ട്രാൻസ്‌ഫർ റൗണ്ടപ്പ്: ലെവൻഡോസ്‌കിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്, സിൻചെങ്കോയെ ബാഴ്‌സ ലക്ഷ്യമിടുന്നു
By Sreejith N

1. മാർകോ അസെൻസിയോയെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണം
മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം തുടരുന്നു. ആഴ്‌സണലും താരത്തിനായി രംഗത്തുണ്ട്. റയലിൽ അവസരങ്ങൾ കുറഞ്ഞ അസെൻസിയോ ക്ലബ് വിടാൻ താല്പര്യപ്പെടുന്നുണ്ട്.
2. സിൻചെങ്കോയെ ബാഴ്‌സലോണ ലക്ഷ്യമിടുന്നു
മാഞ്ചസ്റ്റർ സിറ്റി ലെഫ്റ്റ് ബാക്കായ ഓലക്‌സാണ്ടർ സിൻചെങ്കോയെ ബാഴ്‌സലോണ ലക്ഷ്യമിടുന്നു. ചെൽസി താരം അലോൻസോയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ യുക്രൈൻ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ പദ്ധതിയെന്ന് മുണ്ടോ ഡിപോർറ്റീവോ വെളിപ്പെടുത്തി. ന്യൂകാസിൽ യുണൈറ്റഡും താരത്തിനായി രംഗത്തുണ്ട്.
3. ബേലിനെ സ്വന്തമാക്കാൻ റോമക്ക് അവസരം
റയൽ മാഡ്രിഡ് വിട്ടു ഫ്രീ ഏജന്റാവുന്ന ഗാരെത് ബേലിനെ മൗറീന്യോ പരിശീലകനായ റോമക്ക് ഓഫർ ചെയ്‌തുവെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്‌തു. മൗറീന്യോക്കു കീഴിൽ റയൽ മാഡ്രിഡിലും ടോട്ടനത്തിലും കളിച്ചിട്ടുള്ള ബേൽ 2022 ലോകകപ്പിനു തയ്യാറെടുക്കുകയാണ്.
4. ആൽവസിന് പുതിയ കരാർ ഓഫർ ചെയ്യാതെ ബാഴ്‌സലോണ
ഡാനി ആൽവസിന് ഇതുവരെയും ബാഴ്‌സലോണ പുതിയ കരാർ ഓഫർ ചെയ്‌തിട്ടില്ലെന്ന് സ്പോർട്ട് വെളിപ്പെടുത്തി. ഒരു വർഷം മാത്രമുള്ള കരാറിൽ ബാഴ്‌സലോണയിലെത്തിയ താരത്തിന് ഈ സീസൺ കൂടി ക്ലബിനൊപ്പം തുടരണമെന്നാണ് ആഗ്രഹം.
5. ലെവൻഡോസ്‌കിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്
ബാഴ്‌സലോണ ലക്ഷ്യമിടുന്ന ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്‌കിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്. റൊണാൾഡോക്ക് തുല്യമായ പ്രതിഫലം പോളിഷ് താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുമെന്ന് ദി സൺ പറയുന്നു. നിലവിൽ താരം ബാഴ്‌സയുടെ ഓഫർ മാത്രമേ പരിഗണിച്ചിട്ടുള്ളൂ.
6. എറിക്‌സനെ നിലനിർത്താമെന്ന പ്രതീക്ഷയിൽ ബ്രെന്റ്ഫോഡ്
ഡാനിഷ് താരം ക്രിസ്റ്റൻ എറിക്‌സണെ നിലനിർത്തണമെന്ന പ്രതീക്ഷ പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റഫോഡിനുണ്ടെന്ന് ബിബിസി റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ യൂറോ കപ്പിൽ ഹൃദായാഘാതം വന്നു ചികിത്സ തേടിയ എറിക്‌സൺ കളിക്കളത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം ജനുവരി മുതൽ ബ്രെന്റഫോഡിലാണ് കളിച്ചിരുന്നത്.
7. സ്റ്റെർലിങ്ങിന് ക്ലബ് വിടാനനുവാദം നൽകി മാഞ്ചസ്റ്റർ സിറ്റി
സ്റ്റെർലിങ്ങിന് മാഞ്ചസ്റ്റർ സിറ്റി വിടാൻ ആഗ്രഹമുണ്ടെങ്കിൽ സിറ്റി അതിനു തടസം നിൽക്കില്ലെന്ന് ഫുട്ബാൾ ലണ്ടൻ റിപ്പോർട്ടു ചെയ്‌തു. ചെൽസിക്ക് താൽപര്യമുള്ള താരത്തെ മികച്ച ഓഫർ ലഭിച്ചാൽ വിൽക്കാമെന്ന നിലപാടാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.