ട്രാൻസ്‌ഫർ റൗണ്ടപ്പ്: നെവസും ടിലെമാൻസും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ, ചെൽസി കൂളിബാളിയെ സ്വന്തമാക്കുന്നു
By Sreejith N

1. നെവാസിനെയും ടീലെമാൻസിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നു
ബാഴ്‌സലോണ താരമായ ഫ്രാങ്കീ ഡി ജോംഗിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ വോൾവ്‌സ് താരമായ റൂബൻ നെവസ്, ലൈസ്റ്റർ സിറ്റി താരമായ യൂറി ടിലെമാൻസ് എന്നിവരിൽ ഒരാളെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. നേരത്തെയും ഈ താരങ്ങൾക്കു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നെങ്കിലും എറിക് ടെൻ ഹാഗ് എത്തിയതോടെ ശ്രദ്ധ ഡി ജോങിലേക്ക് തിരിയുകയായിരുന്നു.
2. ചെൽസി കൂളിബാളിയെ സ്വന്തമാക്കുന്നു
കൊറേറോ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം നാപ്പോളി താരമായ കലിഡു കൂളിബാളിയെ ചെൽസി സ്വന്തമാക്കുന്നു. രണ്ടു പ്രതിരോധതാരങ്ങൾ ഫ്രീ ഏജന്റായി ക്ലബ് വിട്ട ഒഴിവിലേക്കു പുതിയ താരങ്ങളെ എത്തിക്കേണ്ട ചെൽസി സെനഗൽ താരവുമായി ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
3. സ്റ്റെർലിങ് ചെൽസി മെഡിക്കൽ പൂർത്തിയാക്കുന്നു
റഹീം സ്റ്റെർലിങ് ചെൽസിയിലേക്ക് ചേക്കേറുന്നതിനു മുന്നോടിയായുള്ള മെഡിക്കൽ പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നതായി ദി സൺ റിപ്പോർട്ടു ചെയ്യുന്നു. അമ്പതു മില്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിര താരത്തെ ചെൽസി ടീമിന്റെ ഭാഗമാകുന്നത്.
4. എറിക്‌സൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സൈനിങ് ക്രിസ്റ്റ്യൻ എറിക്‌സൺ ആയിരിക്കുമെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ഫ്രീ ഏജന്റായ ഡെന്മാർക്ക് താരം ഈയാഴ്‌ച തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മെഡിക്കൽ പൂർത്തിയാക്കാനാണ് സാധ്യത.
5. നോർവിച്ച് സിറ്റി ക്ലബ് റെക്കോർഡ് ട്രാൻസ്‌ഫറിനൊരുങ്ങുന്നു
ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്‌ഫർ ഡീലിന് നോർവിച്ച് സിറ്റി ഒരുങ്ങുന്നതായി ദി മിറർ വെളിപ്പെടുത്തി. സാവോ പോളോയുടെ ബ്രസീലിയൻ താരമായ ഗബ്രിയേൽ സാറയെയാണ് നോർവിച്ച് സ്വന്തമാക്കുന്നത്. 11.5 മില്യൺ യൂറോ പൗണ്ട് നോർവിച്ച് വാഗ്‌ദാനം ചെയ്‌ത താരത്തിനായി വെസ് ബ്രോം, എഫ്‌സി ഡള്ളാസ് എന്നിവരും ശ്രമം നടത്തുന്നുണ്ട്.
6. ഡിസി യുണൈറ്റഡ് പരിശീലകനാവാൻ സമ്മതം മൂളി വെയ്ൻ റൂണി
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി അമേരിക്കൻ ക്ലബായ ഡിസി യുണൈറ്റഡ് പരിശീലകനാവാൻ സമ്മതം മൂളിയെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്യുന്നു. ഡെർബി കൗണ്ടി പരിശീലകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് തന്റെ മുൻ ക്ലബായ ഡിസി യുണൈറ്റഡിന്റെ മാനേജരാവാൻ ഒരുങ്ങുന്നത്.
7. ഡി ലൈറ്റിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത്
യുവന്റസ് താരമായ മാത്തിയാസ് ഡി ലൈറ്റിനായി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ടെന്ന് ടുട്ടോ യുവേ റിപ്പോർട്ടു ചെയ്യുന്നു. സമ്മറിൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്ന നെതർലാൻഡ്‌സ് താരത്തിനു വേണ്ടി ബയേൺ മ്യൂണിക്ക്, ചെൽസി എന്നിവരും സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.