ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഫെല്ലെയ്‌നി പ്രീമിയർ ലീഗിലേക്ക് മടങ്ങി വന്നേക്കും, ബ്രസീലിയൻ താരത്തെ തിരിച്ചു വിളിച്ച് ചെൽസി


1. ഫെല്ലെയ്‌നിയെ ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്നു
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ താരമായ മൗറാനെ ഫെല്ലെയ്‌നി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധ്യത. ഇംഗ്ലണ്ടിലെ പുതിയ സാമ്പത്തിക ശക്തികളായ ന്യൂകാസിൽ യുണൈറ്റഡ് മുപ്പത്തിനാലുകാരനായ ബെൽജിയൻ താരത്തെ ലക്ഷ്യമിടുന്നുണ്ടെന്ന് ഡിഎച്ച്നെറ്റ് റിപ്പോർട്ടു ചെയ്‌തു. നിലവിൽ ചൈനീസ് ലീഗിലാണ് ഫെല്ലെയ്‌നി കളിക്കുന്നത്.
2. കെന്നഡിയെ തിരിച്ചു വിളിച്ച് ചെൽസി
ഫ്‌ളമങ്ങോയുമായുള്ള ബ്രസീലിയൻ താരമായ കെന്നഡിയുടെ ലോൺ കരാർ ഒഴിവാക്കി താരത്തെ ചെൽസി തിരിച്ചു വിളിച്ചുവെന്ന് ഗോളിന്റെ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എന്നാൽ ഇരുപത്തിനാലുകാരനായ താരം ടുഷെലിനു കീഴിൽ കളിക്കാനുള്ള സാധ്യത കുറവാണ്. താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് ലോണിൽ വിടാനാണ് ചെൽസിയുടെ പദ്ധതി.
3. ന്യൂകാസിൽ യുണൈറ്റഡ് സ്‌ട്രൈക്കറെ സ്വന്തമാക്കി
ബേൺലി സ്‌ട്രൈക്കറായ ക്രിസ് വുഡിനെ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കി. മുപ്പതുകാരനായ ന്യൂസിലാൻഡ് താരം രണ്ടര വർഷത്തെ കരാറിലാണ് ന്യൂകാസിലിൽ എത്തിയത്. പുതിയ ഉടമകളുടെ കീഴിൽ പ്രീമിയർ ലീഗിലെ പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ന്യൂകാസിലിന്റെ രണ്ടാമത്തെ സൈനിങാണ് ക്രിസ് വുഡ്.
4. ഗാബിഗോളിൽ വെസ്റ്റ് ഹാമിനു താൽപര്യം
ബ്രസീലിയൻ മുന്നേറ്റനിര താരമായ ഗാബിഗോളിനെ പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം നോട്ടമിടുന്നുണ്ടെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്‌തു. നിലവിൽ ഫ്ളാമംഗോയിൽ കളിക്കുന്ന താരത്തെ ഒന്നര വർഷത്തെ ലോൺ കരാറിലാണ് വെസ്റ്റ് ഹാം സ്വന്തമാക്കാൻ ശ്രമിക്കുന്നത്. പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ താരത്തിനും താൽപര്യമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
5. ഡീഗോ കാർലോസിനു വേണ്ടിയുള്ള ഓഫർ നിരസിച്ച് സെവിയ്യ
സെവിയ്യയുടെ പ്രതിരോധതാരമായ ഡീഗോ കാർലോസിനു വേണ്ടിയുള്ള ന്യൂകാസിൽ യുണൈറ്റഡിന്റെ ഓഫർ സെവിയ്യ നിരസിച്ചുവെന്ന് മാർക്ക റിപ്പോർട്ടു ചെയ്‌തു. ഇരുപത്തിയഞ്ചു മില്യൺ യൂറോ ബ്രസീലിയൻ താരത്തിനായി ന്യൂകാസിൽ വാഗ്‌ദാനം ചെയ്‌തുവെങ്കിലും 80 മില്യൺ റിലീസ് ക്ളോസുള്ള ഡീഗോയെ വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് സെവിയ്യ.
6. ഡെമിറിന്റെ ലോൺ കരാർ അവസാനിപ്പിച്ച് ബാഴ്‌സലോണ
ഓസ്ട്രിയൻ താരമായ യൂസഫ് ഡെമിറിന്റെ ലോൺ കരാർ അവസാനിപ്പിച്ച് ബാഴ്‌സലോണ. കഴിഞ്ഞ സമ്മറിൽ റാപിഡ് വിയന്നയിൽ നിന്നും ടീമിലെത്തിയ താരത്തിന് പക്ഷെ ടീമിൽ അവസരങ്ങൾ തീരെയില്ല. ഇതേത്തുടർന്നാണ് ഒരു വർഷത്തെ ലോൺ കരാർ ജനുവരിയിൽ തന്നെ അവസാനിപ്പിക്കാൻ ബാഴ്‌സ തീരുമാനിച്ചത്.
7. ഒറിഗി ലിവർപൂളിൽ തുടരുമെന്ന പ്രതീക്ഷയിൽ ക്ളോപ്പ്
ദിവോക്ക് ഒറിഗി ലിവർപൂളിൽ തന്നെ തുടരുമെന്ന പ്രതീക്ഷ വെളിപ്പെടുത്തി പരിശീലകൻ യർഗൻ ക്ളോപ്പ്. ന്യൂകാസിൽ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ക്ലബിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ പ്രതികരിക്കുമ്പോഴാണ് ക്ളോപ്പ് താരം തുടരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.