ട്രാൻസ്ഫർ റൗണ്ടപ്പ്: മാനേക്ക് പകരക്കാരനായി ചെൽസി താരത്തെ ലിവർപൂൾ നോട്ടമിടുന്നു, ടോട്ടനത്തിന് ബേലിനെ വേണ്ട


1. ലിവർപൂൾ ക്രിസ്റ്റൻ പുലിസിച്ചിനെ ലക്ഷ്യമിടുന്നു
സമ്മർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയുള്ള സാഡിയോ മാനെക്ക് പകരക്കാരനായി ചെൽസി താരത്തെ ലിവർപൂൾ ലക്ഷ്യമിടുന്നു. ബ്ലൂസ് വിങ്ങറായ ക്രിസ്റ്റൻ പുലിസിച്ചിൽ ക്ലോപ്പിനു താല്പര്യമുണ്ടെന്ന് ടോഡോഫിഷാജെസ് ആണ് റിപ്പോർട്ടു ചെയ്തത്. അമ്പതു മില്യൺ യൂറോയാണ് ചെൽസി പുലിസിച്ചിനായി പ്രതീക്ഷിക്കുന്നത്.
2. ഗാരെത് ബേലിനെ സ്വന്തമാക്കാൻ ടോട്ടനത്തിനു താൽപര്യമില്ല
ജൂൺ അവസാനിക്കുന്നതോടെ റയൽ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന ഗാരത് ബേലിനായി ടോട്ടനം ഹോസ്പർ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്തു. ഇതോടെ മുപ്പത്തിരണ്ട് വയസുള്ള താരം കാർഡിഫ് സിറ്റിയിൽ എത്താനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.
3. ബെർഗ്വിന്നിനായി കൂടുതൽ പ്രീമിയർ ലീഗ് ക്ലബുകൾ
ടോട്ടനം ഹോസ്പർ താരമായ സ്റ്റീവൻ ബെർഗ്വിന്നിനായി എവർട്ടൺ, ക്രിസ്റ്റൽ പാലസ് എന്നീ രണ്ടു പ്രീമിയർ ലീഗ് ക്ലബുകൾ കൂടി രംഗത്തുണ്ടെന്ന് ഇക്രം കോനുർ അറിയിച്ചു. എന്നാൽ ഡച്ച് താരം അയാക്സിലേക്കുള്ള ട്രാൻസ്ഫർ മാത്രമാണ് പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
4. സാനിയോളക്ക് വിലയിട്ട് റോമ
നിക്കോളോ സാനിയോളക്ക് റോമ വിലയിട്ടുവെന്ന് ഇറ്റാലിയൻ ഗിയല്ലോറോസി.നെറ്റ് റിപ്പോർട്ടു ചെയ്തു. ഇരുപത്തിരണ്ടു വയസുള്ള താരത്തിന് 65 മില്യൺ യൂറോ നൽകണമെന്നാണ് റോമ പറയുന്നത്. 2024ൽ കരാർ അവസാനിക്കുന്ന താരത്തിനു വേണ്ടി ഇന്റർ, യുവന്റസ്, മിലാൻ എന്നിവർ രംഗത്തുണ്ട്.
5. റെനാറ്റോ സാഞ്ചസിനായി മിലാൻ
പോർച്ചുഗീസ് മധ്യനിര താരമായ റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാൻ എസി മിലാൻ ശ്രമം നടത്തുന്നതായി ഫാബ്രിസിയോ റൊമാനോ പറയുന്നു. ലില്ലെ താരത്തെ അടുത്ത സമ്മറിലെ പ്രധാന സൈനിങായാണ് മിലാൻ കണക്കാക്കുന്നത്. സ്റ്റീവൻ ബോട്ട്മാന്റെ കാര്യത്തിലും ലില്ലെ-മിലാൻ ചർച്ചകൾ നടക്കുന്നുണ്ട്.
6. നാഹ്വൽ മോളിന യുഡിനസ് വിട്ടേക്കും
അർജന്റീന ഫുൾ ബാക്കായ നാഹ്വൽ മോളിന യുഡിനസ് വിടാനുള്ള സാധ്യതയുണ്ടെന്ന് ടുട്ടോസ്പോർട്ടിനെ അടിസ്ഥാനമാക്കി മുണ്ടോ ആൽബിസെലെസ്റ്റെ പറയുന്നു. യുവന്റസ്, ടോട്ടനം ഹോസ്പർ, ആഴ്സണൽ, അത്ലറ്റികോ മാഡ്രിഡ് എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്.
7. ഇബ്രാഹിമോവിച്ച് മിലാനുമായി കരാർ പുതുക്കിയേക്കും
സ്വീഡിഷ് സ്ട്രൈക്കറായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എസി മിലാനുമായി കരാർ പുതുക്കാൻ സാധ്യത. താരവും ക്ലബും തമ്മിൽ ചർച്ചകൾ ഉടനെ ആരംഭിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. പരിക്കു മൂലം ഏഴു മാസത്തോളം പുറത്തിരിക്കുമെന്നുറപ്പുള്ള താരം പുതിയ കരാറൊപ്പിടാൻ തന്റെ പ്രതിഫലം കുറക്കാൻ തയ്യാറാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.