ട്രാൻസ്ഫർ റൗണ്ടപ്പ്: ബ്രസീലിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണം, കിംപെംബയെ ചെൽസി ലക്ഷ്യമിടുന്നു


1. ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണം
അയാക്സിന്റെ ബ്രസീലിയൻ വിങ്ങറായ ആന്റണിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യമുണ്ടെന്ന് ഗോൾ വെളിപ്പെടുത്തി. താരത്തിനായി അറുപതു മില്യൺ മുടക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ താരം ട്രാൻസ്ഫർ സംബന്ധിച്ച് തീരുമാനമെടുക്കും.
2. കിംപെംബയെ ലക്ഷ്യമിട്ട് ചെൽസി
പിഎസ്ജി പ്രതിരോധതാരം പ്രെസ്നൽ കിംപെംബയെ ചെൽസി ലക്ഷ്യമിടുന്നുണ്ടെന്ന് ദി ബിൽഡ് വെളിപ്പെടുത്തി. റുഡിഗർ ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിനു പകരമാണ് ഇരുപത്തിയാറു വയസുള്ള ഫ്രഞ്ച് താരത്തെ ചെൽസി നോട്ടമിടുന്നത്.
3. ഫാൽകാവോ റയോ വയ്യകാനോയിൽ തുടരും
കൊളംബിയൻ സ്ട്രൈക്കറായ റഡാമൽ ഫാൽകാവോ ഒരു സീസണിൽ കൂടി റയോ വയ്യകാനോയിൽ തുടരുമെന്ന് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ഡേവിഡ് കൊബെനോ അറിയിച്ചു. കഴിഞ്ഞ സമ്മറിൽ സ്പെയിനിലെത്തിയ താരം 25 മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ ക്ലബിനായി നേടിയിരുന്നു.
4. ലൗടാരോക്കായി ചെൽസിയും പിഎസ്ജിയും
ഇന്റർ മിലാൻ മുന്നേറ്റനിരതാരം ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ ചെൽസി, പിഎസ്ജി എന്നീ ക്ലബുകൾ ശ്രമം നടത്തുന്നുണ്ടെന്ന് ടുട്ടോമെർകാടോവെബ് റിപ്പോർട്ടു ചെയ്തു. ലുക്കാക്കുവിനെ തിരികെയെത്തിക്കാൻ ശ്രമിക്കുന്ന ഇന്റർ മിലാൻ വിൽക്കാൻ ശ്രമിക്കുന്ന താരത്തിൽ അത്ലറ്റികോ മാഡ്രിഡിനും താൽപര്യമുണ്ട്.
5. ആർതറിനെ ആഴ്സണലിനു വേണം
കാൽസിയോമെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസിന്റെ ബ്രസീലിയൻ മധ്യനിര താരം ആർതർ മെലോക്കായി ആഴ്സണൽ വീണ്ടും ശ്രമങ്ങളാരംഭിച്ചു. യുവന്റസ് 46 മില്യൺ വിലയിട്ടിരിക്കുന്ന താരത്തെ മാർട്ടിനെല്ലി, ഗബ്രിയേൽ എന്നിവരിലൊരാളുമായി കൈമാറ്റം ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്.
6. ടീലേമാൻസിനായി ടോട്ടനവും രംഗത്ത്
ആഴ്സണൽ ലക്ഷ്യമിട്ടിരിക്കുന്ന ബെൽജിയൻ താരം യൂറി ടീലേമാൻസിനായി ടോട്ടനവും രംഗത്തു വന്നിട്ടുണ്ടെന്ന് ഗിവ്മിസ്പോർട്ട് വെളിപ്പെടുത്തി. 2023ൽ ലൈസ്റ്റർ കരാർ അവസാനിക്കുന്ന താരത്തെ കുറഞ്ഞ തുകക്ക് സ്വന്തമാക്കാൻ കഴിയുമെന്നതാണു ക്ലബുകളുടെ താൽപര്യം.
7. സെർജി റോബർട്ടോ ബാഴ്സലോണ കരാർ പുതുക്കി
ബാഴ്സലോണ താരമായ സെർജി റോബർട്ടോ ക്ലബുമായി ഒരു വർഷത്തേക്ക് കരാർ പുതുക്കി. ജൂൺ കഴിയുന്നതോടെ ഫ്രീ ഏജന്റാകുമായിരുന്ന താരം ഇതോടെ ഒരു സീസൺ കൂടി ക്ലബിനൊപ്പം തുടരും. കഴിഞ്ഞ സീസണിൽ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു താരം 12 മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.