ട്രാൻസ്‌ഫർ റൗണ്ടപ്പ്: ടുഷെലിനു റൊണാൾഡോയിൽ താൽപര്യമില്ല, ബാഴ്‌സലോണ താരം പ്രീമിയർ ലീഗിലേക്ക്
By Sreejith N

1. തോമസ് ടുഷെലിനു റൊണാൾഡോയിൽ താൽപര്യമില്ല
ചെൽസി പരിശീലകനായ തോമസ് ടുഷെലിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമില്ലെന്ന് ദി സൺ റിപ്പോർട്ടു ചെയ്യുന്നു. ക്ലബ് വിടണമെന്ന് റൊണാൾഡോ നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെ താരം ചേക്കേറാൻ സാധ്യതയുള്ള ക്ലബായി അഭ്യൂഹങ്ങളിൽ നിറയുന്നത് ചെൽസിയാണെങ്കിലും ടുഷെൽ റൊണാൾഡോയെ പരിഗണിക്കുന്നില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2. ലെങ്ലെറ്റ് ടോട്ടനത്തിലേക്കടുക്കുന്നു
ബാഴ്‌സലോണ പ്രതിരോധതാരമായ ക്ലമന്റ് ലെങ്ലറ്റ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പേറിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിലാണെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നു. ക്ലബുകൾ തമ്മിലും താരവുമായും കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തി അവസാനഘട്ട ചർച്ചകളിലേക്ക് കടക്കുകയാണ്.
3. ചെൽസിക്ക് പവാർദിനെ വേണം
ബയേൺ മ്യൂണിക്കിന്റെ ഫ്രഞ്ച് പ്രതിരോധതാരമായ ബെഞ്ചമിൻ പവാർദിനെ ചെൽസിക്ക് വേണം. സ്കൈ ജർമനിയുടെ റിപ്പോർട്ടുകൾ പ്രകാരം റൈറ്റ് ബാക്കായും സെൻട്രൽ ഡിഫൻഡറായും കളിക്കാൻ കഴിയുന്ന താരത്തെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ചെൽസി സ്വന്തമാക്കാൻ നോട്ടമിടുന്നത്.
4. ക്രിസ്റ്റഫെ ഗാൾട്ടിയർ പിഎസ്‌ജി പരിശീലകൻ
പിഎസ്‌ജിയുടെ പരിശീലകനായി ക്രിസ്റ്റഫെ ഗാൾട്ടിയർ ചുമതല ഏറ്റെടുത്തു. പോച്ചട്ടിനോയെ പുറത്താക്കിയ ഒഴിവിലേക്കാണ് നീസിന്റെ മാനേജരായ ഗാൾട്ടിയർ രണ്ടു വർഷത്തെ കരാറിൽ പിഎസ്‌ജിയിൽ എത്തിയത്. 2020-21 സീസണിൽ ലില്ലെക്ക് ഫ്രഞ്ച് ലീഗ് കിരീടം നൽകിയ പരിശീലകനാണ് ക്രിസ്റ്റഫെ ഗാൾട്ടിയർ.
5. ബെൻ യെഡർക്കായി മാഞ്ചസ്റ്റർ യുണൈറ്റഡും വോൾവ്‌സും
മീഡിയഫൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മൊണോക്കോ താരമായ ബെൻ യെഡർക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. ഗോളുകൾ ഉറപ്പു നൽകാനുള്ള മുപ്പത്തിയൊന്നുകാരനായ താരത്തിന്റെ കഴിവാണ് രണ്ടു പ്രീമിയർ ലീഗ് ക്ലബുകളെയും ആകർഷിക്കുന്നത്.
6. പൗ ടോറസിനായി സ്‌പർസും രംഗത്ത്
വിയ്യാറയൽ താരമായ പൗ ടോറസിനായി ടോട്ടനം ഹോസ്‌പർ രംഗത്തുണ്ടെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനും താരത്തിൽ താൽപര്യമുണ്ടെങ്കിലും അവർ അയാക്‌സിന്റെ അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസിനാണ് കൂടുതൽ പരിഗണന നൽകുന്നത്.
7. സിയച്ചിനെ ലോണിൽ സ്വന്തമാക്കാൻ എസി മിലാൻ
ചെൽസി താരം ഹക്കിം സിയച്ചിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ എസി മിലാൻ രംഗത്ത്. ദി അത്ലറ്റികിന്റെ റിപ്പോർട്ടുകൾ പ്രകാരം ലോണിലാണ് മൊറോക്കൻ താരത്തെ സ്വന്തമാക്കാൻ മിലാൻ ഒരുങ്ങുന്നത്. അയാക്‌സിൽ നിന്നും ചെൽസിയിലെത്തിയ സിയച്ചിന് സ്ഥിരതയുള്ള പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.