ട്രാൻസ്‌ഫർ റൗണ്ടപ്പ്: നഥാൻ ആക്കെയെ എസി മിലാനു വേണം, പിഎസ്‌ജി താരത്തെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് ക്ലബ്
By Sreejith N

1. നഥാൻ ആക്കെയെ സ്വന്തമാക്കാൻ എസി മിലാന്റെ ശ്രമം
മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരമായ നഥാൻ ആക്കെയേ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ എസി മിലാൻ ശ്രമങ്ങൾ നടത്തുന്നു. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റു പുറത്തായ സിമോൺ ക്യേറിനു പകരക്കാരനായാണ് മിലാൻ ആക്കെയേ ലക്ഷ്യമിടുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ആക്കെയേ വിട്ടുകൊടുക്കാനുള്ള സാധ്യത കുറവാണ്.
2. അബ്‌ദു ദിയല്ലോക്കായി വെസ്റ്റ് ഹാം രംഗത്ത്
പിഎസ്‌ജി പ്രതിരോധതാരമായ അബ്‌ദു ദിയല്ലോയെ ലോണിൽ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുണൈറ്റഡ് ശ്രമിക്കുന്നു. പ്രീമിയർ ലീഗിൽ ടോപ് ഫോർ ലക്ഷ്യമിടുന്ന വെസ്റ്റ് ഹാം പിഎസ്‌ജിക്കു വേണ്ടി ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് ആർഎംസി സ്‌പോർട് ആണു റിപ്പോർട്ടു ചെയ്‌തത്.
3. ഇസ്‌കോ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ഫിയോറന്റീന
റയൽ മാഡ്രിഡ് താരമായ ഇസ്‌കോയെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് ക്ലബ് ഡയറക്റ്ററായ ഡാനിയേല പെരേര. ഇസ്‌കോയുടെ ഏജന്റ് ആരാണെന്നു പോലും തനിക്കറിയില്ലെന്നും താരത്തെ ഫിയോറെന്റീന സ്വന്തമാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
4. എൻഡോംബലെക്ക് ടോട്ടനം വിടണം
ടോട്ടനം ഹോസ്‌പറിന്റെ ഫ്രഞ്ച് മധ്യനിര താരമായ ടാങ്ങുയ് എൻഡോംബലേക്ക് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടാൻ താൽപര്യമുണ്ടെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ എഫ്എ കപ്പ് മത്സരത്തിൽ സ്വന്തം ആരാധകരിൽ നിന്നു തന്നെ കൂക്കുവിളികൾ എട്ടു വാങ്ങേണ്ടി വന്നതിനെ തുടർന്നാണ് താരം സ്‌പർസ് വിടുന്ന കാര്യം പരിഗണിക്കുന്നത്.
5. റോമ ഒലിവേരയെ സ്വന്തമാക്കുന്നതിനരികെ
പോർട്ടോ മധ്യനിര താരമായ സെർജിയോ ഒലിവേര റോമയിൽ എത്താനുള്ള സാധ്യതകൾ വർധിച്ചുവെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു. ജനുവരിയിൽ ലോണിൽ താരത്തെ സ്വന്തമാക്കാനുള്ള നീക്കമാണ് റോമ നടത്തുന്നത്. ഒരു മധ്യനിര താരത്തെ റോമ ലോണിൽ സ്വന്തമാക്കുമെന്ന് മൗറീന്യോയും സ്ഥിരീകരിച്ചു.
6. മാർഷ്യൽ സെവിയ്യയോടടുക്കുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങളില്ലാത്ത ആന്റണി മാർഷ്യൽ സ്‌പാനിഷ് ക്ലബായ സെവിയ്യയിലേക്ക് ചേക്കേറാൻ സാധ്യത വർധിക്കുന്നു. താരത്തിനായുള്ള പുതിയ ഓഫർ സെവിയ്യ നൽകിയെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ ഇടം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാർഷ്യൽ.
7. സറാബിയയെ നോട്ടമിട്ട് വിയ്യാറയൽ
സ്പോർട്ടിങ് ലിസ്ബണിൽ ലോണിൽ കളിക്കുന്ന പിഎസ്‌ജി താരം പാബ്ലോ സാറാബിയയെ സ്വന്തമാക്കാൻ ലാ ലിഗ ക്ലബായ വിയ്യാറയൽ ശ്രമിക്കുന്നതായി റെക്കോർഡ് റിപ്പോർട്ട് ചെയ്‌തു. ഈ സീസണിൽ തിളക്കമാർന്ന പ്രകടനം പോർച്ചുഗീസ് ലീഗിൽ നടത്തുന്ന താരത്തിനെ ഇരുപതു മില്യൺ യൂറോ നൽകി സമ്മറിൽ ടീമിലെത്തിക്കാനാണ് വിയ്യാറയൽ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.