ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡാർവിൻ നുനസ് ലിവർപൂളിലേക്ക്, ഗാവി ബാഴ്‌സലോണ കരാർ പുതുക്കുന്നതിനരികെ
By Sreejith N

1. ഡാർവിൻ നുനസ് ലിവർപൂളിലേക്ക്
ബെൻഫിക്ക മുന്നേറ്റനിര താരമായ ഡാർവിൻ നുനസിനെ ലിവർപൂൾ സ്വന്തമാക്കുന്നതിനരികെ. ദി ഗാർഡിയന്റെ റിപ്പോർട്ടുകൾ പ്രകാരം എൺപതു മില്യൺ യൂറോയും ഇരുപതു മില്യണിന്റെ ആഡ് ഓണുകളും അടങ്ങുന്ന കരാറൊപ്പിടാൻ താരം വാക്കാൽ സമ്മതം മൂളിക്കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയിരുന്ന താരം അഞ്ചു വർഷത്തെ കരാറാണ് ക്ലബുമായി ഒപ്പിട്ടിരിക്കുന്നത്.
2. റിച്ചാർലിസൺ ടോട്ടനത്തിലേക്ക്
ബ്രസീലിയൻ താരമായ റിച്ചാർലിസൺ എവർട്ടണിൽ നിന്നും ടോട്ടനം ഹോസ്‌പറിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന് ബ്രൂണോ ആന്ഡ്രഡ റിപ്പോർട്ടു ചെയ്‌തു. അറുപതു മില്യൺ യൂറോയാണ് താരത്തിനായി ടോട്ടനം മുടക്കാനൊരുങ്ങുന്നത്. എവർട്ടൺ വിടാനുള്ള താൽപര്യം റിച്ചാർലിസൺ ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.
3. ഗാവി ബാഴ്‌സലോണ കരാർ പുതുക്കുമെന്ന് ലപോർട്ട
മധ്യനിര താരമായ ഗാവി ബാഴ്‌സലോണ കരാർ പുതുക്കാൻ തയ്യാറെടുക്കുന്നുവെന്ന് പ്രസിഡന്റ് ലപോർട്ട അറിയിച്ചു. താരത്തിന്റെ കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും ക്ലബിൽ തുടരണമെന്നാണ് താൽപര്യമെന്നും ലപോർട്ട സ്പോർട്ടിനോട് സംസാരിക്കുമ്പോൾ അറിയിച്ചു. അമ്പതു മില്യൺ റിലീസ് ക്ലോസുള്ള താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്.
4. സ്‌കമാക്കായെ സ്വന്തമാക്കാൻ പിഎസ്‌ജി
സാസുവോളോ താരമായ ജിയാൻലൂക്ക സ്‌കമക്കയെ സ്വന്തമാക്കാൻ പിഎസ്‌ജി ഒരുങ്ങുന്നതായി ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്‌തു. ഇക്കഴിഞ്ഞ സീസണിൽ 38 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ നേടിയ ഇരുപത്തിമൂന്നു വയസുള്ള താരത്തിനായി 45 മില്യൺ യൂറോ മുടക്കാൻ പിഎസ്‌ജി തയ്യാറാണ്.
5. ലൂയിസ് സുവാരസിനായി അറ്റലാന്റ രംഗത്ത്
കരാർ അവസാനിച്ച് അത്‌ലറ്റികോ മാഡ്രിഡ് വിടാനൊരുങ്ങുന്ന യുറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസിനായി ഇറ്റാലിയൻ ക്ലബായ അറ്റലാന്റ രംഗത്തുണ്ടെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു. യൂറോപ്പിൽ തുടരാൻ താൽപര്യമുള്ള താരത്തിനായി റിവർപ്ലേറ്റ്, ഇന്റർ മിയാമി ക്ലബുകളും രംഗത്തുണ്ട്.
6. സ്‌ക്രിനിയറിനായി 100 മില്യൺ ആവശ്യപ്പെട്ട് ഇന്റർ മിലാൻ
മിലൻ സ്‌ക്രിനിയറിനായി 100 മില്യൺ ആവശ്യപ്പെട്ട് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ. പിഎസ്‌ജിയാണ് താരത്തിനായി സജീവമായി രംഗത്തുള്ളത്. ചർച്ചകൾ ഇപ്പോഴും തുടരുന്നുവെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്യുന്നു.
7. മിനാമിനോക്കായി വോൾവ്‌സ് രംഗത്ത്
ലിവർപൂൾ മുന്നേറ്റനിര താരമായ ടകുമി മിനാമിനോക്കായി വോൾവ്‌സ് രംഗത്തുണ്ടെന്ന് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്‌തു. ലിവർപൂൾ വിടാൻ തയ്യാറെടുക്കുന്ന താരത്തിനായി ഫുൾഹാം, ലീഡ്‌സ് തുടങ്ങിയ ക്ലബുകളും രംഗത്തുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.