചെയ്തെങ്കിലും സീരി എ ക്ലബ് അതു നിഷേധിക്കുകയായിരുന്നു.
3. ഹക്കിമിയിൽ ചെൽസിക്ക് താൽപര്യം
പിഎസ്ജി ഫുൾബാക്കായ അഷ്റഫ് ഹക്കിമിക്കു വേണ്ടി ചെൽസി രംഗത്തുണ്ടെന്ന് കോട്ട്ഓഫ്സൈഡ് റിപ്പോർട്ടു ചെയ്യുന്നു. 2021 സമ്മറിൽ താരത്തിനായി ചെൽസി ശ്രമം നടത്തിയെങ്കിലും മൊറോക്കൻ താരത്തെ ഇന്ററിൽ നിന്നും പിഎസ്ജിയാണ് സ്വന്തമാക്കിയത്.
4. ടവാരസിനെ സ്വന്തമാക്കാൻ മാഴ്സ
ആഴ്സണൽ ഫുൾബാക്കായ നുനോ ടവാരസിനെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബായ മാഴ്സ ശ്രമം നടത്തുന്നുണ്ടെന്ന് ദി സൺ വെളിപ്പെടുത്തി. 27 വയസുള്ള താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് മാഴ്സ ശ്രമിക്കുന്നത്. ടവാരസിനെ ലോണിൽ നൽകി ആഴ്സണൽ ബൊളോഗ്നയുടെ ആരോൺ റിക്കിയെ സ്വന്തമാക്കാൻ സാധ്യതയുണ്ട്.
5. ലൂക്ക് ഡി ജോംഗ് മെക്സിക്കോയിലെത്താൻ സാധ്യത
ബാഴ്സലോണയിൽ ലോൺ കരാറിൽ കളിച്ചിരുന്ന സെവിയ്യ താരം ലൂക്ക് ഡി ജോങിനെ സ്വന്തമാക്കാൻ മെക്സിക്കൻ ക്ലബായ ടോളുക്ക രംഗത്തുണ്ടെന്ന് ജോസ് മാന്വൽ ഗാർസിയയെ അധികരിച്ച് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തി. കവാനിയിലും ക്ലബിന് താൽപര്യമുണ്ടെങ്കിലും താരം യൂറോപ്പിൽ തുടരാനാണ് താൽപര്യപ്പെടുന്നത്.
6. ഡി മരിയക്ക് പകരക്കാരൻ ബ്രസീലിയൻ താരം നേരസ്
ഏഞ്ചൽ ഡി മരിയ ക്ലബ്ബിലേക്ക് വരാനുള്ള സാധ്യത മങ്ങിയതിനാൽ ബ്രസീലിയൻ താരം ഡേവിഡ് നെരസിനെ സ്വന്തമാക്കാൻ യുവന്റസ് ശ്രമം നടത്തുന്നു. കാൽസിയോ മെർകാടോ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം താരത്തിന്റെ പ്രതിനിധികളെ യുവന്റസ് ബന്ധപ്പെട്ടിട്ടുണ്ട്. ഡി മരിയ ബാഴ്സയിൽ എത്താനാണ് സാധ്യത.
7. നാപ്പോളി താരം മെർട്ടൻസിനെ റോമക്ക് വേണം
നാപ്പോളിയുടെ ബെൽജിയൻ താരം ഡ്രൈസ് മെർട്ടൻസിനെ റോമ സ്വന്തമാക്കാൻ ശ്രമം നടത്തുന്നതായി കൊറേറോ ഡെല്ലോ സ്പോർട്ട് റിപ്പോർട്ടു ചെയ്തു. നാപ്പോളിയുമായി കരാർ പുതുക്കാൻ താൽപര്യമില്ലാത്ത താരത്തിനായി ലാസിയോയും രംഗത്തുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.