ട്രാൻസ്ഫർ റൗണ്ടപ്പ്: ലെവൻഡോസ്കിക്ക് പകരക്കാരനെ കണ്ടെത്തി ബയേൺ മ്യൂണിക്ക്, പിഎസ്ജിയുടെ ഓഫർ തള്ളി സാംപ്ദോറിയ


1. ലെവൻഡോസ്കിക്ക് പകരക്കാരനെ കണ്ടെത്തി ബയേൺ മ്യൂണിക്ക്
ബയേൺ വിടാനൊരുങ്ങുന്ന റോബർട്ട് ലെവൻഡോസ്കിയുടെ പകരക്കാരനെ കണ്ടെത്തി ബയേൺ മ്യൂണിക്ക്. റെന്നെസ് സ്ട്രൈക്കറായ മാത്തിസ് ടെല്ലിനെയാണ് ജർമൻ ക്ലബ് ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. സ്പോർട്ട് വണിന്റെ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മുന്നോട്ടു വെച്ച ഏഴു മില്യണിന്റെ ഓഫർ ഫ്രഞ്ച് ക്ലബ് നിരസിച്ചിട്ടുണ്ട്.
2. സ്കമാക്കക്കു വേണ്ടിയുള്ള പിഎസ്ജിയുടെ ഓഫർ നിരസിച്ച് സാംപ്ദോറിയ
സ്കൈ സ്പോർട്ട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ജിയാൻലൂക്ക സ്കമാക്കക്കു വേണ്ടിയുള്ള പിഎസ്ജിയുടെ ഓഫർ നിരസിച്ച് സാംപ്ദോറിയ. താരത്തിനായി അമ്പതു മില്യൺ യൂറോ വേണമെന്നാണ് ഇറ്റാലിയൻ ക്ലബ് ആവശ്യപ്പെടുന്നത്.
3. എവർട്ടൺ രണ്ടു താരങ്ങളെ സ്വന്തമാക്കുന്നു
പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ രണ്ടു താരങ്ങളെ ടീമിന്റെ ഭാഗമാക്കാൻ ഒരുങ്ങുന്നു. മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം സൗത്താംപ്ടൺ താരമായ കെയ്ൽ വാൽക്കർ പീറ്റേഴ്സ്, ചെൽസി യുവതാരം ബ്രോജ എന്നിവരെയാണ് ലാംപാർഡ് മാനേജരായ ടീം സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്.
4. വെയ്ൻ റൂണി ഡിസി യുണൈറ്റഡിൽ തിരിച്ചു വരാൻ സാധ്യത
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണി തന്റെ മുൻ ക്ലബായ ഡിസി യുണൈറ്റഡിൽ തിരിച്ചെത്താൻ സാധ്യത. ഇംഗ്ലണ്ടിൽ ഡെർബി കൗണ്ടിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ റൂണി ഡിസി യുണൈറ്റഡിന്റെ മാനേജരായി എത്തുമെന്ന് ഡെയിലി മെയിൽ ആണ് റിപ്പോർട്ടു ചെയ്തത്.
5. മൗറീന്യോക്ക് സാഹയെ വേണം
ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനായ മൗറീന്യോക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ വിൽഫ്രഡ് സാഹയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ നിലവിൽ ടീമിലുള്ള താരങ്ങളെ വിറ്റാൽ മാത്രമേ റോമക്ക് സാഹയെ സ്വന്തമാക്കാൻ കഴിയൂ.
6. മെംഫിസിന്റെ ഭാവി അനിശ്ചിതത്വത്തിൽ
ബാഴ്സലോണ മുന്നേറ്റനിര താരമായ മെംഫിസ് ഡിപേയുടെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നു. മുണ്ടോ ഡീപോർടീവോ വെളിപ്പെടുത്തുന്നതു പ്രകാരം മെംഫിസിനു ബാഴ്സയിൽ തന്നെ തുടരാനാണ് താൽപര്യമെങ്കിലും റഫിന്യ, ഡെംബലെ എന്നിവർ ക്ലബിൽ തുടരുമെന്നതിനാൽ മെംഫിസിനെ ബാഴ്സ നിലനിർത്താൻ സാധ്യതയില്ല.
7. കുകുറയ്യ ബ്രൈറ്റൻ കരാർ പുതുക്കുന്നു
മാഞ്ചസ്റ്റർ സിറ്റി നോട്ടമിടുന്ന മുൻ ബാഴ്സ താരമായ മാർക് കുകുറയ്യ ബ്രൈറ്റണുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു. ദി അത്ലറ്റികിന്റെ ഡേവിഡ് ഓൺസ്റ്റീൻ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സ്പാനിഷ് താരം കരാർ പുതുക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.