ട്രാൻസ്ഫർ റൗണ്ടപ്പ്: പരഡെസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി സ്ക്രിനിയറിലേക്ക് അടുക്കുന്നു


1. ലിയാൻഡ്രോ പരഡെസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജി മധ്യനിര താരം ലിയാൻഡ്രോ പരഡെസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നു. ഡി ജോംഗ് ക്ലബിലെത്താനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പുതിയൊരു മധ്യനിര താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നതെങ്കിലും പിഎസ്ജി ആവശ്യപ്പെടുന്ന തുകയാണ് അവർക്കു മുന്നിലുള്ള പ്രതിസന്ധി.
2. പിഎസ്ജി സ്ക്രിനിയറിലേക്ക് അടുക്കുന്നു
ഇന്റർ മിലാൻ പ്രതിരോധതാരം മിലൻ സ്ക്രിനിയറിനെ സ്വന്തമാക്കുന്നതിലേക്ക് പിഎസ്ജി അടുത്തുവെന്ന് ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. 70 മില്യൺ യൂറോയാണ് ഇരുപത്തിയേഴു വയസുള്ള താരത്തിനു വേണ്ടി ഇന്റർ മിലാൻ മുടക്കാനൊരുങ്ങുന്നത്. താരം വ്യക്തിപരമായ ധാരണയിൽ എത്തിയെന്നും റിപ്പോർട്ട് പറയുന്നു.
3. ആഴ്സണലിന് സ്കമാക്കയെ സ്വന്തമാക്കാൻ താൽപര്യമില്ല
സാസുവോളോ സ്ട്രൈക്കറായ ജിയാൻലൂക്ക സ്കമാക്കയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ആഴ്സനലിനു താത്പര്യമില്ലെന്ന് കോട്ട്ഓഫ്സൈസ് റിപ്പോർട്ടു ചെയ്യുന്നു. ഗബ്രിയേൽ ജീസസിനെ സ്വന്തമാക്കിയതോടെയാണ് സീരി എ താരത്തിലുള്ള താൽപര്യം ആഴ്സണൽ ഉപേക്ഷിച്ചത്. പിഎസ്ജിയും സ്കമക്കയെ സ്വന്തമാക്കാൻ രംഗത്തുണ്ട്.
4. ജസ്റ്റിൻ ക്ലുവർട്ടിനെ വെസ്റ്റ് ഹാം നോട്ടമിടുന്നു
വിയ്യാറയൽ താരമായ അർനാട്ട് ഡാൻജുമയെ സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ റോമ വിങ്ങറായ ജസ്റ്റിൻ ക്ലുവർട്ടിനെ പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഗസറ്റ ഡെല്ല സ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു സീസണുകൾ ലീപ്സിഗ്, നീസ് എന്നീ ക്ലബുകളിൽ ലോണിൽ കളിക്കുകയായിരുന്നു ക്ലുവർട്ട്.
5. അസെൻസിയോക്ക് ഓഫറുമായി ന്യൂകാസിൽ
ഫിഷാജസിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് താരം മാർകോ അസെൻസിയോക്ക് ന്യൂകാസിൽ യുണൈറ്റഡ് ഓഫർ സമർപ്പിച്ചു. ഇരുപത്തിയഞ്ചു മില്യൺ യൂറോയാണ് സ്പാനിഷ് താരത്തിനായി ന്യൂകാസിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്.
6. വിനീഷ്യസ് റയൽ മാഡ്രിഡ് കരാർ പുതുക്കി
വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിട്ടുവെന്ന് ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിക്കുന്നു. 2027 വരെയാണ് വിനീഷ്യസ് കരാർ ഒപ്പിട്ടതെന്നും ഏറ്റവും മികച്ച സമയം നോക്കി റയൽ മാഡ്രിഡ് അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും റൊമാനോ ട്വീറ്റ് ചെയ്തു.
7. പ്യാനിച്ചിനെ സ്പോർട്ടിങ് നോട്ടമിടുന്നു
ബാഴ്സലോണ മധ്യനിര താരം മിറാലം പ്യാനിച്ചിനെ പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് ലക്ഷ്യമിടുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമം എഎസ് വ്യക്തമാക്കി. ബാഴ്സലോണ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന താരത്തെ സ്വന്തമാക്കി അമ്പതു ശതമാനം അവകാശങ്ങൾ നേടാൻ പത്തു മില്യൺ യൂറോ നൽകാൻ സ്പോർട്ടിങ് ഒരുക്കമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.