ട്രാൻസ്ഫർ റൗണ്ടപ്പ്: യുവന്റസ് രണ്ടു താരങ്ങളെ സ്വന്തമാക്കുന്നു, പുതിയ സ്ട്രൈക്കറെ നോട്ടമിട്ട് ബയേൺ മ്യൂണിക്ക്


1. പോഗ്ബയും ഡി മരിയയും യുവന്റസിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എന്നീ ക്ലബുകളുമായുള്ള കരാർ അവസാനിച്ച പോഗ്ബ, ഡി മരിയ എന്നീ താരങ്ങളെ യുവന്റസ് സ്വന്തമാക്കുന്നതിന്റെ തൊട്ടടുത്താണെന്ന് ഗോൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ട്രാൻസ്ഫർ പൂർത്തിയാകുന്നതോടെ യൂറോപ്പിലെ ഏതൊരു ക്ലബുമായും പൊരുതാനുള്ള കരുത്ത് യുവന്റസ് ആർജ്ജിച്ചിട്ടുണ്ട്.
2. ലെവൻഡോസ്കിക്കു പകരക്കാരനെ കണ്ടെത്തി ബയേൺ മ്യൂണിക്ക്
റോബർട്ടോ ലെവൻഡോസ്കിക്കു പകരക്കാരനെ കണ്ടെത്തി ബയേൺ മ്യൂണിക്ക്. കൊറേറോ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം നാപ്പോളി താരമായ വിക്ടർ ഒസിംഹനെയാണ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. നാപ്പോളിക്കായി 51 ലീഗ് മത്സരങ്ങളിൽ നിന്നും 24 ഗോളുകൾ നേടിയ താരമാണ് ഒസിംഹൻ.
3. ഫ്രാങ്ക് കെസീയെ അവതരിപ്പിച്ച് ബാഴ്സലോണ
എസി മിലാനിൽ താരമായിരുന്ന ഫ്രാങ്ക് കെസിയെ സ്വന്തമാക്കി ആരാധകർക്കു മുന്നിൽ അവതരിപ്പിച്ച് ബാഴ്സലോണ. 25 വയസുള്ള താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സലോണ സ്വന്തമാക്കിയത്. 2026 വരെയാണ് ഐവറി കോസ്റ്റ് താരം കരാർ ഒപ്പിട്ടിരിക്കുന്നത്.
4. ജോർജിന്യോ ചെൽസി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു
ഇറ്റാലിയൻ മധ്യനിര താരമായ ജോർജിന്യോ ചെൽസി കരാർ പുതുക്കാൻ തയ്യാറെടുക്കുന്നു. ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും ഇറ്റലിക്ക് യൂറോ കിരീടവും സ്വന്തമാക്കി നൽകാൻ നിർണായക പങ്കു വഹിച്ച താരത്തിന്റെ ഏജന്റ് ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലാണെന്ന് ഗോൾ റിപ്പോർട്ടു ചെയ്യുന്നു.
5. ഇബ്രാഹിമോവിച്ച് മിലാനിൽ തന്നെ തുടരും
സ്വീഡിഷ് സ്ട്രൈക്കറായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബായ എസി മിലാനിൽ തുടരും. ഒരു വർഷത്തേക്കു കൂടി ഇബ്രാഹിമോവിച്ച് മിലാനിൽ തുടരുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു. മിലാനിൽ തുടരാൻ താരം പ്രതിഫലം വെട്ടിക്കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ.
6. ആന്ദ്രെസ് പെരേര ഫുൾഹാമിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആന്ദ്രെസ് പെരേര ഫുൾഹാമിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നു. പത്തു മില്യൺ യൂറോയും മൂന്നു മില്യൺ ആഡ് ഓണുകളും അടങ്ങുന്ന കരാറാണ് പെരേര ഫുൾഹാമുമായി ഒപ്പിട്ടതെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു.
7. ബാഴ്സ താരത്തിനായി രണ്ടു ക്ലബുകൾ രംഗത്ത്
ബാഴ്സലോണ പ്രതിരോധതാരമായ ഓസ്കാർ മിൻഗുയെസയെ സ്വന്തമാക്കാൻ രണ്ടു ക്ലബുകൾ രംഗത്തുണ്ടെന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു. സാവി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന താരത്തിനു വേണ്ടി ജിറോണ, മോൻസ എന്നീ ക്ലബുകളാണ് രംഗത്തുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.