ട്രാൻസ്‌ഫർ റൗണ്ടപ്പ്: റാമോസിനെ തിരിച്ചെത്തിക്കാൻ റയൽ മാഡ്രിഡ്, റൊണാൾഡോക്കായി 14 മില്യണിന്റെ ഓഫർ നൽകാൻ ചെൽസി
By Sreejith N

1. റയൽ മാഡ്രിഡിനു റാമോസിനെ വേണം
റയൽ മാഡ്രിഡ് സെർജിയോ റാമോസിനെ തിരിച്ചെത്തിക്കാൻ ഒരുങ്ങുന്നതായി ഡിഫെൻസ സെൻട്രൽ റിപ്പോർട്ടു ചെയ്യുന്നു. റയലിനു വേണ്ടി നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ താരത്തെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാൻ റയൽ മാഡ്രിഡിനു താൽപര്യം ഉണ്ടെങ്കിലും റാമോസ് പിഎസ്‌ജിയിൽ തന്നെ തുടരാനാണ് സാധ്യത.
2. റൊണാൾഡോക്കായി ഓഫർ തയ്യാറാക്കി ചെൽസി
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി ചെൽസി ആദ്യത്തെ ഓഫർ നൽകാനൊരുങ്ങുകയാണ് ഫുട്ബാൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. പതിനാലു മില്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറെടുക്കുന്ന മുപ്പത്തിയേഴു വയസുള്ള താരത്തിനു വേണ്ടി ചെൽസി ഓഫർ ചെയ്യാൻ പോകുന്നത്.
3. മൂന്നു താരങ്ങൾ ലിവർപൂൾ കരാർ പുതുക്കുന്നു
ലിവർപൂളിന്റെ മൂന്നു താരങ്ങൾ പുതിയ കരാർ ഒപ്പിടാൻ ഒരുങ്ങുന്നുവെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു. ജോ ഗോമസ്, ഡിയഗോ ജോട്ട, നബി കെയ്റ്റ എന്നിവരാണ് കരാർ ക്ലബുമായി കരാർ പുതുക്കുന്നത്. ജോ ഗോമസുമായി കരാർ പുതുക്കാൻ ധാരണയിൽ എത്തിയ ലിവർപൂൾ മറ്റു താരങ്ങളുമായി ചർച്ച നടത്തുകയാണ്.
4. അയാക്‌സ് വിടണമെന്നാവശ്യപ്പെട്ട് ലിസാൻഡ്രോ മാർട്ടിനസ്
മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ലക്ഷ്യമിടുന്ന അർജന്റീന പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസ് ക്ലബ് വിടാനുള്ള താൽപര്യം അയാക്‌സിനെ അറിയിച്ചുവെന്ന് ടോക്ക്സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. അതേസമയം താരം ഏതു പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
5. റീസ് ജെയിംസുമായി ചെൽസി കരാർ പുതുക്കുന്നു
പ്രതിരോധതാരമായ റീസ് ജെയിംസുമായി കരാർ പുതുക്കാൻ ചെൽസി തയ്യാറെടുക്കുന്നുണ്ടെന്ന് ഐന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. 2025 വരെ കരാറുള്ള ഇരുപത്തിരണ്ടു വയസുള്ള ജെയിംസിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ടെങ്കിലും താരം വമ്പൻ കരാർ ഒപ്പിട്ട് ചെൽസിയിൽ തന്നെ തുടരുമെന്ന് വ്യക്തമാണ്.
6. ടാഗ്ലിയാഫിക്കോ ലിയോണിലേക്ക്
ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ വെളിപ്പെടുത്തുന്നതു പ്രകാരം അർജന്റീന ലെഫ്റ്റ് ബാക്കായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ഫ്രഞ്ച് ക്ലബായ ലിയോണിലേക്ക് ചേക്കേറും. നാല് മില്യൺ യൂറോ ഫീസ് നൽകിയുള്ള കരാറിന് രണ്ടു ക്ലബുകളും തമ്മിൽ കരാർ ധാരണയിൽ എത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാഴ്‌സലോണയും അർജന്റീന താരത്തെ നോട്ടമിടുന്നുണ്ട്.
7. ഗ്നാബ്രിക്കായി ആഴ്‌സണലും രംഗത്ത്
മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ലക്ഷ്യമിടുന്ന സെർജിയോ ഗ്നാബ്രിക്കായി ആഴ്‌സണലും രംഗത്തുണ്ടെന്ന് സിബിഎസ് സ്പോർട്ട് വെളിപ്പെടുത്തി. ആഴ്‌സണലിൽ മുൻപ് കളിച്ചിട്ടുള്ള താരം ഈ സമ്മറിൽ ബയേൺ മ്യൂണിക്ക് വിടാനുള്ള സാധ്യത കൂടുതലാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.