ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡി മരിയക്കായി ബാഴ്‌സലോണ രംഗത്ത്, ലിവർപൂൾ താരം കരാർ പുതുക്കി
By Sreejith N

1. ഏഞ്ചൽ ഡി മരിയക്കായി ബാഴ്‌സലോണ രംഗത്ത്
പിഎസ്‌ജി കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നു. യുവന്റസും താരത്തിനായി രംഗത്തുണ്ടെങ്കിലും സ്പെയിനിൽ കളിക്കാനാണ് അർജന്റീന താരത്തിന് താത്പര്യമെന്ന് റെലെവോ റിപ്പോർട്ടു ചെയ്യുന്നു. രണ്ടു കക്ഷികൾക്കും ട്രാൻസ്‌ഫറിൽ താൽപര്യമുണ്ട്.
2. ജെയിംസ് മിൽനർ ലിവർപൂൾ കരാർ പുതുക്കി
ജെയിംസ് മിൽനർ ലിവർപൂളുമായി കരാർ പുതുക്കി. മുപ്പത്തിയാറു വയസുള്ള താരം ഒരു വർഷത്തെ കരാറാണ് ലിവർപൂളുമായി ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിൽ കൂടുതലും പകരക്കാരനായി ഇറങ്ങിയ താരം 39 മത്സരങ്ങളിൽ കളിച്ച് ലിവർപൂളിന്റെ രണ്ടു കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു.
3. സിൻചെങ്കൊക്കായി ആഴ്‌സണലും വെസ്റ്റ് ഹാമും
മാഞ്ചസ്റ്റർ സിറ്റി ഫുൾ ബാക്കായ ഓലക്‌സാണ്ടർ സിൻചെങ്കോയെ സ്വന്തമാക്കാൻ ആഴ്‌സണൽ, വെസ്റ്റ് ഹാം എന്നീ ക്ലബുകൾ രംഗത്തുള്ളതായി സ്റ്റാൻഡേർഡ് സ്പോർട്ട് റിപ്പോർട്ടു ചെയ്‌തു. യുക്രൈൻ താരമായ സിൻചെങ്കോ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ക്ലബ്ബിലേക്ക് ചേക്കേറുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
4. വൈനാൾഡത്തിനു പിഎസ്‌ജിയിൽ തുടരണം
ഡച്ച് മധ്യനിര താരമായ ജോർജിനിയോ വൈനാൾഡത്തിന് അടുത്ത സീസണിലും പിഎസ്‌ജിയിൽ തന്നെ തുടരാനാണ് താൽപര്യമെന്ന് കോട്ട്ഓഫ്‌സൈഡ് റിപ്പോർട്ടു ചെയ്യുന്നു. പിഎസ്‌ജി പരിശീലകനായി ആരെത്തുമെന്ന് നോക്കി ഭാവിയെക്കുറിച്ച് തീരുമാനം എടുക്കാനാണ് താരം ഒരുങ്ങുന്നത്.
5. മാർകോസ് സെനേസിയെ സെവിയ്യ ലക്ഷ്യമിടുന്നു
ഫെയനൂർദിന്റെ അർജന്റീന പ്രതിരോധതാരമായ മാർകോസ് സെനെസിയെ സെവിയ്യ ലക്ഷ്യമിടുന്നു. ആസ്റ്റൺ വില്ല സ്വന്തമാക്കിയ ബ്രസീലിയൻ താരം ഡീഗോ കാർലോസിനു പകരമാണ് സെനേസിയെ സെവിയ്യ പരിഗണിക്കുന്നതെന്ന് മാറ്റിയോ മൊറേറ്റോ റിപ്പോർട്ടു ചെയ്‌തു. സീസണിൽ ഫെയനൂർദിനൊപ്പം മികച്ച പ്രകടനമാണ് സെനേസി നടത്തിയത്.
6. ബാഴ്‌സലോണ താരം ജുഗ്‌ള ബെൽജിയൻ ക്ലബ്ബിലേക്ക്
ബാഴ്‌സലോണ സ്‌ട്രൈക്കറായ ഫെറൻ ജുഗ്‌ള ബെൽജിയൻ ക്ലബായ ബ്രുഗേയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു. ആറു മില്യൺ യൂറോ ഫീസിനു പുറമെ ആഡ് ഓണുകളും ഉൾപ്പെടുന്ന കരാറാണ് ഒപ്പിടുകയെന്നും ഭാവിയിൽ വിൽക്കുമ്പോൾ പത്തു ശതമാനം ബാഴ്‌സക്ക് ലഭിക്കുമെന്നും ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.
7. അൽവാരോ മൊറാട്ടക്കായി ന്യൂകാസിൽ യുണൈറ്റഡ്
യുവന്റസ് സ്‌ട്രൈക്കറായ അൽവാരോ മൊറാട്ടയെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം നടത്തുന്നുവെന്ന് കാൽസിയോമെർകാടോ റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സീസണിൽ യുവന്റസിൽ ലോണിൽ കളിച്ച താരത്തെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡിനും താൽപര്യമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.