ട്രാൻസ്‌ഫർ റൗണ്ടപ്പ്: ലൂക്കാസ് ഡീന്യേ ആസ്റ്റൺ വില്ലയിലെത്തി, ബ്രൈറ്റൻ റൈറ്റ് ബാക്കിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്
By Sreejith N

1. ലൂക്കാസ് ഡീന്യേയെ സ്വന്തമാക്കി ആസ്റ്റൺ വില്ല
എവർട്ടൺ ലെഫ്റ്റ് ബാക്കായ ലൂക്കാസ് ഡീന്യേ ആസ്റ്റൺ വിലയിലേക്ക് ചേക്കേറി. 25 മില്യൺ പൗണ്ട് നൽകിയാണ് ഇരുപത്തിയെട്ടു വയസുള്ള ഫ്രഞ്ച് താരത്തെ ജെറാർഡ് പരിശീലകനായ ക്ലബ് സ്വന്തമാക്കിയത്. ബാഴ്‌സലോണയിൽ നിന്നും 2018ൽ എവർട്ടനിലെത്തിയെ ഡീന്യേ 127 മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ടെങ്കിലും റാഫ ബെനിറ്റസുമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്നാണ് ക്ലബ് വിടുന്നത്.
2. താരിഖ് ലാംപ്റ്റെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നു
ബ്രൈറ്റണിന്റെ റൈറ്റ് ബാക്കായ താരിഖ് ലാംപ്റ്റെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നു. ആരോൺ വാൻ ബിസാക്ക, ദീഗൊ ദാലട്ട് എന്നിവരിൽ റാങ്നിക്കിനു പൂർണമായും സംതൃപ്‌തി ഇല്ലാത്തതിനാലാണ് യുണൈറ്റഡ് പുതിയ റൈറ്റ് ബാക്കിനെ തേടുന്നതെന്നും 30 മില്യൺ താരത്തിനായി മുടക്കാൻ തയ്യാറാണെന്നും ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്‌തു.
3. ബോർഹ മയോറൽ ഗെറ്റാഫെയിലേക്ക്
റയൽ മാഡ്രിഡ് സ്‌ട്രൈക്കറായ ബോർഹ മയോറൽ ലോൺ കരാറിൽ ഗെറ്റാഫയിലേക്ക് ചേക്കേറുമെന്ന് സ്‌പാനിഷ് മാധ്യമം എഎസ് വെളിപ്പെടുത്തി. സീസണിന്റെ ആദ്യ പകുതിയിൽ റോമയിൽ ലോണിൽ കളിച്ച താരം മൗറീന്യോയുടെ ടീമിൽ ഇടം കിട്ടാതെ തിരിച്ചു വരികയായിരുന്നു.
4. ഡേവിഡ് നെരസ് അയാക്‌സ് വിടുന്നു
ബ്രസീലിയൻ മുന്നേറ്റനിര താരമായ ഡേവിഡ് നെരസ് അയാക്‌സ് വിട്ട് ഷാക്തറിലേക്ക് ചേക്കേറുന്നു. 16 മുതൽ 17 മില്യൺ യൂറോ വരെ താരത്തിനായി യുക്രൈനിയന് ക്ലബ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് ഫാബ്രിസിയോ റൊമാനോ പറയുന്നത്. 2019ൽ ചാമ്പ്യൻസ് ലീഗിൽ അവിസ്‌മരണീയ കുതിപ്പ് നടത്തിയ അയാക്‌സ് ടീമിലെ അംഗമായിരുന്നു നെരസ്.
5. കിങ്‌സ്‌ലി കോമാൻ ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കി
ഫ്രഞ്ച് വിങ്ങറായ കിങ്‌സ്‌ലി കോമാൻ ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കി. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2027 വരെ ദീർഘകാലത്തേക്ക് ജർമൻ ക്ലബുമായി കരാർ പുതുക്കിയതോടെ കോമാനുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്കു കൂടിയാണ് അവസാനമായത്.
6. ഷാക്കയെ സ്വന്തമാക്കാൻ റോമ വീണ്ടും രംഗത്ത്
ആഴ്‌സണൽ മധ്യനിര താരമായ ഗ്രാനിത് ഷാക്കക്കു വേണ്ടിയുള്ള ശ്രമങ്ങൾ വീണ്ടും റോമ വീണ്ടും ആരംഭിച്ചു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ താരത്തിനായി റോമ ശ്രമം നടത്തിയിരുന്നെങ്കിലും പുതിയ കരാർ നൽകി ഗണ്ണേഴ്‌സ് ഷാക്കയെ നിലനിർത്തുകയായിരുന്നു. താരത്തിലുള്ള താൽപര്യം മൗറീന്യോ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഗസറ്റ ഡെല്ല സ്‌പോർട് വ്യക്തമാക്കുന്നത്.
7. മോഡ്രിച്ചിനെ തിരികെയെത്തിക്കാൻ സ്‌പർസിനു താൽപര്യം
റയൽ മാഡ്രിഡ് മധ്യനിര താരമായ ലൂക്ക മോഡ്രിച്ചിനെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ ടോട്ടനം ഹോസ്‌പറിനു താൽപര്യമുണ്ടെന്ന് ഫിഷാജെസ് റിപ്പോർട്ട് ചെയ്‌തു. ഈ സീസണോടെ കരാർ അവസാനിക്കുന്ന മുപ്പത്തിയാറുകാരനായ താരം അത് ഒരു വർഷത്തേക്ക് കൂടി പുതുക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചു പോകാനുള്ള സാധ്യത തള്ളാൻ കഴിയില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.