ട്രാൻസ്‌ഫർ റൗണ്ടപ്പ്: പോഗ്ബക്ക് വലിയ വാഗ്‌ദാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്, കോമൻ ബയേണുമായി കരാർ പുതുക്കാനൊരുങ്ങുന്നു
By Sreejith N

1. കരാർ പുതുക്കാൻ പോഗ്ബക്ക് വമ്പൻ വാഗ്‌ദാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന പോൾ പോഗ്ബക്ക് കരാർ പുതുക്കാൻ വമ്പൻ വാഗ്‌ദാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം ആഴ്‌ചയിൽ അഞ്ചു ലക്ഷം പൗണ്ടാണ് ഫ്രഞ്ച് താരത്തിനായി യുണൈറ്റഡ് ഓഫർ ചെയ്‌തിരിക്കുന്നത്. കരാർ നിലവിൽ വന്നാൽ പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി പോഗ്ബ മാറും.
2. കിങ്സ്ലി കോമാൻ ബയേണുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു
ടെലിഫൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡ് കൂമാൻ ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു. താരം ക്ലബ് വിടുകയാണെങ്കിൽ ബയേൺ മ്യൂണിക്ക് ബാഴ്‌സലോണ താരമായ ഡെംബലെയെ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് കോമാൻ കരാർ പുതുക്കാനുള്ള സാധ്യത തെളിയുന്നത്.
3. ഒറിഗിക്കു താൽപര്യം പ്രീമിയർ ലീഗിൽ തുടരാൻ
ലിവർപൂൾ മുന്നേറ്റനിര താരമായ ദിവോക്ക് ഒറിഗിക്ക് പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് താൽപര്യമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. ഇറ്റാലിയൻ ക്ലബുകൾ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനും ഒറിഗിയിൽ താൽപര്യമുണ്ട്.
4. വില്ലി കബയറോ സൗത്താംപ്റ്റനുമായി കരാർ പുതുക്കി
അർജന്റീനിയൻ ഗോൾകീപ്പറായ വില്ലി കബയറോ പ്രീമിയർ ലീഗ് ക്ലബായ സൗത്താംപ്റ്റനുമായി കരാർ പുതുക്കി. ഈ സീസണിന്റെ അവസാനം വരെയാണ് നാൽപതു വയസുള്ള താരം സൗത്താംപ്ടണിൽ തുടരുക. മക്കാർത്തി, ഫോർസ്റ്റർ എന്നിവരുടെ പരിക്കിനെ തുടർന്നാണ് കബയറോയെ നിലനിർത്താൻ സെയിന്റ്സ് തീരുമാനിച്ചത്.
5. മൈക്കൽ അന്റോണിയോ വെസ്റ്റ് ഹാമുമായി കരാർ പുതുക്കുന്നു
ജമൈക്കൻ സ്‌ട്രൈക്കറായ മൈക്കൽ അന്റോണിയോ വെസ്റ്റ് ഹാം യുണൈറ്റഡുമായി കരാർ പുതുക്കാൻ സമ്മതം മൂളിയെന്ന ദി സൺ റിപ്പോർട്ടു ചെയ്‌തു. 2025 വരെയാണ് താരം കരാർ പുതുക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സീസണിൽ വെസ്റ്റ് ഹാമിന്റെ കുതിപ്പിനു പിന്നിലെ നിർണായക സാന്നിധ്യമാണ് മൈക്കൽ അന്റോണിയോ.
6. റൂബൻ നെവസിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
വോൾവ്‌സ് മധ്യനിര താരമായ റൂബൻ നെവസിനെ ജനുവരിയിൽ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെന്ന് ഫിഷാജെസ് റിപ്പോർട്ടു ചെയ്യുന്നു. പോൾ പോഗ്ബക്ക് പരിക്കേറ്റതിനെ തുടർന്ന് മധ്യനിരയിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നതിന്റെ ഭാഗമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗീസ് താരത്തെ നോട്ടമിട്ടിരിക്കുന്നത്.
7. നഥാനിയൽ ഫിലിപ്‌സിനു വേണ്ടിയുള്ള ഓഫർ നിരസിച്ച് ലിവർപൂൾ
നഥാനിയൽ ഫിലിപ്‌സിനെ സ്വന്തമാക്കാൻ വേണ്ടിയുള്ള ഓഫർ ലിവർപൂൾ നിരസിച്ചു. ഒരു പ്രീമിയർ ലീഗ് ക്ലബിൽ നിന്നു തന്നെയുള്ള ഏഴു മില്യൺ യൂറോയുടെ ഓഫറാണ് ലിവർപൂൾ നിരസിച്ചതെന്ന് ഡെയിലി മെയിൽ വ്യക്തമാക്കി. അതിന്റെ ഇരട്ടി തുകയാണ് താരത്തിനായി ലിവർപൂൾ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.