ട്രാൻസ്‌ഫർ റൗണ്ടപ്പ്: റയലുമായി കരാർ പുതുക്കാനൊരുങ്ങി മോഡ്രിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് ഡീൻ ഹെൻഡേഴ്‌സൺ


1. റയൽ മാഡ്രിഡുമായി കരാർ പുതുക്കാൻ മോഡ്രിച്ച് ഒരുങ്ങുന്നു
റയൽ മാഡ്രിഡുമായി കരാർ പുതുക്കാൻ ക്രൊയേഷ്യൻ മധ്യനിര താരമായ ലൂക്ക മോഡ്രിച്ച് ഒരുങ്ങുന്നു. സ്‌പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം 2023 വരെ താരം റയലിൽ തുടരും. അതേസമയം താരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപര്യമുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.
2. ഡീൻ ഹെൻഡേഴ്‌സൺ ക്ലബ് വിടാൻ ആവശ്യപ്പെട്ടുവെന്ന് റാങ്നിക്ക്
ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്‌സൺ ഏതാനും ആഴ്ചകൾക്കു മുന്നേ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നു വ്യക്തമാക്കി പരിശീലകൻ റാൾഫ് റാങ്നിക്ക്. ഡി ഗിയ മികച്ച ഫോമിൽ കളിക്കുന്നതിനാൽ അവസരം കുറഞ്ഞ താരത്തിന്റെ ആവശ്യം താൻ നിരസിച്ചുവെന്നും ജർമൻ പരിശീലകൻ വ്യക്തമാക്കി.
3. അലിയെയും ദോഹർട്ടിയെയും വിൽക്കാൻ ടോട്ടനത്തിനു താൽപര്യം
ദെലെ അലിയെയും മാറ്റ് ദോഹർട്ടിയെയും ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒഴിവാക്കാൻ ടോട്ടനം ഒരുങ്ങുന്നു. രണ്ടു താരങ്ങൾക്കും കൊണ്ടെയുടെ കീഴിൽ അവസരങ്ങൾ വളരെ കുറവാണ്. ഇതേത്തുടർന്നാണ് ഇരുതാരങ്ങൾക്കും ക്ലബ് ഓഫറുകൾ ക്ഷണിക്കുന്നതെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്‌തു.
4. ബ്രോസോവിച്ചുമായി കരാർ പുതുക്കാൻ ഇന്റർ ഒരുങ്ങുന്നു
ജനുവരിയിൽ തന്നെ ബ്രോസോവിച്ചുമായി കരാർ പുതുക്കാൻ ഇന്റർ മിലാൻ ഒരുങ്ങുന്നു. ചെറിയ ചില ഉടമ്പടികളിൽ കൂടി ധാരണയിലെത്തിയാൽ പുതിയ കരാർ യാഥാർഥ്യമാകുമെന്ന് ഫാബ്രിസിയോ റൊമാനോയാണ് വ്യക്തമാക്കിയത്. നിരവധി ഓഫറുകളുണ്ടെങ്കിലും ഇന്ററിൽ തന്നെ തുടരാനാണ് താരം തീരുമാനിച്ചിരിക്കുന്നത്.
5. നെറ്റോക്ക് പകരക്കാരനെ കണ്ടെത്തി ബാഴ്‌സലോണ
റയോ വയ്യക്കാനോയുടെ സ്റ്റോൾ ദിമിത്രിയെവ്സ്കിയെ നെറ്റോയുടെ പകരക്കാരനായി ബാഴ്‌സ പരിഗണിക്കുന്നുണ്ടെന്ന് സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. അവസരങ്ങൾ കുറഞ്ഞ ബ്രസീലിയൻ താരത്തെ ഒഴിവാക്കുന്നതിലൂടെ ക്ലബിന്റെ വേതന ബിൽ കുറക്കുകയെന്നതും ബാഴ്‌സ ലക്ഷ്യമിടുന്നു.
6. കോമാൻ ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കുന്നു
കിങ്സ്ലി കോമാൻ ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കാൻ ഒരുങ്ങുകയാണെന്ന് ഗോൾ സ്ഥിരീകരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന താരം പുതിയ കരാർ ഒപ്പിടുന്നതിലൂടെ 2027 വരെ ബയേണിൽ തന്നെ തുടരും.
7. ലീഡ്‌സിൽ സാമ്പത്തികഞെരുക്കം, ജനുവരിയിൽ താരങ്ങൾ ലോണിൽ മാത്രം
ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ ലീഡ്‌സ് യുണൈറ്റഡ് ലോൺ കരാറിൽ മാത്രമേ താരങ്ങളെ സ്വന്തമാക്കൂ. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളുടെ ലംഘനം ഉണ്ടാവാതിരിക്കാനാണ് ക്ലബ് ഇത്തരമൊരു നീക്കം നടത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.